Feed on
Posts
Comments

ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്.

ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നിവയ്ക്കു പുറമേ “വാക്യപദീയം” എന്ന അതിബൃഹത്തായ വ്യാകരണഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

നീതി: സംസ്കൃതസാഹിത്യത്തിലെ നീതി എന്ന ശബ്ദത്തെ “ശരിയായ നടപ്പ്” എന്നു വേണമെങ്കില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്താം. ഒരു സാഹചര്യത്തില്‍ ഒരു വ്യക്തി മറ്റൊരാളോട് എങ്ങനെ പെരുമാറണം എന്നതിനെ അനുശാസിക്കുന്ന ശാസ്ത്രമാണ് നീതിശാസ്ത്രം. ഒരു തരത്തില്‍ ഇതിനെ ജീവനകല എന്നു വേണമെങ്കില്‍ പറയാം.

നീതിശതകം: ബൃഹസ്പതി നീതിശാസ്ത്രം, ശുക്രനീതി, ചാണക്യനീതിശാസ്ത്രം, പഞ്ചതന്ത്രം, ഹിതോപദേശം, ശാര്‍ങ്ഗധരപദ്ധതി എന്നിങ്ങനെ ഭര്‍തൃഹരിക്കു മുമ്പും പിമ്പുമായി നിരവധി നീതിശാസ്ത്രഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാലും ഭര്‍തൃഹരിയുടെ നീതിശ്ലോകങ്ങള്‍ ജനങ്ങളുടെയിടയില്‍ വളരെയധികം പ്രചരിക്കുകയും ജനപ്രിയത നേടുകയും ചെയ്തിട്ടുണ്ടെന്നുള്ള കാര്യം സ്മരണീയമാണ്. മൂര്‍ഖന്‍, വിദ്വാന്‍, ശൗര്യം, സമ്പത്ത്, ദുര്‍ജ്ജനം എന്നിങ്ങനെ പത്തു വിഷയങ്ങളെക്കുറിച്ചുള്ള പത്തു ശ്ലോകങ്ങള്‍ വീതമുള്ള അദ്ധ്യായങ്ങളാണ് ഇതിലുള്ളത്.

ശൂരന്മാരെയും അഭിമാനികളെയും വര്‍ണ്ണിക്കുന്ന സന്ദര്‍ഭത്തിലുള്ള ഒരു സുഭാഷിതത്തില്‍ ഇപ്രകാരം പറയുന്നു –

കുസുമസ്തബകസ്യേവ ദ്വേ ഗതീഹ മനസ്വിനഃ
മൂര്‍ദ്ധ്നി വാ സര്‍വ്വലോകസ്യ ശീര്യതേ വന ഏവ വാ  25

“മാനമുള്ള ആളുകള്‍ക്കു പൂങ്കുലയ്ക്കെന്നപോലെ രണ്ടു ഗതികള്‍ ഭവിക്കുന്നു. ഒന്നുകില്‍ അത് സര്‍വ്വജനങ്ങളുടേയും ശിരസ്സില്‍ ശോഭിക്കും അല്ലെങ്കില്‍ ദൂരെ വനത്തില്‍ക്കിടന്ന് വാടിക്കൊഴിഞ്ഞു പോകും. അതുപോലെ മാനികള്‍ സ്വദേശത്ത് ജനങ്ങളുടെയെല്ലാം ആരാധനാപാത്രമായി കഴിയുകയോ അല്ലെങ്കില്‍ കാട്ടില്‍പ്പോയി ഏകാന്തമായി തപസ്സുചെയ്തു ജീവിക്കുകയോ ചെയ്യും.”

ഇതിനിടയില്‍ നര്‍മ്മരസം തുളുമ്പുന്ന ചില സുഭാഷിതങ്ങളും അങ്ങിങ്ങായി കാണാം. ഇതിനുദാഹരണമായി ഒരു സുഭാഷിതം താഴെ ചേര്‍ക്കുന്നു.

ഖല്വാടോ ദിവസേശ്വരസ്യ കിരണൈഃ സന്താപിതേ മസ്തകേ
വാഞ്ഛന്ദേശമനാതപം വിധിവശാത്താലസ്യ മൂലം ഗതഃ
തത്രാപ്യസ്യ മഹാഫലേന പതതാ ഭഗ്നം സശബ്ദം ശിരഃ
പ്രായോ ഗച്ഛതി യത്ര ദൈവഹതകസ്തത്രൈവ യാന്ത്യാപദഃ  84

“കഷണ്ടിത്തലയന്റെ ശിരസ്സ് സൂര്യരശ്മിതട്ടി ചൂടുപിടിച്ചപ്പോള്‍ വെയിലില്ലാത്ത സ്ഥലത്തു ചെന്നെത്തുന്നതിനുള്ള ആഗ്രഹത്തോടുകൂടി വിധിവശാല്‍ വളരെവേഗത്തില്‍ നടന്നിട്ട് ഒരു കരിമ്പനയുടെ ചുവട്ടില്‍ ചെന്നുചേര്‍ന്നു. അപ്പോഴോ, ആ കരിമ്പനയുടെ പഴുത്തതായ വലിയ കായ് ഊക്കോടുകൂടി തലയില്‍ വന്നുവീണു തല പിളര്‍ന്നുപോയി. ദൈവത്താല്‍ (വിധിയാല്‍) വെറുക്കപ്പെട്ട ഭാഗ്യദോഷി എവിടെപ്പോയാലും ആപത്തുകളും അവനോടുകൂടിത്തന്നെ ചെന്നെത്തുന്നുണ്ട്.”

“പാപി ചെന്നിടം പാതാളം” എന്ന പഴഞ്ചൊല്ലിനെയാണ് ഈ സുഭാഷിതം ഓര്‍മ്മിപ്പിക്കുന്നത്.

തന്റെ ചുറ്റുപാടുമുള്ള ലോകത്തില്‍ നടക്കുന്നതിനെയെല്ലാം അത്യന്തം സൂക്ഷ്മമായി ഭര്‍തൃഹരി നിരീക്ഷണവിധേയമാക്കിയിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധിച്ചുവായിക്കുന്നവര്‍ക്കു മനസ്സിലാക്കാം. ഇതിനുദാഹരണമായി മനുഷ്യജീവിതത്തില്‍ വിധിയുടെ പ്രാധാന്യത്തിനെക്കുറിച്ചു വര്‍ണ്ണിക്കുവാനായി ഭര്‍തൃഹരി രചിച്ച ഒരു രസകരമായ സുഭാഷിതം വായിക്കുക –

ഭഗ്നാശസ്യ കരണ്ഡപിണ്ഡിതതനോര്‍ മ്ലാനേന്ദ്രിയസ്യ ക്ഷുധാ
കൃത്വാഖുര്‍ വിവരം സ്വയം നിപതിതോ നക്തം മുഖേ ഭോഗിനഃ
തൃപ്തസ്തത്പിശിതേന സത്വരമസൗ തേനൈവ യാതഃ പഥാ
സ്വസ്ഥാസ്തിഷ്ഠത ദൈവമേവ ഹി നൃണാം വൃദ്ധൗ ക്ഷയേ കാരണം  82

“മരം കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കണ്ടിട്ട് എലി വളരെ പ്രയത്നിച്ച് അതില്‍ ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറി. ആ പെട്ടിയില്‍ ബന്ധനസ്ഥനായിക്കിടന്ന ഒരു പാമ്പിന്റെ വായിലാണ് എലി ചെന്നുപെട്ടത്. ആ പാമ്പാകട്ടെ കുറേ ദിവസങ്ങളായി ഭക്ഷിക്കുവാനൊന്നുമില്ലാതെ വിശന്നുപൊരിഞ്ഞിരിക്കുകയായിരുന്നു. പാമ്പ് ഉടന്‍തന്നെ എലിയെത്തിന്നു വിശപ്പടക്കി എലി കഷ്ടപ്പെട്ടുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തുകടന്നു സ്വതന്ത്രനാകുകയും ചെയ്തു.”

മനുഷ്യന്റെ സുഖദുഃഖങ്ങളും, മാനാപമാനങ്ങളും, ജയാപജയങ്ങളുമെല്ലാം വിധിയുടെ ചേഷ്ടിതങ്ങളെന്നാണ് ഭര്‍തൃഹരി ഇതിലൂടെ വ്യക്തമാക്കുന്നത്.

ഭര്‍തൃഹരി നീതിശതകം ഇ-ബുക്ക്: പ്രാചീനവും ജനപ്രിയവുമായ എല്ലാ ഗ്രന്ഥങ്ങളെയും പോലെ ഭര്‍തൃഹരിയുടെ ശതകങ്ങള്‍ക്ക് ഇന്ന് ലഭ്യമായിരിക്കുന്ന പാഠഭേദങ്ങള്‍ നിരവധിയാണ്. അതില്‍ 1914-ല്‍ മുംബയിലെ നിര്‍ണ്ണയസാഗര്‍ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ച ഭര്‍തൃഹരി ശതകത്രയം എന്ന പതിപ്പില്‍ കാണുന്ന അതേ ക്രമത്തിലാണ് ഈ ഇ-ബുക്കില്‍ ശ്ലോകങ്ങള്‍ നല്കിയിരിക്കുന്നത്. 1925-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. എം. ആര്‍. നാരായണപ്പിള്ളയുടെ മലയാളപരിഭാഷയാണ് ഈ ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായി അതിലെ ഭാഷയില്‍ അവിടവിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കടപ്പാട്: ഭര്‍തൃഹരിയുടെ ശതകങ്ങള്‍ മൂന്നും ടൈപ്പുചെയ്ത് ഈ-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചു തന്നത് എന്റെ സുഹൃത്തും ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ക്കെല്ലാം പരിചിതനുമായ ശ്രീ. പി. എസ്സ് രാമചന്ദ്രന്‍ (രാമു) ആണ്. (അധികം താമസിയാതെ തന്നെ വൈരാഗ്യശതകവും ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടൂന്നതായിരിക്കും.) രാമു ഇതിനകം മലയാളികള്‍ക്ക് നാരായണീയം, ദേവിമാഹാത്മ്യം, ശിവാനന്ദലഹരി മുതലായ നിരവധി ആധ്യാത്മികകൃതികളുടെ ഇ-ബുക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭര്‍തൃഹരി ശതകങ്ങള്‍ ഡിജിറ്റൈസ് ചെയ്തതിന് രാമുവിനോട് നാമെല്ലാം എന്നെന്നും കടപ്പെട്ടിരിക്കും.

ഡൗണ്‍ലോഡ് നീതിശതകം ഇ-ബുക്ക്

6 Responses to “ഭര്‍തൃഹരി വിരചിതം നീതിശതകം – Niti Sataka of Bhartruhari – Malayalam Translation”

  1. നിതിന്‍ says:

    ശ്രേഷ്ഠകരമായത് ചെയ്യാന്‍ ശ്രേഷ്ഠര്‍ക്കേ കഴിയൂ. ഉള്ളിലുള്ള ഈശ്വരാംശം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെ. ഇരുവര്‍ക്കും പ്രാര്‍ഥനകളും ആശംസകളും.

  2. Raghunadhan.V. says:

    ശ്രീ ശങ്കരന് പ്രണാമം,

    സംസ്കൃത സാഹിത്യത്തിലെ അമൂല്യ രത്നമായ ഭര്‍തൃഹരി ദര്‍ശനത്തിലെ നീതിശതകം ഏവര്‍ക്കും ലഭ്യമാക്കിയതിന് വളരെ നന്ദി.ശ്രീ രാമുവിന്‍റെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ ഏവരാലും പ്രശംസിയ്ക്കപ്പെടെണ്ടാതാണ് .ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടെ !!!!

  3. parthan says:

    ഇത്രയും ബൃഹത്തായ ഒരു ഉദ്യമത്തിന് ആശംസകൾ.

  4. ദുര്‍ഗ്ഗാദാസ്‌ says:

    മഹത്തായ ഈ കൃത്യം ചെയ്ത നിങ്ങള്‍ക്ക്‌ എല്ലാ ആശംസകളും…അങ്ങ് നീണാള്‍ വാഴട്ടെ….

  5. Sobhanakumary says:

    Thank you very much for this great deed!!

  6. Kani Rago says:

    നന്ദി, ശൃംഗാര ശതകം കൂടി ദയവായി പ്രസിദ്ധീകരിക്കുമെങ്കിൽ വളരെ നന്നായിരുന്നു

Leave a Reply