Feed on
Posts
Comments


രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി” (മലകളും, നദികളും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കും) എന്നു കവി പാടിയത്.

ശ്രീരാമചരിതമാനസം അഥവാ തുളസീ രാമായണം: രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ നിരവധിയാണ്. ഭാരതീയവും വൈദേശികവുമായ ഭാഷകളില്‍ ഗദ്യത്തിലും, പദ്യത്തിലും എണ്ണമറ്റ പരിഭാഷകളും പുനരാവിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഭക്തകവി തുളസീദാസന്‍ രചിച്ച ശ്രീരാമചരിതമാനസം എന്ന കൃതിയ്ക്കാണ്. രാമായണകഥ ജനകീയഭാഷയില്‍ അവതരിപ്പിക്കാനായി ആദികവിയായ വാല്‍മീകി മഹര്‍ഷി സ്വയം തുളസീദാസനായി ജന്മമെടുത്തു എന്നൊരു ഐതിഹ്യമുണ്ട്. ചെറിയതോതിലുള്ള ആഖ്യാനഭേദങ്ങളും അവതരണശൈലിയുള്ള വ്യത്യസ്തതയും, ഭക്തിരസത്തിനുള്ള പ്രാധാന്യവും ശ്രീരാമചരിതമാനസത്തിന്റെ സവിശേഷതകളാണ്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അതര്‍ഹിക്കുന്ന പ്രചാരം സിദ്ധിക്കാതെ കേരളീയരുടെ മാത്രം ആസ്വാദനത്തിനു പാത്രമായപ്പോള്‍, ശ്രീരാമചരിതമാനസം അതിന്റെ നിരവധി പരിഭാഷകളിലൂടെ ലോകമെങ്ങും പ്രചാരം നേടി. ഇതിനെ പ്രചരിപ്പിക്കുന്നതില്‍ പ്രാചീനരും അര്‍വ്വാചീനരുമായ ഹരികഥാകാരന്മാര്‍ നിര്‍വ്വഹിച്ചിട്ടുള്ള പങ്ക് തെല്ലൊന്നുമല്ല.

ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവ ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച്, ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെയുള്ള ഏഴു ഭാഗങ്ങളും സ്വയം ടൈപ്പ് ചെയ്ത്, മലയാളം ഇ-ബുക്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുതരികയും, (ഇ-ബുക്ക് ഫോര്‍മ്മാറ്റ് ചെയ്തുകഴിഞ്ഞതിനുശേഷം) അതിനെ സശ്രദ്ധം പരിശോധിക്കുകയും ചെയ്ത ശ്രീ പി. എസ്സ്. അഗ്നീശ്വരനോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ശ്രീരാമചരിതമാനസത്തിന്റെ ശേഷിച്ച ഭാഗങ്ങളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഡൗണ്‍ലോഡ് ശ്രീരാമചരിതമാനസം ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം ഇ-ബുക്ക്

Leave a Reply