Feed on
Posts
Comments

ശ്രീമദ് ഭഗവദ്ഗീത മലയാളം വ്യാഖ്യാനം: ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സുപ്രസിദ്ധ ഭാതവത വ്യാഖ്യാതാവും മഹാപണ്ഡിതനും ഭക്താഗ്രണിയുമായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈതസമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദസരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കരവിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതുകൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന ഉദ്ദേശ്യത്തോടെ ശ്രീ ശങ്കരാനന്ദസരസ്വതി ശങ്കരഭാഷ്യാനുസാരിയായതും ലളിതവുമായ ഒരു ഗീതാവ്യാഖ്യാനം രചിച്ചു. ശങ്കരാനന്ദീ ടീകാ എന്ന പേരിലറിയപ്പെടുന്ന ഈ വ്യാഖ്യാനം ഭഗവദ്ഗീതാ പ്രേമികള്‍ക്കിടയില്‍ അതീവ പ്രീതിയാര്‍ജ്ജിച്ച ഒന്നാണ്. ഈ വ്യാഖ്യാനത്തെ അവലംബിച്ചാണ് പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ ഭഗവദ്ഗീത വ്യാഖ്യാനിച്ചിരിക്കുന്നത്. അതോടൊപ്പം ഭഗവദ്ഗീതയുടെ പതിനെട്ട് അദ്ധ്യായങ്ങളുടെയും സാരസംഗ്രഹവും ഗീതാശ്ലോകങ്ങളുടെ അകാരാദിസൂചികയും ഈ വ്യാഖ്യാനത്തിനു മാറ്റു കൂട്ടുന്നു.

കടപ്പാട്: പണ്ഡിറ്റ് പി. ഗോപാലന്‍ നായരുടെ ശ്രീമദ് ഭഗവദ്ഗീത വ്യാഖ്യാനം സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുതന്നത്, ഈ ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കു സുപരിചിതനായ പി. എസ്സ്. രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ്. ശ്രീ. രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ അദ്ദേഹത്തിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ് ഗീത വ്യാഖ്യാനം – പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍

 

Tags: , ,

ശ്രീമദ് ഭഗവദ്ഗീത: ഹിന്ദുമതഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സമസ്തവേദങ്ങളുടെയും സാരസംഗ്രഹമാണ് ഗീത. അതുകൊണ്ടുതന്നെയാണ് ഗീതാശാസ്ത്രത്തെ സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ തന്റെ ഗീതാഭാഷ്യത്തിന്റെ ആമുഖത്തില്‍ വിശേഷിപ്പിച്ചത്.

ശാങ്കരഭാഷ്യം: ആദിശങ്കരാചാര്യരുടെ കാലത്തുതന്നെ ഭഗവദ്ഗീതയ്ക്ക് പ്രാചീനമായ അനേകം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഗീതോപദേശത്തിന്റെ പൊരുള്‍ വേണ്ടുംവണ്ണം വ്യക്തമാക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഗീതാശാസ്ത്രത്തിന്റെ ശരിയായ അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിനായിട്ടാണ് ശാങ്കരഭാഷ്യം രചിക്കപ്പെട്ടത്.

ഭഗവദ്ഗീത ശാങ്കരഭാഷ്യത്തിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷയായിരിക്കണം കെ.എം. എന്നറിയപ്പെട്ടിരുന്ന കുഞ്ഞന്‍ മേനോന്‍ രചിച്ച ഈ പരിഭാഷ. ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് 1906 – ലാണ്. തന്റെ പരിഭാഷയുടെ ഉദ്ദേശ്യം എന്താണെന്ന് കെ.എം. മുഖവുരയില്‍ വ്യക്തമാക്കുന്നു.

“സംസ്‌കൃത ഭാഷാവിജ്ഞാനമില്ലാത്ത കേവലം മലയാളികളായ വായനക്കാര്‍ക്ക് അന്യസഹായം കൂടാതെതന്നെ ഗീതാശാസ്ത്രത്തെ നിഷ്‌കര്‍ഷിച്ചു പഠിക്കാറാകണം എന്നുള്ള വിചാരത്തിന്മേലാണ് ഞാന്‍ ഈ രീതിയെ അനുസരിച്ചിട്ടുള്ളത്. അങ്ങനെയുള്ളവര്‍ ശ്രദ്ധയോടുകൂടി മനസ്സിരുത്തി വായിക്കുന്നതായാല്‍ എന്റെ ഉദ്ദേശ്യം സഫലമായി ഭവിക്കുമെന്നു തന്നെയാണ് എന്റെ പൂര്‍ണ്ണവിശ്വാസം.”

“ശ്രീധരാചാര്യസ്വാമികളുടെ ഗീതാവ്യാഖ്യാനത്തെ അനുസരിച്ചാണ് ഞാന്‍ അതാതു ശ്ലോകങ്ങളുടെ അന്വയക്രമം കൊടുത്തിട്ടുള്ളത്. ശങ്കരാചാര്യസ്വാമികളുടെ ഗീതാഭാഷ്യത്തെ പദംപ്രതി പരിഭാഷപ്പെടുത്തുകയാണു ചെയ്തിട്ടുള്ളത്. അതാതു ശ്ലോകത്തിനുള്ള അവതാരിക ശ്ലോകത്തിന്റെ മുമ്പിലായി ചേര്‍ത്തിട്ടുള്ളത് അല്ലാദി മഹാദേവശാസ്ത്രികള്‍ ശാങ്കരഭാഷ്യസഹിതം ഗീതയെ ഇംഗ്ലീഷില്‍ തര്‍ജ്ജമചെയ്തിട്ടുള്ള മട്ടിനെ അനുസരിച്ചാകുന്നു. ശാങ്കരഭാഷ്യം അര്‍ത്ഥം സ്പഷ്ടമായതു മതിയായില്ലെന്നു തോന്നുന്നതായുമുള്ള ചില ഘട്ടങ്ങളില്‍ ശങ്കരാനന്ദസരസ്വതി, ശ്രീധരാചാര്യസ്വാമികള്‍, ആനന്ദഗിരി എന്നീ വ്യാഖ്യാതാക്കന്മാരുടെ അഭിപ്രായങ്ങളുംകൂടി ശാങ്കരഭാഷ്യത്തിന്റെ താഴെയായി കൊടുത്തിട്ടുണ്ട്.”

കടപ്പാട്: കെ.എമ്മിന്റെ ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷയുടെ 1952-ലെ പതിപ്പ് സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുതന്നത്, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ പി. എസ്സ്. രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ്. ശ്രീ. രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ അദ്ദേഹത്തിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

കെ.എമ്മിനെക്കുറിച്ച് കെ.കെ. രാജാ എഴുതിയ ലഘുവിവരണം

കൊല്ലവര്‍ഷം പതിനൊന്നാം നൂറ്റാണ്ടില്‍ ‘വിദ്യാവിനോദിനി’, ‘രസികരഞ്ജിനി’ മുതലായ മാസികകളില്‍ കനത്ത ലേഖനങ്ങളെഴുതി പേരെടുത്ത് ഒരൊന്നാംകിട സാഹിത്യകാരനായിരുന്നു വടക്കെ കുറുപ്പത്തു കിഴക്കെ ശ്രാമ്പി കുഞ്ഞന്‍മേനോന്‍, കെ. എം. എന്ന പേരിലാണ് ഉപന്യാസങ്ങള്‍ മിക്കതും എഴുതിക്കൊണ്ടിരുന്നത്. അമ്മ കുഞ്ഞിപ്പിള്ളമ്മയും അച്ഛന്‍ കുലുക്കല്ലൂര്‍ ഒരു പുലാശ്ശേരി കുഞ്ഞന്‍ നമ്പുതിരിപ്പാടുമാണ്. ആസ്തികനായ കെ. എം. ഉല്‍ക്കടമായ തത്ത്വചിന്തയുടെ ഫലമെന്നോണം മരണംവരെ ബ്രഹ്മചാരിയായിത്തന്നെ ജീവിതം നയിച്ചുപോന്നു.

കൊച്ചിരാജ്യത്തെ ഒരു പേരുകേട്ട പേഷ്‌കാരായിരുന്ന രാമമേനോന്‍, തിരുവിതാംകൂറിലെ വനം വകുപ്പില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായിരുന്ന ഗോവിന്ദമേനോന്‍, സരസനും കളംകാര്യസ്ഥനുമായിരുന്ന കൃഷ്ണമേനോന്‍ എന്നീ മൂന്നു മാതുലന്മാരുടെ മേല്‍നോട്ടത്തില്‍ കെ. എം. തൃശ്ശിവപേരൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും എറണാകുളം കോളേജിലും അദ്ധ്യയനംചെയ്തതുപോന്നു. എഫ്. എ. ക്ലാസ്സില്‍വച്ച ശരീരാസ്വാസ്ഥ്യം നിമിത്തം കോളേജ് വിടേണ്ടിവന്നു. തദനന്തരം മാതുലന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് കുടുംബഭരണത്തില്‍ പങ്കുകൊളേളണ്ടതായും വന്നു. രാമമേനോന്റെ അകമഴിഞ്ഞ സഹായത്താലൂം സ്വന്തം സാഹിത്യ പരിശ്രമങ്ങളുടെ ഫലമായി സിദ്ധിച്ചുകൊണ്ടിരുന്ന വരുമാനത്താലും, ചേറ്റുപുഴയില്‍ ‘ആനന്ദാശ്രമം’ എന്നപേരില്‍ ഒരാശ്രമം സ്ഥാപിക്കാന്‍ കുഞ്ഞന്‍മേനോന്നു സാധിച്ചു. കെ. എം. അവര്‍കളുടെ ചിന്താബന്ധുവായ സാഹിത്യം ആ പരിശുദ്ധക്ഷേത്രത്തിലാണ് ഏറിയകൂറും വിളഞ്ഞുകൊണ്ടിരുന്നതെന്നു പറയാമെന്നു തോന്നുന്നു.

സംസ്കൃതം, സുപ്രസിദ്ധവേദാന്തിയും ദശോപനിഷദ്വ്യാഖ്യാതാവുമായ എ. കൃഷ്ണന്‍ എമ്പാന്തിരിയില്‍നിന്നാണ് അദ്ധ്യയനം ചെയ്തിട്ടുള്ളത്. ടി. സി. പരമേശ്വരന്‍മൂസ്സ് മുതലായ പണ്ഡിതന്മാരും മേനോന്റെ സുഹൃത്തുക്കളായിരുന്നു. സ്വന്തം സഹോദരിയുടെ ഭര്‍ത്താവായിരുന്ന മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ സൗഹാര്‍ദ്ദം മേനോന്റെ സാഹിത്യകൗതുകത്തെ പതിന്മടങ്ങു ദീപ്തമാക്കിയിട്ടുണ്ട്. സ്പെന്‍സറുടെ ‘വിദ്യാഭ്യാസം’ (Herbert Spencer’s Education) തര്‍ജ്ജമ ചെയ്തിരുന്ന കാലത്ത് ഇംഗ്ലീഷ് പഠിക്കാത്ത തമ്പുരാന്‍ തര്‍ജ്ജമ കഴിഞ്ഞ ഭാഗത്തിനപ്പുറം പറയേണ്ട വിഷയം പ്രതിപാദിക്കാറുണ്ടായിരുന്നെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.

സി. വി. രവിശര്‍മ്മരാജാവ് മേനോന്റെ ഉത്തമശിഷ്യനായിരുന്നു. പള്ളിക്കുടത്തിന്റെ പടിവാതില്‍പോലും കാണാതെ കുഞ്ഞന്‍മേനോനില്‍നിന്നു മാത്രം ഇംഗ്ലീഷ് പഠിച്ച് ആ ഭാഷയില്‍ അസാമാന്യമായ വൈദഗ്ദ്ധ്യം സമ്പാദിച്ച ആ പ്രതിഭാസമ്പന്നന്‍ കരടുപകര്‍പ്പുകള്‍ക്ക് അസ്സലെഴുതുക മുതലായ കാര്യങ്ങളില്‍ ഗുരുനാഥനെ സഹായിച്ചിട്ടുണ്ട്. വിദ്യാവിനോദിനി മാസികയുടെ സാഹിത്യനായകനായിരുന്ന സി. പി. അച്ചുതമേനോന്‍ കൊച്ചി ഗവണ്‍മെന്റിന്റെ നിയോഗമനുസരിച്ചെഴുതിയ ‘കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍’, സ്‌പെന്‍സറുടെ ‘വിദ്യാഭ്യാസം’ നാലു വാള്യം, സ്വാമി വിവേകാനന്ദന്റെ ‘ഭക്തിയോഗം’, ‘കര്‍മ്മയോഗം’, ‘രാജയോഗം’ എന്നിവയാണ് കെ. എം. തര്‍ജ്ജമചെയ്തിട്ടുള്ളത്. സഹകരണപ്രസ്ഥാനത്തെ അധികരിച്ച് ഏതാണ്ട് 150 ഭാഗത്തോളം വരുന്ന ഒരു സ്വതന്ത്രകൃതിയും ‘കെ. എം. എഴുതിയ ഉപന്യാസങ്ങള്‍’ എന്ന പേരില്‍ രണ്ടു ഭാഗമായി ഉപന്യാസങ്ങളും പുസ്തകരൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധംചെയ്തിട്ടുണ്ട്. എല്ലാറ്റിലും കറകാണാത്ത ഭാഷാഭംഗി മികച്ചുനില്ക്കുന്നുണ്ട്. കെ. എം. അവര്‍കളുടെ പ്രതിഭാശക്തിയുടെ വെളിച്ചം ഗീതാവ്യാഖ്യാനത്തിലാണ് ഏറ്റവും തെളിഞ്ഞുകാണുന്നതെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ശാങ്കരഭാഷ്യം മുതലായ പ്രാമാണികഗ്രന്ഥങ്ങള്‍ നല്ലവണ്ണം പഠിച്ച് ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ പൂര്‍വ്വപക്ഷസമാധാനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഗീതാവ്യാഖ്യാനം. കെ. എം. ഒരൊന്നാംകിട സംഗീതവിദ്വാന്‍കൂടിയായിരുന്നു. ഹാര്‍മോണിയം വായനയിലാണ് ആ വൈദഗ്ദ്ധ്യം പ്രായോഗികമായി പ്രകടമാകാറുള്ളത്. പുതുക്കോട്ടു മാതുഭാഗവതര്‍ മുതലായ കേളികേട്ട സംഗീതവിദ്വാന്മാരുടെയെല്ലാം ബഹുമാനപാത്രമായിരുന്നു കെ. എം. 1048-ല്‍ മണ്ണു കണ്ട കെ. എം. 1118-ല്‍ വിണ്ണിലേക്കു തിരിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ ‘കേരളത്തിന്റെ സ്‌പെന്‍സര്‍’ കെ. എം. തന്നെയായിരുന്നു എന്നു പറഞ്ഞാല്‍ അസ്ഥാനത്തിലാകയില്ലെന്നു തോന്നുന്നു.

ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷ – കെ.എം.

Tags: , , , , , ,

Bhagavatam Cover

ഭാഗവതപുരാണം: മഹാപുരാണങ്ങളില്‍വെച്ച് ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ചിട്ടുള്ള പുരാണമാണ് ശ്രീമദ് ഭാഗവതം. പന്ത്രണ്ടു സ്കന്ധങ്ങളിലായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരകഥകള്‍ ഭാഗവതത്തില്‍ അത്യന്തം ആകര്‍ഷണീയമായി വര്‍ണ്ണിച്ചിരിക്കുന്നു. അവയില്‍ ശ്രീകൃഷ്ണാവതാരകഥ വര്‍ണ്ണിക്കുന്ന ദശമസ്കന്ധം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീമദ് ഭാഗവതം ശ്രീകൃഷ്ണന്റെ പ്രത്യക്ഷരൂപം തന്നെയാണ് എന്ന് ഭാഗവതമാഹാത്മ്യം ഉദ്ഘോഷിക്കുന്നു – “ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.

വേദങ്ങളുടെ സാരം തന്നെയാണ് ശ്രീമദ് ഭാഗവതം. വേദപഠനത്തിന് അവസരം ലഭിക്കാത്ത ജനകോടികള്‍ക്ക് വേദസാരം ഗ്രഹിക്കുവാനും സകലപുരുഷാര്‍ത്ഥങ്ങളും പ്രാപിച്ച് ജീവിതം സഫലമാക്കുവാനും കഴിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് വ്യാസമഹര്‍ഷി ഭാഗവതം രചിച്ചത്. “വേദമാകുന്ന കല്പവൃക്ഷത്തില്‍ ഉണ്ടായതും ശ്രീശുകബ്രഹ്മര്‍ഷിയുടെ തിരുമുഖത്തുനിന്നും ഉതിര്‍ന്നുവീണതും അമൃതമയവും രസപൂര്‍ണവുമായ ഫലമത്രേ ശ്രീമദ്ഭാഗവതം. രസികന്മാരും ആസ്വാദകരുമായ ഭക്തന്മാര്‍ അതു വീണ്ടും വീണ്ടും നകര്‍ന്നുകൊള്ളട്ടെ” എന്നു വ്യാസമഹര്‍ഷി ആഹ്വാനം ചെയ്യുന്നു –

നിഗമകല്പതരോര്‍ ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭൂവി ഭാവുകാഃ

ശ്രീമദ് ഭാഗവതം ഇ-ബുക്ക്: അന്വയവും പരിഭാഷയുമടങ്ങുന്ന ശ്രീമദ് ഭാഗവതത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സ്കാന്‍ ചെയ്ത പി.ഡി.എഫ്. ഫയലുകള്‍ ഏതാനും ആഴ്ചകള്‍ മുമ്പ് ഒരു ഭാഗവതപ്രേമി അയച്ചുതരുകയുണ്ടായി. ഇതില്‍ ഭാഗവതമാഹാത്മ്യം മുതല്‍ പത്താം സ്കന്ധം വരെ വിദ്വാന്‍ സി.ജി. നാരായണന്‍ എമ്പ്രാന്തിരിയും, പതിനൊന്നും പന്ത്രണ്ടും സ്കന്ധങ്ങള്‍ എസ്സ്.വി. പരമേശ്വരനുമാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അന്വയക്രമത്തില്‍ പദച്ഛേദത്തോടെയുള്ള ലളിതമായ പരിഭാഷയായതുകൊണ്ട് സംസ്കൃതഭാഷാപരിജ്ഞാനം അധികമില്ലാത്തവര്‍ക്കുപോലും വളരെ സുഗമമായി ശ്ലോകങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ ശ്രീമദ് ഭാഗവതത്തിന്റെ ഈ പതിപ്പ് സഹായകമാകും. വളരെയധികം സമയവും സമ്പത്തും വ്യയം ചെയ്ത് 4700-ല്‍ അധികം പേജുകളുള്ള ഈ കൃതി പൂര്‍ണ്ണമായി സ്കാന്‍ ചെയ്തയച്ചുതന്ന ഭാഗവതപ്രേമിയോടുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശ്രീമദ് ഭാഗവതം അന്വയക്രമപരിഭാഷാസഹിതം

ശ്രീമദ് ഭാഗവതം സ്കന്ധം 01
ശ്രീമദ് ഭാഗവതം സ്കന്ധം 02
ശ്രീമദ് ഭാഗവതം സ്കന്ധം 03
ശ്രീമദ് ഭാഗവതം സ്കന്ധം 04
ശ്രീമദ് ഭാഗവതം സ്കന്ധം 05
ശ്രീമദ് ഭാഗവതം സ്കന്ധം 06
ശ്രീമദ് ഭാഗവതം സ്കന്ധം 07
ശ്രീമദ് ഭാഗവതം സ്കന്ധം 08
ശ്രീമദ് ഭാഗവതം സ്കന്ധം 09
ശ്രീമദ് ഭാഗവതം സ്കന്ധം 10 ഭാഗം 1
ശ്രീമദ് ഭാഗവതം സ്കന്ധം 10 ഭാഗം 2
ശ്രീമദ് ഭാഗവതം സ്കന്ധം 11
ശ്രീമദ് ഭാഗവതം സ്കന്ധം 12

Tags: , ,

sankarasmriti cover

ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക): എണ്ണിയാലൊടുങ്ങാത്ത മതഗ്രന്ഥങ്ങളുണ്ട് എന്നത് ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്. ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതിഗ്രന്ഥങ്ങളും സ്മൃതിഗ്രന്ഥങ്ങളും. നാലു വേദങ്ങളാണ് ശ്രുതിഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നത്. വേദങ്ങള്‍ പ്രധാനമായും പരമാര്‍ത്ഥസത്യമായ ഈശ്വരനെ പ്രതിപാദിക്കുന്നു. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നു. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. അതുകൊണ്ട് ഇവ ധര്‍മ്മശാസ്ത്രം എന്നും അറിയപ്പെടുന്നു.

വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാര്‍ഗ്ഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാങ്കരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്.

36 അദ്ധ്യായങ്ങളുള്ള ശാങ്കരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ചോലക്കരെ പരമേശ്വരന്‍  മൂസ്സതു രചിച്ച മലയാളപരിഭാഷയോടുകൂടി ശാങ്കരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.

കടപ്പാട്: ശാങ്കരസ്മൃതിയുടെ ആദ്യപതിപ്പ് ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനായി അയച്ചുതന്നത് കോട്ടയം വാകത്താനം സ്വദേശിയും, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയറും, തിരുവനന്തപുരം നിവാസിയുമായ ശ്രീ. എസ്. മാധവന്‍ നമ്പൂതിരിയാണ്. കേരളചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നവര്‍ക്കും അഭിരുചിയുള്ളവര്‍ക്കും ഹിന്ദുധര്‍മ്മശാസ്ത്രജിജ്ഞാസുക്കള്‍ക്കും ശങ്കരസ്മൃതി ഇ-ബുക്ക് വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. ശ്രീ മാധവന്‍ നമ്പൂതിരിയോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം ദുര്‍ലഭങ്ങളായ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഇന്റര്‍നെറ്റിലെത്തിക്കുവാന്‍ അദ്ദേഹത്തിനു അവസരമുണ്ടാകട്ടെ എന്നു സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

ശാങ്കരസ്മൃതിയുടെ ആദ്യപതിപ്പിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ അവതാരിക

സകലജനസമുദായങ്ങള്‍ക്കും യോഗക്ഷേമത്തിന്നവലംബമായിട്ടുള്ളതു ധര്‍മ്മമാണല്ലൊ. ഈ വിധമുള്ള ധര്‍മ്മത്തിന്നു കാലദേശങ്ങളെ അനുസരിച്ചും അധികാരിഭേദത്തെ അപേക്ഷിച്ചും പല മാറ്റവും വന്നുകൊണ്ടിരിക്കുമെന്നാണ് ലോകതന്ത്രജ്ഞന്മാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണു് നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ ഓരോ കാലത്ത് ഓരോ ദിക്കില്‍വെച്ചു പല ധര്‍മ്മശാസ്ത്രങ്ങളേയും ഉണ്ടാക്കീട്ടുള്ളതും. മലയാളികളുടെ ഇടയില്‍ ഇതരരാജ്യക്കാരുടെ ഇടയില്‍നിന്നു ഭേദിച്ചിട്ടുള്ള പല ധര്‍മ്മാചാരങ്ങളുമുണ്ടെന്നു സമ്മതിയ്ക്കാത്തവരാരുമുണ്ടെന്നു തോന്നുന്നില്ലാ. ഇവര്‍ക്കു പ്രത്യേകമായി വിധിച്ചിട്ടുള്ള ധര്‍മ്മശാസ്ത്രം ഭാര്‍ഗ്ഗവസ്മൃതിയാണെന്നും പ്രസിദ്ധിയുണ്ട്. എന്നാല്‍ അത്യാവശ്യകമായ ആ ഭാര്‍ഗ്ഗവസ്മൃതിഗ്രന്ഥം മലയാളികളുടെ ഇടയില്‍തന്നെയില്ലെന്നോ, അല്ലെങ്കില്‍ ഇതുവരെ അന്വെഷിച്ചിട്ടും ഒരേടത്തുപോലും ഉണ്ടെന്നറിവാന്‍ കഴിഞ്ഞിട്ടില്ലെന്നോ പറയുവാന്‍ സംഗതിയായതോര്‍ത്ത് ഏറ്റവും വ്യസനിയ്ക്കുകമാത്രമല്ലാതെ മറ്റൊരു നിര്‍വ്വാഹവും കാണുന്നില്ലാ.

ഭാര്‍ഗ്ഗവസ്മൃതിയുടെ സംക്ഷേപമായി ലഘുധര്‍മ്മപ്രകാശിക എന്നു പേരായ ശാങ്കരസ്മൃതി മുപ്പത്താറദ്ധ്യായമുള്ളതില്‍ പന്ത്രണ്ടദ്ധ്യായംമാത്രം ചിലേടങ്ങളില്‍ ദുര്‍ല്ലഭമായി നടപ്പുണ്ടെന്നുള്ളത് ഒട്ടൊരാശ്വാസത്തിനിടയാക്കുന്നില്ലെന്നു പറഞ്ഞുകൂടാ. എങ്കിലും അതും അപൂര്‍ണ്ണനിലയിലാണ് കാണുന്നതെന്നുള്ളതിന്നും പുറമെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നുള്ള വലിയ ന്യൂനതയും ഇന്നേവരെ തീര്‍ന്നു കാണുന്നില്ല. ഈ ശാങ്കരസ്മൃതിയുടെ കര്‍ത്താവ് ഒരു ശങ്കരനാണെന്നുള്ളതിന്ന് ആര്‍ക്കും വാദമുണ്ടാവാനിടയില്ലാ. ഏന്നാല്‍ ആശ്ശങ്കരന്‍ കാലടി കാപ്പിള്ളി ശങ്കരന്‍ നമ്പൂരിയായ സാക്ഷാല്‍ ശ്രീശങ്കരാചാര്യസ്വാമികള്‍തന്നെയാണെന്നാണ് എന്നാകുന്നു പരക്കേ മലയാളികളുടെ ഇടയില്‍ പ്രസിദ്ധിയുള്ളത്. മലയാളബ്രാഹ്മണരായ നമ്പൂരിമാര്‍ പലപ്രകാരത്തിലും നാട്ടിലിരിയ്ക്കപ്പൊറുതി കൊടുക്കായ്കയാല്‍ നാടുവിട്ടു പരദേശങ്ങളില്‍ പല ദിക്കിലും സഞ്ചരിച്ചിരുന്ന ശങ്കരാചാര്യര്‍ മലയാളികള്‍ക്കു പ്രത്യേകമുപയോഗമുള്ള ഈ ഗ്രന്ഥം നിര്‍മ്മിച്ചു എന്നുപറയുന്നത് ഒരുമാതിരി അസംബന്ധമാണെന്നു ചിലര്‍ വാദിക്കുമായിരിയ്ക്കാം. പക്ഷേ പരമകാരുണികനായ ആചാര്യസ്വാമികള്‍ താല്‍ക്കാലികങ്ങളായ അന്തഃച്ഛിദ്രങ്ങളേ മാത്രം വിചാരിച്ചു കേവലം സ്വദേശസ്‌നേഹം വെടിഞ്ഞ് ആ നാട്ടുകാര്‍ക്കുണ്ടാക്കാവുന്ന ശാശ്വതമായ ഗുണത്തിന്നു് വിമുഖനായിപ്പോയീ എന്നു വിചാരിപ്പാനും ധൈര്യം വരുന്നില്ല. എന്നുമാത്രമല്ലാ, ആ മഹായോഗീശ്വരന്‍ സര്‍വ്വജ്ഞപീഠം കേറീട്ടുണ്ടെന്നും അതിന്നുമുമ്പായിട്ടു സകലശാസ്ത്രങ്ങളിലും ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടെന്നും പ്രസിദ്ധമാണല്ലൊ. അക്കാലത്ത് ഈ ഒരു ധര്‍മ്മശാസ്ത്രഗ്രന്ഥമുണ്ടാക്കിയെന്നുവരാന്‍തന്നെയാണ് അധികം യുക്തി കാണുന്നതും. അതുകൊണ്ട് അല്ലെന്നു തീര്‍ച്ചപ്പെടുന്നതുവരെ ഇതിന്റെ നിര്‍മ്മാണകര്‍ത്തൃത്വം ശാരീരകഭാഷ്യകാരനായ അപ്പരമഹംസശ്രേഷ്ഠനില്‍തന്നെ സങ്കല്പിച്ചുകൊള്ളുകയാണ് യുക്തമായമാര്‍ഗ്ഗം.

ഈ സ്മൃതിഗ്രന്ഥം കൊണ്ടുള്ള ഉപയോഗത്തേപ്പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടകാര്യമില്ല. മലയാളികളില്‍ വിശേഷവിധിയായ വല്ല നടവടിയും ഉണ്ടെങ്കില്‍ അതിന്നു പ്രമാണം ഈ സ്മൃതിയാണെന്നുമാത്രം പറഞ്ഞാല്‍ കഴിഞ്ഞു. മലയാള ഹിന്തുക്കളുടെ നടവടികള്‍ക്കു പ്രമാണമായ ഈ സ്മൃതിഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിവിടുന്നതിന്നു കേരളധര്‍മ്മപ്രതിഷ്ഠാപകന്മാരായ പലപല കേരളരാജാക്കന്മാര്‍ക്കോ, പ്രഭുക്കന്മാര്‍ക്കോ, ധനികബ്രാഹ്മണാഢ്യന്മാര്‍ക്കോ, മറ്റുള്ള ഉദാരബുദ്ധികള്‍ക്കോ ഇതേവരെ ഒരു കരുണ തോന്നാഞ്ഞതില്‍ ആശ്ചര്യപ്പെടുന്നവരായി വല്ലവരുമുണ്ടെങ്കില്‍ അവര്‍ ‘ഭാരതവിലാസം’ മാനേജര്‍ കുഞ്ഞുവറിയത് എന്ന ക്രിസ്ത്യാനിയാണ് ഈക്കേരളാചാരമൂലധനം പരക്കേജ്ജനങ്ങള്‍ക്കുപയോഗിയ്ക്കുമാറാക്കിത്തരുന്നത് എന്നുംകൂടി വിചാരിച്ച് ആ മഹാത്മാവിന്റെ പേരില്‍ അധികം നന്ദിയോടുകൂടി മറ്റൊരു വഴിയ്ക്കും ആശ്ചര്യപ്പെടാതിരിയ്ക്കയില്ലാ നിശ്ചയം തന്നെ.

ഈ സ്മൃതിപുസ്തകത്തിന്നു മലയാളഭാഷയില്‍ത്തന്നെ ഒരു ചെറിയ വ്യാഖ്യാനവുംകൂടി ചേര്‍ത്തിട്ടുള്ളതിനെപ്പറ്റിയാണിനിപ്പറയുവാനുള്ളത്. ഈ വ്യാഖ്യാനം, സംസ്‌കൃതഭാഷാപരിജ്ഞാനമില്ലാത്ത മലയാളികളേക്കൊണ്ടുകൂടി ഈ ഗ്രന്ഥം വായിച്ചറിവുസമ്പാദിപ്പിപ്പാനിടയാക്കുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ. വിശേഷിച്ചു ‘ദോഷവിചാരം’ മുതലായ ചില പ്രധാനഭാഗങ്ങളില്‍ വ്യാഖ്യാതാവു് മൂലത്തേ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കാലദേശാവസ്ഥയ്ക്കുതക്കവണ്ണം തുറന്നുപറഞ്ഞിട്ടുള്ളതും യുക്തം തന്നെ. അഗ്‌നിദൂഷണപ്രായശ്ചിത്തം സാപിണ്ഡ്യം ഈ വക വിഷയങ്ങളില്‍ വ്യാഖ്യാതാവിന്റെ പരിശ്രമം ഫലവത്തരമായിട്ടില്ല എന്നു വ്യാഖ്യാനിച്ച ചോലക്കരെ പരമേശ്വരന്‍ മൂസ്സതു തന്നെ സമ്മതിയ്ക്കാതിരയ്ക്കയില്ല. ഇദ്ദേഹത്തിനെ ഈ വിഷയത്തില്‍ ശ്രൌതികളായ വല്ല നമ്പൂരിമാരും സഹായിക്കേണ്ടിയിരുന്നൂ. താണജാതിക്കാരുടെ തീണ്ടലിനേപ്പറ്റി പറയുന്നദിക്കിലും അതുപോലെ അപൂര്‍വ്വമായി വേറിട്ടു ചില ദിക്കിലും വ്യാഖ്യാതാവിന്നു തന്നെ കുറച്ചുകൂടി മനസ്സിരുത്താമായിരുന്നു.

ഈ ലഘുധമ്മര്‍പ്രകാശികയുടെ ശേഷമുള്ളഭാഗം കിട്ടായ്ക കൊണ്ടുമാത്രമാണ് അച്ചടിച്ചു പ്രസിദ്ധപ്പെടുത്താത്തതെന്നു ഭാരതവിലാസം മാനേജരുടെ വാക്കായിട്ടും ആ അത്യുത്സാഹിയുടെ ഉദ്യമം സഫലമാവേണ്ടതിന്നുവേണ്ടി ഞാന്‍ നേരിട്ടും മഹാജനങ്ങളേ അറിയിയ്ക്കയും മലയാളികളില്‍ പഴയ ഗ്രന്ഥങ്ങളുള്ളവര്‍ അവരവരുടെ പക്കലുള്ള ഗ്രന്ഥങ്ങളെന്തെല്ലാമാണെന്നു പരിശോധിച്ചാല്‍ കൊള്ളാമെന്നപേക്ഷിയ്ക്കയും ചെയ്തുകൊള്ളുന്നു.

– കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശാങ്കരസ്മൃതി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , ,

kaveri

കാവേരീമാഹാത്മ്യം

തീര്‍ത്ഥക്ഷേത്രങ്ങള്‍ക്കും പുണ്യനദികള്‍ക്കും ആര്‍ഷസംസ്കൃതിയില്‍ മഹത്തായ സ്ഥാനമാണുള്ളത്. മഹാപുരാണങ്ങളും മഹാഭാരതാദി ഇതിഹാസങ്ങളുമെല്ലാം പുണ്യസ്ഥലങ്ങളുടെയും പുണ്യനദികളുടെയും മാഹാത്മ്യത്തെക്കുറിച്ച് വാചാലമായി വര്‍ണ്ണിക്കുന്നുണ്ട്. “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേഽസ്മിന്‍ സന്നിധിം കുരു” എന്ന ശ്ലോകം ചൊല്ലി എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുമതസ്ഥര്‍ പ്രതിദിനം ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ഏഴു പുണ്യനദികളില്‍ ഒന്നാണ് കാവേരി. പ്രാചീനകാലം മുതല്ക്കേ ജനമനസ്സുകളില്‍ കാവേരീനദിയ്ക്കുണ്ടായിരുന്ന സമുന്നതമായ ആദരവിനെയും ഭക്തിയെയുമാണ് ഇതു സൂചിപ്പിക്കുന്നത്.

അഗ്നിപുരാണാന്തര്‍ഗതമായ കാവേരീമാഹാത്മ്യത്തില്‍ 30 അദ്ധ്യായങ്ങളിലായി കാവേരീനദിയുടെ ഉദ്ഭവം, മാഹാത്മ്യം എന്നിവയും, വിശേഷിച്ചും തുലാമാസത്തില്‍ കാവേരിയില്‍ സ്നാനം ചെയ്താലുള്ള ഫലവും വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. ഐഹികവും പാരലൗകികവുമായ പ്രേയസ്സും ശ്രേയസ്സും സിദ്ധിക്കാനുള്ള എളുപ്പമായ മാര്‍ഗ്ഗമേതാണെന്ന ഹരിശ്ചന്ദ്രന്റെ ചോദ്യത്തിന് അഗസ്ത്യമഹര്‍ഷി നല്കുന്ന മറുപടിയോടെയാണ് മാഹാത്മ്യം ആരംഭിക്കുന്നത്. നാരദന്‍, ധൗമ്യന്‍, ദല്ഭ്യന്‍, ധര്‍മ്മപുത്രര്‍, ദ്രൗപദി, അഗസ്ത്യന്‍, ലോപാമുദ്ര തുടങ്ങിയ ഇതിഹാസകഥാപാത്രങ്ങളെക്കുറിച്ചുള്ള വിവിധകഥകളിലൂടെ വ്യാസമഹര്‍ഷി സനാതനധര്‍മ്മത്തിന്റെ അന്തഃസാരം ഈ മാഹാത്മ്യത്തില്‍ നമുക്കു പകര്‍ന്നുതരുന്നു. ജ്ഞാനയോഗം, ഭക്തിയോഗം, ധ്യാനയോഗം, കര്‍മ്മയോഗം എന്നു തുടങ്ങി മുക്തിയിലേയ്ക്കുള്ള വിഭിന്ന ഉപായങ്ങള്‍ ഈ ലഘുഗ്രന്ഥത്തില്‍ സരളമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുണ്യനദിയായ കാവേരിയുടെ മഹിമ അറിയുവാനും അതോടൊപ്പം ആര്‍ഷസംസ്കൃതിയുടെ അന്തസ്സത്തയായ സനാതനമൂല്യങ്ങളോടുള്ള ആദരവു വളര്‍ത്താനും ഈ ഗ്രന്ഥത്തിന്റെ വായന നമ്മെ തീര്‍ച്ചയായും സഹായിക്കും.

കാവേരീമാഹാത്മ്യം സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചു തന്ന ശ്രീ ടി. പി. സുഗതനോട് ഹാര്‍ദ്ദമായ കൃതജ്ഞത പ്രകടിപ്പിക്കുന്നു. ഇനിയും അപൂര്‍വ്വമായ നിരവധി ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഇ-ബുക്ക് രൂപത്തിള്‍ വായനക്കാരുടെ മുന്നിലെത്തിക്കുവാന്‍ അദ്ദേഹത്തിന് അവസരമുണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു.

ഡൗണ്‍ലോഡ് കാവേരീമാഹാത്മ്യം ഇ-ബുക്ക്

Tags: , , , ,

Stava Ratna Mala

സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്.

രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം വിവിധ ദേവീദേവന്മാരുടെ സ്തോത്രങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും. ഭൂരിഭാഗം ഹിന്ദുക്കളും പ്രതിദിനം പാരായണം ചെയ്യുന്ന വിഷ്ണുസഹസ്രനാമം, ശിവസഹസ്രനാമം എന്നിവ മഹാഭാരതത്തിലുള്ളവയാണ്. മാര്‍ക്കണ്ഡേയപുരാണത്തിലുള്ള ദുര്‍ഗ്ഗാസപ്തശതിയും (ദേവീമാഹാത്മ്യം), ബ്രഹ്മാണ്ഡപുരാണത്തിലുള്ള ലളിതാസഹസ്രനാമവും ശ്രീശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരി, ശിവാനന്ദലഹരി, പുഷ്പദന്തവിരചിതമായ ശിവമഹിമ്നസ്തോത്രം എന്നിവയും ഏവര്‍ക്കും സുപരിചിതമാണ്.

സ്തവരത്നമാല ഇ-ബുക്ക്: സ്തവരത്നമാല എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ ഓടാട്ടില്‍ കേശവമേനോന്‍ ഭക്തജനങ്ങള്‍ക്ക് നിത്യപാരായണത്തിനുള്ള പ്രസിദ്ധസ്തോത്രങ്ങള്‍ ലളിതമായ അര്‍ത്ഥസഹിതം സംഗ്രഹിച്ചിട്ടുണ്ട്. ഭക്തിയില്‍ ഭാവത്തിനാണ് പ്രാധാന്യം. പദ്മനാഭോഽമരപ്രഭുഃ (പത്മനാഭന്‍ ദേവന്മാരുടെ പ്രഭുവാണ്) എന്നു ജപിക്കുന്നതിനു പകരം “പദ്മനാഭോ മരപ്രഭുഃ” (പത്മനാഭന്‍ മര്‍ത്യന്മാരുടെ പ്രഭുവാണ്) എന്നു ജപിച്ചാലും ഫലമൊന്നു തന്നെയാണ്. എന്തെന്നാല്‍ സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ ഭക്തന്റെ മനസ്സറിയുന്നവനാണ്. എന്നാല്‍, ഭക്തിഭാവം പൂര്‍വ്വാധികം ദൃഢമാകാന്‍ സഹായിക്കുമെന്നുള്ളതുകൊണ്ട് അര്‍ത്ഥമറിഞ്ഞു സ്തുതിക്കുന്നത് അഭിലഷണീയമാണ്.

1930-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സ്തവരത്നമാല എന്ന പുസ്തകം സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുതന്ന ശ്രീ പി. എസ്സ്. രാമചന്ദ്രനോട് അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് സ്തവരത്നമാല ഇ-ബുക്ക്

Tags: , , , , , ,

cover Swamiyude Vilakkanushthanam
സ്വാമിയുടെ വിളക്കനുഷ്ഠാനം ഇ-ബുക്ക്: കേരളത്തിലെ പ്രാചീന അനുഷ്ഠാനകലകളില്‍ പ്രമുഖമായ അയ്യപ്പന്‍ വിളക്കനുഷ്ഠാനത്തെ സസൂക്ഷ്മം വിലയിരുത്തി പ്രതിപാദിക്കുന്ന ഒരപൂര്‍വ്വഗ്രന്ഥം. ഈ അനുഷ്ഠാനകലക്ക് കൃത്യവും ഏകോപിതവുമായ ഒരു രീതി കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ആ കുറവിനെ നികത്തി സര്‍വ്വസ്വീകാര്യമായ ഒരു രീതി ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, പൂര്‍വ്വികരാല്‍ ഉണ്ടാക്കി, വളര്‍ത്തി, വലുതാക്കി കൊണ്ടുവന്ന ഇതിലെ കലാസൗഷ്ഠവം നശിച്ചുപോകാതെ നിലനിര്‍ത്തുവാനും ഗ്രന്ഥകര്‍ത്താവ് ഈ കൃതിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരിക്കുന്നു.

ശ്രീ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനായി നടത്തപ്പെടുന്ന വഴിപാട് എത്രമാത്രം ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കേണ്ടതാണെന്ന് സര്‍വ്വരെയും ബോധ്യപ്പെടുത്താനും, തദ്വാരാ മൂല്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ കാത്തുസംരക്ഷിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും അവയ്ക്ക് ഉപോല്‍ബലകങ്ങളായ സമസ്ത സ്തുതികളും, സ്തോത്രങ്ങളും, താളങ്ങളും, താളപ്രകൃതിനിയമങ്ങളും, സ്വരരാഗങ്ങളും ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നതും സുസ്ത്യര്‍ഹം തന്നെ. ആ നിലയ്ക്ക് ഈ കലയ്ക്കു കിട്ടിയ ഒരു പൊന്‍തൂവലാകുന്നു സ്വാമിയുടെ വിളക്കനുഷ്ഠാനം എന്ന ഈ ഗ്രന്ഥം. ഈ ഗ്രന്ഥം അയ്യപ്പന്‍പാട്ട് പഠിക്കുന്നവര്‍ക്കും, ഇതിലെ കലാകാരന്മാര്‍ക്കുമെന്നല്ല, വിളക്കു നടത്തിപ്പുകാര്‍ക്കും, മുഴുവന്‍ ഭക്തജനങ്ങള്‍ക്കും തല്‍സംബന്ധമായ പൂര്‍ണ്ണ അറിവ് നല്‍കാന്‍ പര്യാപ്തമാണ്. എല്ലാ അയ്യപ്പഭക്തന്മാരും ഈ കൃതിയെ സസന്തോഷം സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ “സ്വാമിയുടെ വിളക്കനുഷ്ഠാനം” ഇ-ബുക്ക് ഭക്തജനസമക്ഷം സമര്‍പ്പിക്കുന്നു.

കൃതജ്ഞത: സ്വാമിയുടെ വിളക്കനുഷ്ഠാനം ഇ-ബുക്ക് മലയാളം ഇ-ബുക്സില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കിയ ശ്രീ. എം. ആര്‍. സുബ്രഹ്മണ്യന്‍ മാസ്റ്ററോടും, പുസ്തകത്തിന്റെ കോപ്പി അയച്ചുതരികയും, അതിന്റെ ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ അത്യധികം പ്രോത്സാഹം നല്കുകയും ചെയ്തതിന് ഗ്രന്ഥകര്‍ത്താവിന്റെ മകളായ ശ്രീമതി പ്രീതി ജയപ്രകാശിനോടുമുള്ള ഹാര്‍ദ്ദമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ലിങ്ക് (സ്വാമിയുടെ വിളക്കനുഷ്ഠാനം ഇ-ബുക്ക്)

Tags: , , , , ,

cover adhyatma ramayana mal new

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രണ്ടാം പതിപ്പ്: മലയാളം ഇ-ബുക്സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷം തികയുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടായിരുന്നു ഈ ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇ-ബുക്ക്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരകാണ്ഡത്തോടു കൂടിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ ഇത് ആദ്യമായിരിയ്ക്കാം.

ഉത്തരകാണ്ഡം: ശ്രീ വാല്‍മീകീരാമായണത്തിലെന്നപോലെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും ഉത്തരകാണ്ഡം പ്രക്ഷിപ്തമാണ് (പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്) എന്നും അത് എഴുത്തച്ഛന്‍ രചിച്ചതല്ല എന്നും അതല്ല ഉത്തരകാണ്ഡവും എഴുത്തച്ഛന്‍ തന്നെ രചിച്ചതാണെന്നും ഭാഷാപണ്ഡിതന്മാരുടെയിടയില്‍ രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. സംസ്കൃതത്തിലുള്ള അദ്ധ്യാത്മരാമായണം മൂലകൃതിയില്‍ ഉത്തരകാണ്ഡം ഉണ്ടെന്നുള്ള കാര്യം സംശയാതീതമാണ്. അതിനു രചിക്കപ്പെട്ടിട്ടുള്ള മൂന്നു വ്യാഖ്യാനങ്ങളുടെയും രചയിതാക്കള്‍ ഉത്തരകാണ്ഡവും കൂടി തങ്ങളുടെ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അവഗണിക്കുവാനാവില്ല. ആ സ്ഥിതിയ്ക്ക് എഴുത്തച്ഛന്‍ തന്റെ പരിഭാഷയില്‍ ഉത്തരകാണ്ഡം ഉള്‍ക്കൊള്ളിക്കാതിരിക്കുവാന്‍ ന്യായമായ കാരണമൊന്നും കാണുന്നുമില്ല. വാസ്തവം എന്തായാലും, ശ്രീരാമകഥ വായിച്ചു രസിക്കുവാനാഗ്രഹിക്കുന്ന രാമഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഉത്തരകാണ്ഡം കൂടി ഉള്‍പ്പെടുത്തിയ ഇ-ബുക്ക് ഒരു അനുഗ്രഹം തന്നെയായിരിക്കും.

കടപ്പാട്: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കിന്റെ ആദ്യപതിപ്പില്‍ ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയതും, ഉത്തരകാണ്ഡവും ചില സ്തോത്രങ്ങളും കൂടി ഉള്‍പ്പെടുത്തി അതിനെ പരിഷ്കരിക്കണമെന്നു നിര്‍ദ്ദേശിച്ചതും ഈ ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കെല്ലാം സുപരിചിതനായ ശ്രീ പി. എസ്സ്. അഗ്നീശ്വരനാണ്. (സന്ത് തുളസീദാസ് വിരചിച്ച സുപ്രസിദ്ധമായ ശ്രീരാമചരിതമാനസം ശ്രീ അഗ്നീശ്വരന്‍ പൂര്‍ണ്ണമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗിലൂടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു). അദ്ദേഹം സ്വയം ഉത്തരകാണ്ഡം മുഴുവന്‍ ടൈപ്പ് ചെയ്യുകയും, അദ്ധ്യാത്മരാമായണം ആദ്യാവസാനം ഒരിക്കല്‍ക്കൂടി സശ്രദ്ധം പരിശോധിക്കുകയും ചെയ്തു. അതിന് ശ്രീ അഗ്നീശ്വരനോടുള്ള അകൈതവമായ കൃതജ്ഞത ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തട്ടെ.

രാമായണമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ധ്യാത്മരാമായണം ഇ-ബുക്കിന്റെ ഈ പരിഷ്കരിച്ച പതിപ്പ് വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ സ്വാംശീകരിക്കുവാനും ഈ ഇ-പുസ്തകം ഉപകരിക്കുമെന്നു പ്രത്യാശിക്കട്ടെ.

ഡൗണ്‍ലോഡ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ ഇ-ബുക്ക്

Tags: , ,

cover sri rama gita malayalam

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു.

സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത.

ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ അന്‍പത്തിയാറു ശ്ലോകങ്ങളില്‍ സര്‍വ്വവേദാന്തസാരം തന്നെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ശിഷ്യന്റെ യോഗ്യതകള്‍, സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, ജ്ഞാനകര്‍മ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യവിചാരം, അവസ്ഥാത്രയവിവേകം, പഞ്ചകോശവിവേകം, അദ്ധ്യാസനിരൂപണം, ഓംകാരോപാസന, ആത്മവിചാരം എന്നീ വിഷയങ്ങള്‍ വളരെ ചുരുക്കി ശ്രീരാമഗീതയില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.

ഗീതകള്‍ നിരവധി: ഗീത എന്നു കേള്‍ക്കുമ്പോള്‍ നമ്മളാദ്യം സ്മരിക്കുന്നത് ശ്രീമദ് ഭഗവദ്ഗീതയാണ്. എന്നാല്‍ അതിനു പുറമെ നിരവധി ഗീതകള്‍ മഹാഭാരതത്തിലും പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്. മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ മാത്രമായി ഒന്‍പത് ഗീതകളുള്ളതായി ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റു പര്‍വ്വങ്ങളിലും വിവിധ ഗീതകളുണ്ട്. ഭാഗവതത്തിലും കപിലഗീത, ഉദ്ധവഗീത ഇത്യാദി ഗീതകളുണ്ട്. ഇതുകൂടാതെ വിവിധ പുരാണങ്ങളിലുള്ള ശിവഗീത, ദേവീഗീത, ഗണേശഗീത, ഈശ്വരഗീത, ഭഗവതിഗീത, അവധൂതഗീത, അഷ്ടാവക്രഗീത, ഋഭുഗീത, അഗസ്ത്യഗീത, ബ്രഹ്മഗീത, എന്നു തുടങ്ങി 123 ഗീതകളുടെ ഒരു പട്ടിക ഡോ. വി. രാഘവന്‍ രചിച്ച “റീഡിങ്ങ്സ് ഫ്രം ദി ഭഗവദ്ഗീത” എന്ന കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൗരാണികഗീതാസാഹിത്യം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത് ഇതുകൂടാതെ ആധുനികമായ ഗാന്ധിഗീത, സത്യാഗ്രഹഗീത, ക്രിസ്തുഗീത, ഗിരിഗീത, അല്ലാഗീത തുടങ്ങിയവയുമുണ്ട്.

ഭഗവദ്ഗീതയാണ് ഇവയില്‍ ഏറ്റവും പ്രാചീനമെന്നും, അതിനെ അനുകരിച്ചുണ്ടായവയാണ് പൗരാണികമായ മറ്റു ഗീതകളെന്നുമാണ് പണ്ഡിതമതം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മഹാഭാരതത്തിലെ മറ്റു ഗീതകള്‍ക്ക് ഭഗവദ്ഗീതയുമായി സാദൃശ്യമൊന്നുമില്ല. എന്നാല്‍ പൗരാണികഗീതകളില്‍ പലതിനും ഭഗവദ്ഗീതയുമായി ഒരു പരിധി വരെ സാദൃശ്യമുണ്ട്.

ശ്രീരാമഗീത ഇ-ബുക്ക്: ലോകമാസകലം ശ്രീരാമഭക്തര്‍ ശ്രീരാമനവമി ആഘോഷിക്കുന്ന ഈ വേളയില്‍ ശ്രീരാമഗീതയുടെ മലയാളം ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ശ്രീരാമഗീതയും പൗരാണികമായ മറ്റു വിശിഷ്ടഗീതകളും പഠിക്കുവാന്‍ ഇത് വായനക്കാര്‍ക്ക് ഒരു പ്രചോദനമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.

ഡൗണ്‍ലോഡ് ശ്രീരാമഗീത മലയാളം ഇ-ബുക്ക്

Tags: , , , , , , , , , , , , ,

cover 2

ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്.

മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് അതിനു യോഗ്യനെന്നും പറഞ്ഞ് ഭീഷ്മര്‍ യുധിഷ്ഠിരന് ശിവസഹസ്രനാമം ഉപദേശിക്കുവാന്‍ ശ്രീകൃഷ്ണനോട് അഭ്യര്‍ത്ഥിച്ചു. ഈ അപേക്ഷയെ മാനിച്ച് ശ്രീകൃഷ്ണന്‍ ഉപമന്യു മഹര്‍ഷി പണ്ട് തനിക്കുപദേശിച്ച ശിവസഹസ്രനാമസ്തോത്രം യുധിഷ്ഠിരന് ഉപദേശിക്കുകയുണ്ടായി. ഒരിക്കല്‍ ബ്രഹ്മാവ് പതിനായിരം നാമങ്ങളുള്ള ശിവസ്തോത്രം ഉപദേശിച്ചുവെന്നും അതില്‍നിന്നും തിരഞ്ഞെടുത്ത ആയിരത്തെട്ടു നാമങ്ങളാണ് താന്‍ ഉപദേശിക്കുന്ന ശിവസഹസ്രനാമത്തിലുള്ളതെന്നും ഉപമന്യു മഹര്‍ഷി ഭഗവാന്‍ ശ്രീകൃഷ്ണനോട് പറയുന്നുണ്ട്. അതില്‍നിന്നും മഹാഭാരതം അനുശാസനിക പര്‍വ്വത്തിലെ ഈ സ്തോത്രം വ്യാസരചിതമല്ലെന്നും, വ്യാസന്‍ പൂര്‍വ്വസൂരികളെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും നമുക്ക് അനുമാനിക്കാം.

ശിവസഹസ്രനാമഭാഷ്യങ്ങള്‍: ശിവസഹസ്രനാമസ്തോത്രത്തിലെ മിക്കവാറും നാമങ്ങളുടെയും അര്‍ത്ഥം അത്യന്തം ദുര്‍ഗ്രഹമായതിനാല്‍ ഒരു വ്യാഖ്യാനത്തിന്റെ സഹായമില്ലാതെ ഈ സ്തോത്രം വായിച്ചു മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്കു സാദ്ധ്യമല്ല. സമ്പൂര്‍ണ്ണമഹാഭാരതത്തിന് പ്രശസ്തമായ മഹാഭാരതഭാവദീപം എന്ന വ്യാഖ്യാനം രചിച്ച നീലകണ്ഠചതുര്‍ദ്ധരന്റെ ശിവസഹസ്രനാമഭാഷ്യം മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളുത്. ലിംഗാധ്വരി എന്ന പണ്ഡിതന്‍ വിരചിച്ച ഒരു ശിവസഹസ്രനാമഭാഷ്യത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കിട്ടാനുള്ളൂ. ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയമാണ്.

ശ്രീ ശിവസഹസ്രനാമസ്തോത്രം ഇ-ബുക്ക്: മഹാഭാരതത്തിലെ അനുശാസനികപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ് ഇ-ബുക്കിനായി തിരഞ്ഞെടുത്തത്. ഗീതാ പ്രസ്സിന്റെ പാഠമാണ് ആധികാരികമായി സ്വീകരിച്ചത്. സംശയമുള്ളിടത്ത് ശ്രീ നീലകണ്ഠചതുര്‍ദ്ധരന്റെ മഹാഭാരതഭാവദീപം എന്ന വ്യാഖ്യാനത്തെയും ആശ്രയിച്ചിട്ടുണ്ട്. ശിവരാത്രിമഹോത്സവവേളയില്‍ത്തന്നെ ശിവസഹസ്രനാമം ഇ-ബുക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ശിവഭക്തന്മാര്‍ ഇതിനെ സസന്തോഷം വരവേല്‍ക്കുമെന്നു പ്രത്യാശിക്കുന്നു.

കടപ്പാട്: ശ്രീശിവസഹസ്രസ്തോത്രത്തിന്റെയും നാമാവലിയുടെയും ദേവനാഗരിയിലുള്ള ഇ-ടെക്സ്റ്റ് http://sanskritdocuments.org/ എന്ന സൈറ്റില്‍ നിന്നെടുത്തതാണ്. ശ്രീശിവസഹസ്രനാമസ്തോത്രവും നാമാവലിയും ഇ-ബുക്കായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, വളരെ ശ്രദ്ധയോടെ ഭംഗിയായി പ്രൂഫ് നോക്കുകയും ചെയ്ത ശ്രീ രഘുനാഥനോടും, ഇ-ബുക്കിന് സുന്ദരമായ കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ വേണുഗോപാലിനോടും, സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് സൈറ്റിനോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , ,

Older Posts »