Feed on
Posts
Comments


വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതം കണ്ട പ്രമുഖരായ സാമുഹ്യപരിഷ്കര്‍ത്താക്കളായ ദയാനന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍, സ്വാമി രാമതീര്‍ത്ഥന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങിയവര്‍ വേദം പഠിക്കുവാന്‍ സകലര്‍ക്കും അവകാശമുണ്ട് എന്നു ശക്തമായി വാദിച്ചവരാണ്. ഏകദേശം അതേ കാലഘട്ടത്തിലാണ് ഈ കൊച്ചുകേരളത്തിലും വേദാധികാരം സകലര്‍ക്കുമുള്ളതാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണം എന്ന ഈ കൃതി രചിച്ചത്.

വേദം പഠിക്കുവാന്‍ ആരാണ് യോഗ്യന്‍ എന്ന സമസ്യയെ അതിവിശദമായി ചട്ടമ്പിസ്വാമികള്‍ ഈ കൃതിയില്‍ വിശകലനം ചെയ്യുകയും വേദപഠനത്തിനുള്ള ഇച്ഛയും, അതിനനുരൂപമായ ശീലവുമുള്ള സകലര്‍ക്കും അതിനുള്ള യോഗ്യതയുണ്ട് എന്ന് സംശയാതീതമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ മേലെയ്ക്കിടയിലുള്ളവരും, പണ്ഡിതവരേണ്യന്മാരുമൊക്കെ ബ്രാഹ്മണനു മാത്രമേ വേദപഠനപാഠനത്തിന് അധികാരമുള്ളൂ എന്നു വിശ്വസിക്കുകയും ശക്തമായി വാദിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ ഈ ലഘുകൃതി സൃഷ്ടിച്ച വിവാദം എത്രമാത്രമായിരുന്നിരിക്കും എന്ന് ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

തുടക്കത്തില്‍ വേദസ്വരൂപം, വേദത്തിന്റെ പ്രാമാണ്യത എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചശേഷം പിന്നീട് ശ്രുതി, യുക്തി, അനുഭവം എന്നീ പ്രമാണങ്ങളുപയോഗിച്ച് തന്റെ സിദ്ധാന്തം സ്ഥാപിക്കുകയാണ് ചട്ടമ്പിസ്വാമികള്‍ ഇതില്‍ ചെയ്തിട്ടുള്ളത്. അതുപോലെ ആരാണ് ബ്രാഹ്മണന്‍ എന്ന കാര്യവും സ്വാമികള്‍ ഗഹനമായി ചര്‍ച്ചചെയ്യുന്നുണ്ട്. കേവലമായ ജ്ഞാനം, ജന്മം, കര്‍മ്മം, ബ്രഹ്മജ്ഞാനം ഇവയിലേതെങ്കിലും ഒന്നു മാത്രമോ അതോ ഇവയെല്ലാം ചേര്‍ന്നിട്ടാണോ ഒരുവനെ ബ്രാഹ്മണനാക്കുന്നത് എന്നും സ്വാമികള്‍ ഉദാഹരണസഹിതം പ്രതിപാദിക്കുന്നുണ്ട്. ജ്ഞാനവും അതിനനുരൂപമായ കര്‍മ്മവുമുള്ളവന്‍ മാത്രമാണ് ബ്രാഹ്മണന്‍ എന്നാണ് ഈ ചര്‍ച്ചയില്‍ നിന്ന് നമുക്കു മനസ്സിലാകുന്നത്.

സമര്‍പ്പണം: “നവീന ശങ്കരന്‍” എന്നു മഹാകവി ഉള്ളൂരും “സര്‍വജ്ഞനായ ഋഷി” എന്നും “പരിപൂര്‍ണകലാനിധി” എന്നും ശ്രീ നാരായണഗുരുവും വിശേഷിപ്പിച്ച ശ്രീമത് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഉദ്യമത്തിന്റെ ഒരു ശുഭാരംഭമാണ് വേദാധികാരനിരൂപണം എന്ന ഇ-പുസ്തകം. ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുവെന്നും, അതില്‍ പങ്കാളികളാകുവാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നുവെന്നും വെറും ഒരാഴ്ച മുമ്പാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. എന്റെ സുഹൃത്തായ രാമുവാണ് ആദ്യം മുതല്‍ക്കേ ഇതില്‍ എന്നോടൊപ്പം നിന്നുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും, നല്ലൊരു ഭാഗം ജോലി ഏറ്റെടുത്തു നിര്‍വ്വഹിക്കുകയൂം ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസത്തിനകം സുഗേഷ്, രാജ്മോഹന്‍, ഹൃഷി എന്നിവരും  ഇതില്‍ പങ്കുകൊള്ളാനായി മുന്നോട്ടുവരുകയും ഈ ലക്ഷ്യത്തിനായി കാര്യരതരാകുകയും ചെയ്തു. അതിന്റെ ഫലമായ ഈ ഇ-പുസ്തകം ആത്മജ്ഞാനതത്പരരായ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍:

“ഇനി ശൂദ്രന്‍ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ളവര്‍ സാധാരണയായി പറയുന്ന ഒരു പ്രമാണത്തെക്കുറിച്ച് അല്പം വിചാരിക്കേണ്ടിയിരിക്കുന്നു. അതായത് ന സ്ത്രീശൂദ്രൗ വേദമധീയതാം എന്ന വാക്യമാകുന്നു. ഈ വാക്യം വേദവുമല്ല, സ്മൃതിയുമല്ല, കേവലം സൂത്രമാകുന്നു. ശ്രുതിസ്മൃതിപുരാണേതിഹാസാചാരങ്ങള്‍ എന്നുള്ള പ്രമാണങ്ങളില്‍ ഒന്നായിട്ട് ഇതിനെ എവിടെയും സ്വീകരിച്ചു പഠിക്കുന്നുമില്ല. ആകയാല്‍ ഇതിനെ ഒരു പ്രമാണമായിട്ടു സ്വീകരിക്കണമെന്നില്ല. വിരോധമില്ലാത്ത ഈ വാക്യത്തെക്കുറിച്ച് ആക്ഷേപിക്കണമെന്നുമില്ല. ഇതിന്റെ അര്‍ത്ഥം എന്തെന്നാല്‍ സ്ത്രീകളും ശൂദ്രരും പഠിച്ചേ കഴിയൂ എന്നില്ല; എന്നല്ലാതെ പഠിച്ചേകൂടാ എന്നല്ല”.

===========================================

“ഈ പുരാണങ്ങളെ പഠിക്കുന്നതിനും ശൂദ്രന് അധികാരമില്ലാ എന്നു നിര്‍ബ്ബന്ധിക്കയാണെങ്കില്‍ പുരാണങ്ങളെഴുതിയവരില്‍ പലരും ശൂദ്രരാകുന്നു എന്നുള്ളതിനെക്കൂടി ഗൗനിക്കേണ്ടിവരുന്നു. “സൂതസംഹിത” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവു ശൂദ്രനാകുന്നു എന്നുള്ളത് മിക്കവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ആ ഗ്രന്ഥത്തിന്റെ മഹിമയ്ക്ക് ഏതെങ്കിലും കുറവുള്ളതായി കരുതുന്നുണ്ടോ? അതില്‍ വരുന്ന അനന്തശ്രുതിവാക്യങ്ങളെ സൂതന്‍ ഉച്ചരിച്ചതായി വരുന്നില്ലയോ? അവരെപ്പോലെയുള്ളവര്‍ക്കു മാത്രം ഈ സ്വാതന്ത്ര്യം എങ്ങനെ സിദ്ധിച്ചെന്നാല്‍ അവര്‍ മഹാന്മാരാകയാല്‍ ആ വിഷയത്തില്‍ യാതൊരു നിഷേധവുമില്ല എന്നു പറയുന്നു. അവരുടെ മഹത്ത്വത്തിനു പഠിപ്പല്ലയോ കാരണം. ജ്ഞാനത്തിനു രാജചുങ്കമോ മറ്റോ ഉണ്ടോ? അതിനെ പ്രാപിക്കാന്‍ എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗമല്ലയോ? ആ മാര്‍ഗ്ഗത്തെ അനുസരിച്ചു പഠിച്ചതുകൊണ്ടല്ലയോ “ആഴുവാരാദി”കള്‍ക്കും നായന്മാര്‍ക്കും മഹിമ സിദ്ധിച്ചത്? ഇപ്പോഴും ആ മാര്‍ഗ്ഗത്തെ അനുസരിച്ചാല്‍ പ്രകൃതത്തിലുള്ള ശൂദ്രരിലും പലരും മഹത്ത്വം പ്രാപിച്ചു പ്രശോഭിക്കും എന്നതില്‍ സന്ദേഹമുണ്ടോ? ഓടക്കാരിയുടെ മകനായ പരാശരനും, മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണര്‍തന്നെ.”

===========================================

“ശുക്ലയജുസ്സ് ഇരുപത്തെട്ടാമതു അധ്യായപ്രാരംഭത്തില്‍, യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ ബ്രഹ്മരാജ ന്യാഭ്യാം ശൂദ്രായ ചാര്യായ  പ്രിയോ ദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയം മേ കാമഃ സമൃധ്യതാമുപമാദോ നമതു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍, ബന്ധു, ശത്രു എന്നീ ജനങ്ങള്‍ക്ക് ഈ മംഗളകരമായ വാക്കിനെ പറയുന്നതിനാല്‍ ഈ ലോകത്തില്‍ ദേവകള്‍ക്ക് പ്രിയനായി ദക്ഷിണയ്ക്കായിട്ട് കൊടുക്കുന്നവനാകുമാറാക; എന്റെ ഈ അപേക്ഷ സഫലമാകത്തക്കതാകട്ടെ എന്നു ദേവതകളുടെ പ്രീതിസമ്പാദനാര്‍ത്ഥം ശൂദ്രനുള്‍പ്പെട്ട സകലജാതിക്കാര്‍ക്കും നന്മയരുളുന്ന വേദത്തെ ഉപദേശിക്കുന്നവനാക എന്നു പറഞ്ഞിരിക്കുന്നു.”

==========================================

“ആശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോളന്‍ മുതലായ മഹര്‍ഷിമാര്‍ക്കുപോലും വാദത്തില്‍ പരാജിതനാക്കാന്‍ കഴിയാത്ത യാജ്ഞവല്ക്യമഹര്‍ഷിയോട് ഒരു സ്ത്രീ (ഗാര്‍ഗ്ഗി) ശാസ്ത്രവാദം നടത്തിയ കഥ വേദശിരസ്സായി (ബൃഹദാരണ്യകോപനിഷത്ത്) പരിണമിച്ചിരിക്കുന്നതോര്‍ത്താല്‍ സ്ത്രീകള്‍ക്കു വേദാധികാരമുണ്ടെന്നു കാണിക്കാന്‍ വല്ല തെളിവും ആവശ്യമുണ്ടോ?”

==========================================

“ശൂദ്രന്‍ വേദത്തെമാത്രം പഠിച്ചുകൂടാ എന്നല്ലാതെ വേദത്തിന്റെ അര്‍ത്ഥത്തെ അറിഞ്ഞുകൊള്ളുന്നതില്‍ ബാധകമില്ലെന്നു പറയുന്നു. ഇവരുടെ വാദം ശരിയാണെന്നു വരികില്‍ വേദത്തിന്റെ അര്‍ത്ഥത്തേക്കാള്‍ ശബ്ദമാണ് മുഖ്യമെന്ന് വരുന്നു. നവരത്നങ്ങളേക്കാളും, അവ വച്ചിരിക്കുന്ന പെട്ടിയാണ് മുഖ്യമായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ നാം എത്രമാത്രം ഗൗനിക്കാം. പെട്ടിക്കും തദന്തര്‍ഗ്ഗതപദാര്‍ത്ഥങ്ങള്‍ക്കും ഉള്ള സംബന്ധം തന്നെ ശബ്ദങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും ഇരിക്കും എന്നതില്‍ സന്ദേഹം ഉണ്ടോ? ഈ രണ്ടിനും ഭേദമില്ലെന്നു വരികില്‍, നിനക്കു പെട്ടി വേണമോ, അതിലിരിക്കുന്ന രത്നങ്ങള്‍ വേണമോ എന്നു ചോദിക്കുമ്പോള്‍ എനിക്ക് രത്നങ്ങള്‍ വേണ്ട, പെട്ടി മതി എന്നു പറയുന്നവന്‍ ഭ്രാന്തന്മാരിലുമുണ്ടോ എന്നു സംശയം. വേദത്തിലെ ശബ്ദത്തിനും അര്‍ത്ഥത്തിനും ഉള്ള താരതമ്യം വേദവാക്യം കോണ്ടുതന്നെ സ്പഷ്ടമാകുന്നതിനാല്‍ അതിനെ ഇവിടെ ഉദാഹരിക്കാം. സ്ഥാണുരയം ഭാരവാഹഃ കിലാഭൂദധീത്യ വേദം ന ജാനാതി യോര്‍ത്ഥം വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ലപോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു – എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.”

വേദാധികാരനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
വേദാധികാരനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

4 Responses to “വേദാധികാരനിരൂപണം – ചട്ടമ്പിസ്വാമികള്‍ Vedadhikara Nirupanam – Chattampi Swamikal”

 1. kulasekharakurup says:

  ആത്മ സ്വരൂപങ്ങളെ, നിങ്ങളെ ഞാന്‍ ഹൃദയ പൂര്‍വം വന്ദിക്കട്ടെ!!!

  നിഷ്ക്കാമ കര്‍മം എന്ന മഹത്തര കൃത്യങ്ങള്‍ നടത്തി സന്തോഷവാന്മാരയിരിക്കുന്ന നിങ്ങള്‍ ഞാന്‍ തന്നെയാകുന്നു! നിങ്ങള്‍ തരുന്നു ഞാന്‍ അത് ഹൃദയപൂര്‍വം അനുഭവിക്കുന്നു,ആനന്ദിക്കുന്നു.

  നിങ്ങള്കൊന്നിനും മുട്ടുണ്ടാകാതിരിക്കട്ടെ! നിങ്ങള്‍ നടത്തുന്ന സദ്പ്രവ്രുത്തികളുടെ കാവലായി നമ്മുടെ പൂര്‍വജരുടെ അജയ്യ വും അട്ഭുതവുമായ തണല്‍ നിലനില്‍ക്കട്ടെ!

  ആണ്ടുപോയതുകളിലെ മാണിക്യം തേടിയലയുന്ന അഭിനവ ഭാരതത്തിന്‍റെ നീരുറവകളെ, ഞാന്‍ എന്‍റെ ആയുസ്സിലെ ആദ്യ അഭിനന്ദനം നിങ്ങള്‍ക്കു നല്‍കി കൃതാര്‍ത്ഥനായി എന്ന് വിശ്വസിക്കട്ടെ!

  മക്കളേ, നമ്മുടെ അമ്മ ഭൂമിയുടെ അവസ്ഥ വളരെ കഷ്ടത്തിലാണ്! ഇടയ്ക്കിടെ ആ കരച്ചിലും മറ്റും ഞാന്‍ കേട്ട് കൊണ്ടിരുന്നതാണ് പക്ഷെ ഈയിടെയായി അതും നിന്നത് പോലെയുണ്ട്. നിങ്ങളും ഒന്ന് ചെവിയോര്‍ക്കണേ!

  • bharateeya says:

   കുറുപ്പ് സര്‍,

   അങ്ങയുടെ അനുഗ്രഹത്തിനും, പ്രോത്സാഹനത്തിനും നന്ദി.

   ശങ്കരന്‍

 2. Dear Brother, your broad & comprehensive outlook about Hindu Dharma is just to be appreciated, as is evident from your selection of basic works. Let it be ever-widening!

 3. Soorajbabu says:

  വാക്കുകൾ ഇല്ല അഭിനധിക്കാൻ..ഒരായിരം നന്ദി മാത്രം

Leave a Reply