Feed on
Posts
Comments


മഹാഭാരതം: വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ.  ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് –

ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്

“ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ. ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയുമില്ല”. മഹാഭാരതം രചിക്കപ്പെട്ടിട്ട് ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും കഴിഞ്ഞിട്ടും അത് ജനസാമാന്യത്തിനും, പണ്ഡിതന്മാര്‍ക്കും ഒരുപോലെ രോചകവും, പ്രേരകവുമായി വര്‍ത്തിക്കുന്നതും ഈ വിശേഷത ഒന്നുകൊണ്ടുമാത്രമാണ്.

വിദുരനീതി: മഹാഭാരതകഥയിലെ ഏറ്റവും നിര്‍ണായകമായ ഒരു പ്രതിസന്ധിയാണ് ഉദ്യോഗപര്‍വത്തില്‍ നാം കാണുന്നത്. ഒരു വശത്ത് യുദ്ധത്തിനുള്ള സകലവിധസന്നാഹങ്ങളും ദ്രുതഗതിയില്‍ നടക്കുകയും, അതേസമയം മറുവശത്ത് യുദ്ധം ഒഴിവാക്കുവാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. അതിന്റെ ഭാഗമായി ധൃതരാഷ്ട്രര്‍ അയച്ച ദൂതനായ സഞ്ജയന്‍ പാണ്ഡവരെച്ചെന്നു കണ്ടിട്ട് അവരുടെ സന്ദേശവുമായി തിരിച്ചെത്തുന്നു. അദ്ദേഹം ധൃതരാഷ്ട്രരെ ഒരുപാട് ശകാരിക്കുകയും ശാസിക്കുകയും ചെയ്യുന്നു. “അങ്ങയുടെ അപരാധം കാരണം കൗരവര്‍ മുഴുവന്‍ തീയില്‍പെട്ട ഉണക്കവൈക്കോല്‍ എന്ന പോലെ ദഹിച്ചുചാമ്പലാകും” എന്ന് അദ്ദേഹം താക്കീത് നല്കുന്നു. പാണ്ഡവരുടെ സന്ദേശം അടുത്തദിവസം സഭയില്‍ പ്രസ്താവിക്കാമെന്ന് പറഞ്ഞ് സഞ്ജയന്‍ വിശ്രമിക്കുന്നതിനായി സ്വഗൃഹത്തിലേയ്ക്ക് പോകുന്നു.

അസഹ്യമായ മാനസികസംഘര്‍ഷം കൊണ്ട് ഉറങ്ങുവാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ ദൂതനെ അയച്ച് വിദുരരെ വിളിപ്പിക്കുകയും താനെന്തുചെയ്യണമെന്നതിനെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്യുന്നു. അതനുസരിച്ച് വിദുരര്‍ നല്കുന്ന ഉപദേശമാണ് ഉദ്യോഗപര്‍വത്തിലെ 33 മുതല്‍ 40 വരെയുള്ള എട്ട് അദ്ധ്യായങ്ങളിലായി അഞ്ഞൂറിലധികം ശ്ലോകങ്ങളുള്ള് ഈ “വിദുരനീതി”. ജീവിതത്തിന്റെ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനും മാര്‍ഗദര്‍ശനം നല്കുവാനും, അവന്റെ ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അതിനെ ശരിയായി അനുഷ്ഠിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതിനും വിദുരനീതി പര്യാപ്തമാണ്.

വിദുരനീതി എന്തിന്? ആര്‍ക്കുവേണ്ടി?

അര്‍ജുനനെ നിമിത്തമാക്കി യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഗീതോപദേശം ചെയ്തതുപോലെ അന്ധനും, പുത്രനോടുള്ള സ്നേഹാധിക്യത്താല്‍ ധര്‍മ്മാന്ധനുമായ ധൃതരാഷ്ട്രരെ നിമിത്തമാക്കി വിദുരര്‍ ഈ ഉപാഖ്യാനത്തിലൂടെ എക്കാലത്തേയ്ക്കും ഏവര്‍ക്കുമായി എന്താണ് ധര്‍മ്മം എന്ന് വിവരിക്കുകയാണ്.

ഉപദേശം നല്കുന്നവരും, ശ്രവിക്കുന്നവരും നിരവധിയുണ്ടാകാം. എന്നാല്‍ ഹിതകരമായ ഉപദേശം നല്കുന്നവരും അതിനെ സ്വാംശീകരിക്കുന്നവരും വളരെ വിരളമാണെന്നാണ് വിദുരരുടെ അഭിപ്രായം.

സുലഭാഃ പുരുഷാ രാജന്‍ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ലഭഃ

“അല്ലയോ രാജന്‍! പ്രിയമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും സുലഭമാണ്. എന്നാല്‍ അപ്രിയവും, പഥ്യവുമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും വളരെ ദുര്‍ലഭമാണ്.”

താഴെ പറയുന്ന അര്‍ഥഗര്‍ഭമായ വാക്കുകള്‍ ഒരു സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ പറഞ്ഞിട്ടുള്ളവയാണ്.

ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി

“ധര്‍മ്മമെന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് അനുഷ്ഠിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് അധര്‍മ്മമെന്താണെന്നറിയാം. എന്നാല്‍ അത് അനുഷ്ഠിക്കാതിരിക്കുവാനും എനിക്ക് കഴിയുന്നില്ല. എന്റെ ഉള്ളിലിരിക്കുന്ന ഏതോ ഒരു ശക്തി എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നുവോ അതൊക്കെ ഞാന്‍ ചെയ്യുന്നു.”

മനഃസംയമനം സാധിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിയുടെയും അനുഭവം ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അന്നും ഇന്നും എന്നും അത് അങ്ങനെ വരുവാനേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വയോവൃദ്ധനും, ജ്ഞാനവൃദ്ധനുമായ ധൃതരാഷ്ട്രരും വിദുരരുടെ അമൃതതുല്യമായ ഉപദേശം കേട്ടിട്ടും പുത്രമോഹം മൂലം അതുള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

ലോകത്തിന്റെ ഈ വിചിത്രസ്വഭാവം കണ്ട് അതിശയവും, ദുഃഖവും, നിസ്സഹായതയും പ്രകടിപ്പിച്ചുകൊണ്ട് പരിണതപ്രജ്ഞനായ വ്യാസമഹര്‍ഷി പോലും ഇങ്ങനെ പറയുകയുണ്ടായി –

ഊര്‍ധ്വബാഹുര്‍വിരൗമ്യേഷഃ നഹി കശ്ചിച്ഛൃണോതി മേ
ധര്‍മ്മാദര്‍ഥശ്ച കാമശ്ച സ ധര്‍മ്മഃ കിം ന സേവ്യതേ

രണ്ടു കൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ ഞാന്‍ ഉച്ചത്തില്‍ കരയുകയാണ്, “ധര്‍മ്മത്തില്‍ നിന്നാണ് കാമവും, അര്‍ഥവും സിദ്ധിക്കുന്നത്. അങ്ങനെയുള്ള ധര്‍മ്മത്തെ എന്തുകൊണ്ടാണ് ആരും തന്നെ ആചരിക്കാത്തത്?” എന്ന്. എന്നാലും ഞാന്‍ പറയുന്നത് ആരും തന്നെ കേള്‍ക്കുന്നില്ല.

വിദുരനീതിയുടെ ഈ പുസ്തകം വായിക്കുന്ന കുറച്ചുപേരെ ങ്കിലും, വിദുരരുടെ ഈ ജ്ഞാനഭണ്ഡാഗാരത്തിലെ അനര്‍ഘങ്ങളായ മുത്തുകളെ സ്വായത്തമാക്കുകയും, മഹാഭാരതഗ്രന്ഥം മുഴുവന്‍ ഒന്നു വായിക്കുവാനുള്ള  പ്രേരണ ഇതില്‍നിന്നു നേടുകയും ചെയ്യുന്നുവെങ്കില്‍ ഈയുള്ളവന്‍ കൃതാര്‍ഥനാകും.

അക്ഷരത്തെറ്റുകളോ, മറ്റെന്തെങ്കിലും പോരായ്മയോ ഇതില്‍ കാണുകയാണെങ്കില്‍ എന്നെ അറിയിക്കണമെന്ന് വിജ്ഞന്മാരായ എല്ലാ വായനക്കാരോടും അപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക് 1

ഡൗണ്‍ലോഡ് ലിങ്ക് 2

8 Responses to “വിദുരനീതി അര്‍ത്ഥസഹിതം”

  1. Anirudhan says:

    Sankar,
    I should bow infront of you and the people who helped to do this for creating this site. Its superb !!!. I know Its not very easy to do this. Great work and keep it up . If you are able to upload/Create Shanthi Parva of Mahabharath in malayalam , will be great
    Anirudhan

    • bharateeya says:

      Anirudhan,

      Sanskrit text of Mahabharata is available online in Unicode font. It can easily be converted to Malayalam Unicode. But, some characters may not be converted correctly into Malayalam font. Someone will have to go through the entire text and make corrections. This requires lots of manpower. Moreover, merely providing Mahabharata slokas without meaning is of no use to the majority of the readers. Typing & proof-reading of the translation of all the slokas is a project that will take years to complete. At present I do not dare to take up such large projects.

      • Anirudhan says:

        Sir
        Thanks . Do you have the Link of Mahabharata in unicode font ?. If you post it here it will be nice. I can understand conversion issue . Converting huge text to Malayalam with meaning is not at all easy. The problem is I do not know Sankskrit [One of big mistake not learning Sanskrit]. I felt Just reading in the sanskrit text in malayalam without understanding its meaning might not serve any purpose . Still I will try
        Thanks
        Anirudhan

  2. bhattathiri says:

    Excellent

  3. JAI JEETH says:

    GREAT JOB !!
    AUM !!

  4. It is indeed a very great effort on your part to make available so many books.. each book is worth its weight in gold.. I have been taking advantage of this site for a long time now..
    I am grateful for the the originals books made available..
    Of course, I am not sure about the quality of the translations, commentaries etc.. for example I have seen Vidura neeti, yakshaprasnam, sanat sujaatheeyam etc commented upon in many languages and even the original Sanskrit texts and Commentaries.. So it is not fair on my part to say anything about the quality of a translation meant for the layman..
    I remain grateful..
    God bless.

  5. Adv. M J Manoj Nair says:

    പുണ്യ ശ്രീമന് വന്ദനം.
    ആദ്യമായി ഞാൻ അങ്ങയുടെ പാദം നമസ്കരിക്കട്ടെ.
    ഇത്രയും വലിയൊരു കർമ്മ നിവൃത്തി ക്കു സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനു കാഴ്ച കാരനായ ഞാനും പുണ്യം അനുഭവിക്കുന്നു. സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തതിൽ അധികം ആണ്. സർവ മംഗളങ്ങളും ഭവിക്കട്ടെ. ഇനിയും മുന്നേറാനുള്ള ശക്തി സർവേശ്വരൻ നൽകുമാറാകട്ടെ.
    നന്ദി.
    അഡ്വ. എം. ജെ. മനോജ്‌ നായർ

Leave a Reply to ananthanarayanan