Feed on
Posts
Comments

കര്‍മ്മസിദ്ധാന്തം: ഭാരതീയമായ എല്ലാ ആസ്തികദര്‍ശനങ്ങളും, മതങ്ങളും ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒന്നാണ് കര്‍മ്മസിദ്ധാന്തം. ഒരു ജീവന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ആ ജീവന്‍ വീണ്ടും വീണ്ടും വിവിധ യോനികളില്‍ ജനിക്കുന്നുവെന്നും അനേകം ജന്മങ്ങള്‍ക്കുശേഷം സ്വപ്രയത്നത്തിന്റെയും ഈശ്വരകൃപയുടെയും ഫലമായി കര്‍മ്മബന്ധത്തില്‍ നിന്നു മുക്തനായിത്തീരുന്നു എന്നുമാണ് കര്‍മ്മസിദ്ധാന്തം അനുശാസിക്കുന്നത്.

നാഭുക്തം ക്ഷീയതേ കര്‍മ്മ കല്പകോടി ശതൈരപി (കര്‍മ്മത്തിന്റെ ഫലം എത്ര കല്പങ്ങള്‍ കഴിഞ്ഞാലും അനുഭവിച്ചുതീര്‍ക്കാതെ ക്ഷയിക്കുകയില്ല) അതായത് “താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ”.

“യഥാ ധേനുസഹസ്രേഷു വത്സോ വിന്ദതി മാതരം, തഥാ പുരാ കൃതം കര്‍മ്മ കര്‍ത്താരമനുഗച്ഛതി” എന്ന വ്യാസവചനമനുസരിച്ച് “ഒരു പശുക്കുട്ടി ആയിരക്കണക്കിനു പശുക്കളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന സ്വന്തം തള്ളയെ കണ്ടെത്തി അടുത്തുചെല്ലുന്നതുപോലെ, ഒരുവന്‍ ചെയ്ത കര്‍മ്മങ്ങള്‍ പിന്തുടര്‍ന്നു വന്ന് അവനെ പിടികൂടുന്നു” എന്ന് വ്യക്തമാണ്.

മോക്ഷം എന്ന പരമപുരുഷാര്‍ത്ഥം: മേല്‍പറഞ്ഞ കര്‍മ്മബന്ധനത്തില്‍ നിന്നു മുക്തനാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യമെന്ന് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി സമ്പാദിച്ച്, ഭക്തിപൂര്‍വ്വം ഉപാസനചെയ്തും, യോഗാനുഷ്ഠാനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി, ആത്മജ്ഞാനം സമ്പാദിച്ച് ജീവന്മുക്തനായിത്തീരുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് നമ്മുടെ ശാസ്ത്രങ്ങളെല്ലാം ഐക്യകണ്ഠേന പ്രഖ്യാപിക്കുന്നു. കര്‍മ്മഭൂമിയായ ഈ ലോകത്തില്‍ ഉത്തമമായ മനുഷ്യജന്മം ലഭിച്ചിട്ടും മുക്തിക്കായി യത്നിക്കാത്തവന്‍ അത്യന്തം മൂഢനാണെന്നും ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.

ലബ്ധ്വാ കഥഞ്ചിത് നരജന്മ ദുര്‍ലഭം
തത്രാപി പുംസ്ത്വം ശ്രുതിപാരദര്‍ശനം

യസ്തു ആത്മമുക്തൗ ന യതേത മൂഢധീഃ
സ ഹ്യാത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത്
(വിവേകചൂഡാമണി 4)

“ദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചിട്ടും, ജ്ഞാനസമ്പാദനത്തിനുള്ള അവസരമുണ്ടായിട്ടും സ്വന്തം മുക്തിക്കായി പ്രയത്നിക്കാത്തവനായ മൂഢബുദ്ധിയായവന്‍ അനിത്യങ്ങളായ വസ്തുക്കളെ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത്.”

ഇഹ ചേദവേദീദഥ സത്യമസ്തി ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി (കേനോപനിഷത് 2.5)

“ഈ ജന്മത്തില്‍, ഈലോകത്തില്‍, ഈ മനുഷ്യശരീരത്തില്‍വെച്ചുതന്നെ ബ്രഹ്മത്തിനെ അറിഞ്ഞുവെങ്കില്‍ജീവിതം സത്യമായിത്തീരുന്നു, സഫലമായിത്തീരുന്നു. ഈ ജന്മത്തില്‍, ഈ മനുഷ്യശരീരത്തി‍ല്‍തന്നെ ബ്രഹ്മത്തിനെ അറിഞ്ഞിട്ടില്ലെങ്കി‍ല്‍അത് ഏറ്റവും മഹത്തായ നഷ്ടമാണ് (ജീവിതം വ്യര്‍ത്ഥമായിത്തീരുന്നു). ജ്ഞാനികള്‍ ഓരോ ജീവികളിലും പരമാത്മസ്വരൂപത്തെ ദര്‍ശിച്ചിട്ട് ഈ ലോകത്തെ ത്യജിച്ചിട്ട് അമൃതസ്വരൂപന്മാരായിത്തീരുന്നു” എന്ന് കേനോപനിഷത്തും പറയുന്നു.

ഷോഡശ സംസ്കാരങ്ങളുടെ പ്രസക്തി: മനുഷ്യനെ ഈശ്വരസാക്ഷാത്ക്കാരത്തിന് പ്രാപ്തനാക്കുക എന്നതാണ് സംസ്കാരങ്ങളുടെ ലക്ഷ്യം. സംസ്കാരങ്ങള്‍ അനവധിയുണ്ടെങ്കിലും അവയില്‍ പ്രധാനമായത് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള പതിനാറെണ്ണമാണ്. അവ ഷോഡശ സംസ്കാരങ്ങള്‍ എന്നറിയപ്പെടുന്നു. “ഷോഡശ” എന്ന പദത്തിന്റെ അര്‍ത്ഥം പതിനാറ് എന്നാണ്. മനുഷ്യന്‍ ജനിക്കുന്നത് അജ്ഞാനിയായിട്ടാണ്. വിവിധസംസ്കാരങ്ങളിലൂടെ സംസ്കരിക്കപ്പെടുന്ന അവന്‍ ഒടുവില്‍ ജ്ഞാനസമ്പാദനത്തിന് പ്രാപ്തനാകുകയും തദ്വാരാ മുക്തിനേടുകയും ചെയ്യുന്നു. ഈ സത്യമാണ് സ്കന്ദപുരാണത്തിലെ പ്രശസ്തമായ ഈ ശ്ലോകം വ്യക്തമാക്കുന്നത് “ജന്മനാ ജായതേ ശൂദ്രഃ സംസ്കാരാദ് ദ്വിജ ഉച്യതേ” (സ്കന്ദപുരാണം 6.239.31) – “മനുഷ്യന്‍ ശൂദ്രനായി ജനിക്കുന്നു. സംസ്കാരങ്ങളാല്‍ അവന്‍ ദ്വിജനായിത്തീരുന്നു.” അതായത് സംസ്കാരശൂന്യനായി ജനിക്കുന്ന ഒരു ജീവന്‍ സംസ്കാരങ്ങളിലൂടെ കടന്നുപോയി ദ്വിജനായി (രണ്ടാം ജന്മം ലഭിച്ചവനാണ് ദ്വിജന്‍. ഉപനയനത്തിനുശേഷം ഗുരുവില്‍ നിന്ന് വേദാധ്യയനത്തിനുള്ള ദീക്ഷ ലഭിക്കുമ്പോഴാണ് ഒരുവന് രണ്ടാം ജന്മം ലഭിക്കുന്നത്. അതോടെ അവന്‍ ദ്വിജനായിത്തീരുന്നു). പരമപുരുഷാര്‍ത്ഥമായ മോക്ഷം എന്ന ലക്ഷ്യത്തിനായി നിരന്തരം പ്രയത്നിക്കുവാനും, ആ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുവാനുമുള്ള ശക്തിയും പ്രേരണയും ഈ സംസ്കാരങ്ങള്‍ അവനു നല്കുന്നു. അതുകൊണ്ടു തന്നെ സംസ്കാരങ്ങള്‍ക്ക് അവന്റെ ജീവിതത്തിലുള്ള പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഷോഡശ സംസ്കാരങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഗര്‍ഭാധാനം 2. പുസവനം 3. സീമന്തോന്നയനം 4. ജാതകര്‍മ്മം 5. നാമകരണം 6. നിഷ്ക്രമണം 7. അന്നപ്രാശനം 8. ചൂഡാകര്‍മ്മം 9. കര്‍ണ്ണവേധം 10. ഉപനയനം 11. വേദാരംഭം 12. സമാവര്‍ത്തനം 13. വിവാഹം 14. വാനപ്രസ്ഥം 15. സന്യാസം 16. അന്ത്യേഷ്ടി

ഇന്നു ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. വളരെക്കുറച്ചുപേര്‍ മാത്രമേ ഇതെല്ലാം അനുഷ്ഠിക്കുന്നുള്ളൂ. എങ്കിലും, ഭാരതീയജീവിതപദ്ധതിയെക്കുറിച്ച് ഒരു ഏകദേശരൂപമെങ്കിലും ലഭിക്കുവാന്‍ ഈ സംസ്കാരങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. “വിവാഹം, അന്നപ്രാശനം, നാമകരണം മുതലായവ അന്ധവിശ്വാസ ചടങ്ങുകളല്ലെന്നും ഓരോന്നിനും അതതിന്റേതായ ശാസ്ത്രോക്തപ്രമാണങ്ങളുണ്ടെന്നും യുക്ത്യനുഭവപൂര്‍വ്വം അവ വെളിപ്പെടുത്തീട്ടുള്ളതാണെന്നും പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം കൊണ്ടുദ്ദേശിക്കുന്നത്” എന്നാണ് ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.


ഗ്രന്ഥകര്‍ത്താവ്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ പൂര്‍വ്വാശ്രമത്തിലെ നാമം സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്നായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു വളരെമുമ്പ് 1977-ലാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചത്. വളരെയധികം ജനപ്രീതി നേടിയ ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഷോഡശ സംസ്കാരങ്ങള്‍ക്കു പുറമേ നിരവധി അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ സ്വാമിജി കൈരളിയ്ക്കു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഹിന്ദു ധര്‍മ്മ പരിചയം” എന്ന ഗ്രന്ഥം ഈ ബ്ലോഗില്‍ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമിജിയുടെ ലഘുജീവചരിത്രക്കുറിപ്പ് പി.ഡി.എഫ്. രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ചേര്‍ത്തിട്ടുണ്ട്.

കടപ്പാട്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ ഒരു ഭക്തനായ ശ്രീ രഘുനാഥന്‍ജിയാണ് ഈ ഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ക്കൊള്ളാമെന്ന് ആദ്യമായി എന്നോട് നിര്‍ദ്ദേശിച്ചതും തുടര്‍ന്ന് ഗ്രന്ഥകര്‍ത്താവിന്റെ പൂര്‍വ്വാശ്രമത്തിലെ പുത്രനായ ശ്രീ. പി. വിജയകൃഷ്ണനുമായി കത്തിടപാടുകള്‍ നടത്തി അതിനുള്ള അനുമതിക്കായി ശ്രമിച്ചതും. ഏകദേശം രണ്ടുമാസം മുമ്പുതന്നെ ശ്രീ. പി. വിജയകൃഷ്ണന്‍ “ഷോഡശ സംസ്കാരങ്ങള്‍” ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുമതി സദയം നല്കുകയുണ്ടായി. അതിന് ശ്രീ. പി. വിജയകൃഷ്ണനോടും, രഘുനാഥന്‍ജിയോടുമുള്ള ഹദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ഷോഡശ സംസ്കാരങ്ങള്‍ ഇ-ബുക്ക്

സ്വാമി പരമേശ്വരാനന്ദ സരസ്വതി – ഒരു ജീവചരിത്രക്കുറിപ്പ്

10 Responses to “ഷോഡശ സംസ്കാരങ്ങള്‍ – സ്വാമി പരമേശ്വരാനന്ദ സരസ്വതി Shodasa Samskarangal – Swami Parameswarananda Saraswati”

  1. Raghunadhan.V. says:

    ശ്രീ ശങ്കരന് നമസ്കാരം ,

    സംപൂജ്യനായ ഗുരുദേവന്‍ ശ്രീമത് പരമേശ്വരാനന്ദ സ്വാമികളുടെ വിഖ്യാതമായ ഈ ഗ്രന്ഥം എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിച്ചതിന് വളരെ നന്ദി .സ്കാന്‍ ചെയ്ത കോപ്പിയാണോയെന്നു തിരിച്ചറിയാനാവാത്ത വിധം സുവ്യക്തവും,മനോഹരവുമായ പേജുകളും,അതിമനോഹരമായ കവര്‍ചിത്രവും സുഖകരമായ വായനാനുഭവം നല്‍കുന്നു.സര്‍വ്വോപരി സ്വാമിജിയുടെ ഗുരുദേവനായ സംപൂജ്യ ജ്ഞാനാനന്ദ സ്വാമികളുടെ അവതാരികയുള്ള പതിപ്പ് തന്നെ തിരഞ്ഞെടുത്തതും പ്രശംസനീയമാണ്. ഇതിന്‍റെ പ്രസിദ്ധീകരണത്തിന് സദയം അനുമതി നല്‍കിയ സ്വാമിജിയുടെ പൂര്‍വാശ്രമത്തിലെ പുത്രനായ ശ്രീ പി.വിജയകൃഷ്ണനോടും,സ്വാമിജിയുടെ വത്സല ശിക്ഷ്യനായ ശ്രീമല്‍ നിഖിലാനന്ദ സ്വാമികളടുമുള്ള നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തുവാന്‍ ഈ അവസരം വിനിയോഗിക്കട്ടെ!!!ഏവര്‍ക്കും ഈ മഹത്ഗ്രന്ഥം പ്രയോജനപ്പെടട്ടെയെന്നു ആശംസിയ്ക്കുന്നു.

    രഘുനാഥന്‍ .വി.

  2. ramu says:

    ശ്രീ വിജയകൃഷ്ണനും, ശ്രീ രാഘുനാഥനും,ശ്രീ ശങ്കരനും, വീണ്ടും വീണ്ടും നന്ദി.

  3. SREEDHARAN says:

    MANY MANY THANKS TO ALL OF YOU FOR DOING SUCH A GREAT JOB

  4. girishkumar.g says:

    I don’t know how to say thanks..
    this is a great great work…….
    thanks
    thanks……

  5. Sunil says:

    I could not download the PDF filed.
    Please send me the exact pdf link

  6. Sunil says:

    I could not download any books from this site.
    Please guide me how to do it.
    Once we open a file, we can see ഡൗണ്‍ലോഡ് ” book name ” ഇ-ബുക്ക്.
    After double clicking this link also, I can not see any PDF link to download.
    Please give me the details in step by step .

    • bharateeya says:

      Sunil, The website archive.org is a very reputed site which hosts millions of books in open domain.

      To download books from any page at archive.org, go to ‘download options’ at the bottom of the page on the right side and click the link ‘PDF’.

  7. Shileej.P says:

    I Very like your blog

  8. Soorajbabu says:

    Amazing page ever.. keep posting.. no words.. wonderfull.. thank you so much.. for all your posts. Respect your effort!Thankz again. Gods own page

Leave a Reply