Feed on
Posts
Comments


ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്.

ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നിവയ്ക്കു പുറമേ “വാക്യപദീയം” എന്ന അതിബൃഹത്തായ വ്യാകരണഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

വൈരാഗ്യശതകം: വൈരാഗ്യം എന്ന പദത്തിന് “രാഗം ഇല്ലായ്മ അഥവാ ആസക്തിയില്ലായ്മ” എന്നാണ് അര്‍ത്ഥം. രാഗവും ദ്വേഷവും (ഇഷ്ടാനിഷ്ടങ്ങള്‍) ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയാണെന്നു പറയാം. അവയ്ക്ക് സ്വതന്ത്രമായ നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ, രാഗത്തില്‍ നിന്ന് മോചനം നേടിയവന്‍ അതോടെ ദ്വേഷത്തില്‍ നിന്നും മുക്തനായിത്തീരും. ഇതാണ് പ്രപഞ്ചനിയമം. രാഗത്തില്‍ നിന്നു മോചനം നേടാത്തിടത്തോളം കാലം ഒരുവന് ദ്വേഷത്തില്‍നിന്നും മുക്തി പ്രാപിക്കാനും കഴിയില്ല. ആ സ്ഥിതിക്ക് “വൈരാഗ്യം” എന്ന പദത്തിനെക്കുരിച്ച് ഒരു പുനര്‍വിചിന്തനം ചെയ്താല്‍ “രാഗദ്വേഷങ്ങളുടെ അഭാവമാണ്” വൈരാഗ്യമെന്നു നമുക്കു മനസ്സിലാക്കാന്‍ പ്രയാസമില്ല. ആത്യന്തികമുക്തിക്കായി പ്രയത്നിക്കുന്ന ഒരുവന്റെ മുഖ്യശത്രുക്കളാണ് രാഗവും ദ്വേഷവും എന്ന് യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഗീതയില്‍ അരുളുകയും ചെയ്തിട്ടുണ്ട് (ഗീത 3-34,37). “കസ്യ സുഖം ന കരോതി വിരാഗഃ” (വൈരാഗ്യം ആര്‍ക്കാണ് സുഖം നല്കാത്തത്?) എന്ന ആദി ശങ്കര വചനവും വൈരാഗ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു.

ഭര്‍തൃഹരി വൈരാഗ്യശതകം ആരംഭിക്കുന്നത് തൃഷ്ണയെ നിന്ദിച്ചുകൊണ്ടാണ്. ഈ സന്ദര്‍ഭത്തിലുള്ള ഒരു അതിപ്രശസ്തമായ ശ്ലോകം താഴെ ചേര്‍ക്കുന്നു.

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ തപോ ന തപ്തം വയമേവ തപ്താഃ 
കാലോ ന യാതോ വയമേവ യാതാഃ തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാഃ 7

നാം സുഖഭോഗങ്ങളൊന്നും അനുഭവിച്ചില്ല. എന്നാല്‍ ഭോഗമനുഭവിക്കുവാന്‍ വേണ്ടിയുള്ള യത്നത്തിനിടയില്‍ ദുഃഖചിന്തകള്‍ നമ്മെ കാര്‍ന്നുതിന്നുകയുണ്ടായി. തപസ്സൊന്നും നാം അനുഷ്ഠിച്ചില്ല. എങ്കിലും നാം തന്നെ ദുഃഖം മൂലം തപ്തന്മാരായിത്തീര്‍ന്നു. കാലം കഴിഞ്ഞുപോയില്ല എന്നാല്‍ നാം പോയതിനു തുല്യമായി (നമ്മുടെ ജീവിതം അവസാനിക്കാറായി). ആഗ്രഹം അശേഷവും ക്ഷയിച്ചിട്ടില്ല. എന്നാല്‍ നാം ക്ഷയിക്കുകയും ചെയ്തു. അതായത് ദുരാശ ഹേതുവായി ചെയ്യണ്ട പ്രവൃത്തികള്‍ ഒന്നും തന്നെ ചെയ്യാതെ വെറുതെ കാലം കഴിച്ചുകൂട്ടി ജരാനരകള്‍ ബാധിച്ച് നാം ക്ഷയിച്ചുപോയി എന്നു സാരം.

തൃഷ്ണ ബാധിച്ച് ജീവിതം മുഴുവന്‍ സുഖഭോഗങ്ങളുടെ പിന്നാലെ പരക്കം പായുന്ന മനുഷ്യന്‍ വിവേകം ഉദിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതാന്ത്യത്തില്‍ ഒരു സത്യം തിരിച്ചറിയുന്നു – “തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാ” എന്ന്. അതായത് നമ്മുടെ ശരീരത്തിനു ജരാനരകള്‍ സമ്മാനിച്ചു കടന്നുപോയ കാലം തൃഷ്ണയുടെ ശക്തിയെ അല്പം പോലും ക്ഷയമേല്പിച്ചിട്ടില്ലെന്ന്. ഇത് തിരിച്ചറിയുമ്പോഴാണ് ഈ തൃഷ്ണയുടെ പിടിയില്‍ നിന്ന് മോചനം നേടി ജീവിതത്തില്‍ ശാന്തിതീരമണയുന്നതെങ്ങനെ എന്ന ചിന്ത മനസ്സിലുദിക്കുന്നത്. ഇപ്രകാരം ചിന്തിക്കുന്നവരില്‍ ആര്‍ക്കാണ് ഇത് സാദ്ധ്യമാകുന്നതെന്ന് ഭര്‍തൃഹരി താഴെ പറയുന്ന ശ്ലോകത്തില്‍ വ്യക്തമാക്കുന്നു.

ആശാ നാമ നദീ മനോരഥജലാ തൃഷ്ണാതരംഗാകുലാ
രാഗഗ്രാഹവതീ വിതര്‍ക്കവിഹഗാ ധൈര്യദ്രുമധ്വംസിനീ
മോഹാവര്‍ത്തസുദുസ്തരാതിഗഹനാ പ്രോത്തുംഗചിന്താതടീ
തസ്യാഃ പാരഗതാ വിശുദ്ധമനസോ നന്ദന്തി യോഗീശ്വരാഃ  10

ആശയാകുന്ന മഹാനദി മനോരാജ്യമാകുന്ന ജലത്തോടുകൂടിയും, ആഗ്രഹമാകുന്ന തിരമാലകളാല്‍ നിറഞ്ഞും അനുരാഗമാകുന്ന മുതലയോടുകൂടിയും, ദുശ്ശാഠ്യങ്ങളാകുന്ന പക്ഷികളാടോകൂടിയും, ധൈര്യമാകുന്ന വൃക്ഷത്തെ ധ്വംസിക്കുതായും മോഹമാകുന്ന ചുഴിനിമിത്തം കടക്കാന്‍ പാടില്ലാത്തതായും അത്യന്തം ഭയങ്കരമായും, ദുരാലോചനയാകുന്ന അത്യുന്നതമായ കരകളോടുകൂടിയതായും ഇരിക്കുന്നു. ഈ മഹാനദിയുടെ മറുകരകടന്നിട്ടുള്ളവരും പരിശുദ്ധമായ മനസ്സോടു കൂടിയവരും ആയ യോഗീന്ദ്രന്മാര്‍ സര്‍വോല്‍ക്കര്‍ഷേണ ജയിക്കുന്നു.

സുഖഭോഗവസ്തുക്കളോടുള്ള വിരക്തി സമ്പാദിക്കുന്നതിലൂടെ അനന്തമായ ശാന്തി അനുഭവിക്കുവാന്‍ സാധിക്കുന്നതെന്തുകൊണ്ടാണെന്ന് കവി താഴെ പറയുന്ന വരികളിലൂടെ വ്യക്തമാക്കുന്നു.

അവശ്യം യാതാരശ്ചിരതരമുഷിത്വാപി വിഷയാ
വിയോഗേ കോ ഭേദസ്ത്യജതി ന ജനോ യത് സ്വയമമൂന്‍ 
വ്രജന്തഃ സ്വാതന്ത്ര്യാദതുലപരിതാപായ മനസഃ
സ്വയം ത്യക്താ ഹ്യേതേ ശമസുഖമനന്തം വിദധതി  12

വിഷയവസ്തുക്കളും പുത്രമിത്രകളത്രാദികളും എത്രകാലം ഒരുവന്റെ കൂടെ ഇരുന്നാലും ഒടുവില്‍ അവയെല്ലാം അവനെ കൈവിട്ടുപോകുമെന്നുള്ളതു തീര്‍ച്ചതന്നെ. അതിനാല്‍ മനുഷ്യന്‍ സ്വയം ഇവകളെ വിടുന്നതിലും അവ തന്നെ മനുഷ്യനെ വിട്ടുപോകുന്നതിലും എന്തു വ്യത്യാസമാണുള്ളത്? രണ്ടു തരത്തിലുള്ള വിയോഗവും തമ്മില്‍ യാതൊരു ഭേദവുമില്ല. എന്നാലും മനുഷ്യന്‍ സ്വയം ഈവകവിഷയങ്ങളെ ഉപേക്ഷിക്കുന്നതുമില്ല. ഇവ സ്വയം വിട്ടു പോകുന്ന പക്ഷം അത് അവന്റെ മനസ്സിന് അത്യധികമായ സങ്കടമുണ്ടാകുന്നു. വിഷയങ്ങളെ അവന്‍ സ്വയം ഉപേക്ഷിക്കുന്ന പക്ഷം അവന്‍ അനന്തമായ സൗഖ്യത്തെ അനുഭവിക്കുകയും ചെയ്യുന്നു.

വൈരാഗ്യത്തിന്റെ മഹത്വം വ്യക്തമാക്കുന്ന ഈ ശ്ലോകവും ശ്രദ്ധേയമാണ് –

ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ നൃപാലാദ് ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശാസ്ത്രേ വാദിഭയം ഗുണേ ഖലഭയം കായേ കൃതാന്താദ് ഭയം
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യം ഏവാഭയം 31

ഭൂമിയില്‍ മനുഷ്യര്‍ക്കു ഭോഗത്തില്‍ രോഗഭയം, കുലത്തില്‍ ച്യുതിഭയം (പതനം സംഭവിക്കുമോ എന്നുള്ള ഭയം), സമ്പത്തില്‍ രാജാവിനാലുള്ള ഭയം, മാനത്തില്‍ (അഭിമാനത്തില്‍) ദൈന്യഭയം (മറ്റൊരുവന്റെ മുമ്പില്‍ ചെറുതായിപ്പോകുമോ എന്നുള്ള ഭയം), ബലത്തില്‍ ശത്രുഭയം, സൗന്ദര്യത്തില്‍ ജരയില്‍നിന്നുള്ള ഭയം, ശാസ്ത്രത്തില്‍ വാദിക്കുന്നവനില്‍നിന്നുള്ള ഭയം, ഗുണത്തില്‍ (ശ്രേഷ്ഠമായ അവസ്ഥയില്‍) ദുര്‍ജ്ജനങ്ങളില്‍ നിന്നുള്ള ഭയം, ശരീരത്തില്‍ കാലനില്‍നിന്നുള്ള ഭയം എന്നിങ്ങനെ എല്ലാ വസ്തുക്കളും ഭയാന്വിതമായിട്ടുതന്നെയിരിക്കുന്നു. പിന്നെ ഭയമില്ലാത്തതായി പ്രപഞ്ചത്തില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതു വൈരാഗ്യം (യാതൊന്നിലും ആഗ്രഹമില്ലാത്തതായ അവസ്ഥ) മാത്രമാണ്. അതിനാല്‍ വൈരാഗ്യത്തില്‍ സ്ഥിതിചെയ്യുന്നപക്ഷം യാതൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നു സാരം.

“യതി-നൃപതി സംവാദം” എന്ന അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി വൈരാഗ്യം സിദ്ധിച്ച ഒരു യോഗി അനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വര്‍ണ്ണിച്ചിരിക്കുന്നതിപ്രകാരമാണ്-

അശീമഹി വയം ഭിക്ഷാമാശാവാസോ വസീമഹി
ശയീമഹി മഹീപൃഷ്ഠേ കുര്‍വ്വിമഹി കിമീശ്വരൈഃ 55

ഞങ്ങള്‍ ഭിക്ഷാടനത്താല്‍ സിദ്ധിച്ച ചോറിനെ ഭക്ഷിക്കുകയും ദിക്കാകുന്ന വസ്ത്രത്തെ ധരിക്കുകയും, ഭൂതലത്തില്‍ കിടക്കുകയും ചെയ്യുന്നു. പ്രഭുക്കന്മാരെക്കൊണ്ട് ഞങ്ങള്‍ക്ക് എന്തു കാര്യമാണുള്ളത്? വിരക്തനും, ഭിക്ഷുവുമായി ജീവിക്കുന്ന യതിക്ക് രാജാവിനെയും, ധനികന്മാരെയുംകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു സാരം.

എല്ലാം കൊണ്ടും വിവേകിയല്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം ഇഹലോകജീവിതം ദുഃഖഭൂയിഷ്ടമാണെന്നും, അതില്‍നിന്നും മുക്തനാകുന്നതിനുള്ള രാജപാത വിവേകം സമ്പാദിച്ച് വിരക്തനായിത്തീരുകയാണെന്നും “വൈരാഗ്യശതകം” നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിവേകവൈരാഗ്യങ്ങള്‍ സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത്യപാരായണത്തിനും, നിരന്തരസ്മരണത്തിനും ഏറ്റവും അനുയോജ്യമായ ഒരു കൃതിയാണ് “വൈരാഗ്യശതകം”.

വൈരാഗ്യശതകം – ഉള്ളടക്കം

1. തൃഷ്ണാദൂഷണം
2. വിഷയപരിത്യാഗവിഡംബനാ
3. യാജ്ഞാദൈന്യദൂഷണം
4. ഭോഗാസ്ഥൈര്യവര്‍ണനം
5. കാലമഹിമാനുവര്‍ണ്ണനം
6. യതിനൃപതിസംവാദവര്‍ണ്ണനം
7. മനഃസംബോധനനിയമനം
8. നിത്യാനിത്യവസ്തുവിചാരഃ
9. ശിവാര്‍ച്ചനം
10. അവധൂതചര്യ

ഭര്‍തൃഹരി വൈരാഗ്യശതകം ഇ-ബുക്ക്: പ്രാചീനവും ജനപ്രിയവുമായ എല്ലാ ഗ്രന്ഥങ്ങളെയും പോലെ ഭര്‍തൃഹരിയുടെ ശതകങ്ങള്‍ക്ക് ഇന്ന് ലഭ്യമായിരിക്കുന്ന പാഠഭേദങ്ങള്‍ നിരവധിയാണ്. അതില്‍ 1914-ല്‍ മുംബയിലെ നിര്‍ണ്ണയസാഗര്‍ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ച ഭര്‍തൃഹരി ശതകത്രയം എന്ന പതിപ്പില്‍ കാണുന്ന അതേ ക്രമത്തിലാണ് ഈ ഇ-ബുക്കില്‍ ശ്ലോകങ്ങള്‍ നല്കിയിരിക്കുന്നത്. 1925-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. എം. ആര്‍. നാരായണപ്പിള്ളയുടെ പരിഭാഷയാണ് ഈ ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായി അതിലെ ഭാഷയില്‍ അവിടവിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കടപ്പാട്: ഭര്‍തൃഹരിയുടെ സുഭാഷിതങ്ങള്‍ മൂന്നും ടൈപ്പുചെയ്ത് ഈ-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചു തന്നത് എന്റെ സുഹൃത്തും ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ക്കെല്ലാം പരിചിതനുമായ ശ്രീ. പി. എസ്സ്. രാമചന്ദ്രന്‍ (രാമു) ആണ്. (നീതിശതകം നേരത്തെ തന്നെ ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു). രാമു ഇതിനകം മലയാളികള്‍ക്ക് നാരായണീയം, ദേവിമാഹാത്മ്യം, ശിവാനന്ദലഹരി മുതലായ നിരവധി ആധ്യാത്മികകൃതികളുടെ ഇ-ബുക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭര്‍തൃഹരി ശതകങ്ങള്‍ ഡിജിറ്റൈസ് ചെയ്തതിന് രാമുവിനോട് നാമെല്ലാം എന്നെന്നും കടപ്പെട്ടിരിക്കും.

ഡൗണ്‍ലോഡ് വൈരാഗ്യശതകം ഇ-ബുക്ക്

5 Responses to “ഭര്‍തൃഹരി വിരചിതം വൈരാഗ്യശതകം – Vairagya Sataka of Bhartruhari – Malayalam Translation”

 1. Rajesh says:

  sir, I appreciate your initiative. May god bless you with enough strength and energy to continue and progress. gkrajeshrajesh@gmail.com

 2. narayanan says:

  veryhappy

 3. narayanan says:

  I regularly used to read some of the items which I downloaded. I respectfully request you to include the item of Vedas chanting. Which pupil helps to down loaded it

 4. manu vadakkal says:

  bartr hari ragihha sringara shaakam up load chayumannu prateekshikunnu

Leave a Reply