പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.
“ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.
വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
വാല്മീകീ രാമായണം കിഷ്കിന്ധാകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡം മുതല്‍ കിഷ്കിന്ധാകാണ്ഡം വരെയുള്ള ഭാഗങ്ങളുടെ പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.
കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
നമസ്തേ ,
വാല്മീകി രാമായണത്തിന്റെ ഒന്ന് രണ്ടു പരിഭാഷകള്‍ ഇതിനു മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും മൂല ശ്ലോകങ്ങളും അവയുടെ സാരവും ഉള്‍ക്കൊള്ളുന്ന ഒരു പരിഭാഷ ഇതാദ്യമായാണ് ലഭ്യമായത് . ഈ പരിഭാഷ കണ്ടെടുക്കുകയും, അത് സ്കാന്‍ ചെയ്ത് മികവുറ്റ ഇ-ബുക്കുകളാക്കി ഇവിടെ ലഭ്യമാക്കുകയും ചെയ്യുവാനുള്ള മഹത്തായ പരിശ്രമത്തിന് ശ്രീ രാമുജിയ്ക്കും, ശ്രീ ശങ്കരനും നന്ദി പറയുന്നു. ഇത്തരം ഉദ്യമങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുവാന്‍ ഭഗവാന്‍ കൂടുതല്‍ കൂടുതല്‍ കഴിവ് നല്‍കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു.
ധനഞ്ജയന്‍
congrats for the efforts….