ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേരൂന്നിയത് ശ്രീരാമകൃഷ്ണ പരമഹംസന്റെ സന്ന്യാസിശിഷ്യനായ ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ വരവോടെയാണ്. കേരളത്തില്‍ ഒരു ആദ്ധ്യാത്മികനവോത്ഥാനം സൃഷ്ടിക്കുവാനും അനേകംപേരെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലേയ്ക്കാകര്‍ഷിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സന്ന്യാസജീവിതം സ്വീകരിച്ചവരില്‍ ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ പ്രഥമഗണനീയനാണ്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ഹിമാലയസാനുക്കളില്‍ ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലാണ് ചെലവഴിച്ചത്. 1928-ല്‍ വസിഷ്ഠഗുഹയില്‍ താമസിച്ച് തപസ്സനുഷ്ഠിച്ചു തുടങ്ങിയ സ്വാമികള്‍, അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തന്നെ സമീപിച്ചിരുന്ന ഗൃഹസ്ഥഭക്തര്‍ക്കും, വിരക്തരായ സാധകന്മാര്‍ക്കും ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ നല്കിയ ഉപദേശങ്ങള്‍ സംഗ്രഹിച്ച് വസിഷ്ഠഗുഹയില്‍നിന്നു പ്രസിദ്ധീകരിച്ച Spiritual Talks എന്ന ഗ്രന്ഥത്തിന് ശ്രീ. സി. ജി. നാരായണപ്പിള്ള നിര്‍വ്വഹിച്ച മലയാളപരിഭാഷയാണ് “അദ്ധ്യാത്മപ്രവചനങ്ങള്‍”.
കടപ്പാട്: “അദ്ധ്യാത്മപ്രവചനങ്ങള്‍” എന്ന ഈ അമൂല്യമായ ആദ്ധ്യാത്മികഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് സദയം അനുമതി നല്കിയ തൃശ്ശൂര്‍, ദേശമംഗലം, ഓംകാരാശ്രമം മഠാധിപതി ശ്രീമദ് നിഗമാനന്ദസ്വാമികളോടും, പുസ്തകം സ്കാന്‍ ചെയ്ത് അയച്ചു തരികയും, അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് ഓംകാരാശ്രമം അധികൃതരില്‍ നിന്നു അനുമതി വാങ്ങിക്കുകയുംചെയ്ത ശ്രീ രഘുനാഥന്‍ജിയോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.