Feed on
Posts
Comments

സദ്ഗുരുവിന്റെ കാല്‍ക്കലിരുന്ന് അഭ്യസിക്കപ്പെടുന്നതും ആത്മസ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്തെ സമൂലം നശിപ്പിച്ച് മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നതുമായ വിദ്യയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്ത് എന്നാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഉപനിഷത്ത് ഗ്രന്ഥത്തെ നാം ഔപചാരികമായി ഉപനിഷത്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ബ്രഹ്മവിദ്യയാണ് ഉപനിഷത്ത്.

അസംഖ്യം ഉപനിഷത്തുക്കളുള്ളതില്‍ പത്തെണ്ണം മുഖ്യമായി കരുതപ്പെടുന്നു. അവയില്‍ ഒന്നാണ് അഥര്‍വവേദാന്തര്‍ഗതമായ മുണ്ഡകോപനിഷത്ത്. ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ബൃഹത്തായ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കണക്കിലെടുത്താല്‍ ഈ ഉപനിഷത്ത് അവയോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുമെന്നതില്‍ സംശയമില്ല. വളരെ പ്രസിദ്ധമായ അനവധി മന്ത്രങ്ങള്‍ ഈ ഉപനിഷത്തിലുണ്ട്. ഇതിലെ “അന്ധേനൈവ നീയമാനാ യഥാന്ധാഃ” എന്ന ഉപമ കേള്‍ക്കാത്തവരുണ്ടാവില്ല. “Like the blind leading the blind” എന്നു ആംഗലേയഭാഷയില്‍ ഒരു പ്രയോഗം തന്നെയുണ്ട്. ഒരു പക്ഷേ ലോകത്തിലെ എല്ലാ ഭാഷകളിലും ഇതിനു സമാനമായ പ്രയോഗങ്ങളുണ്ടാകാം.

പ്രണവമന്ത്രത്തിനെ വില്ലായി സങ്കല്പിക്കുന്ന സുപ്രസിദ്ധമന്ത്രവും ഈ ഉപനിഷത്തിന്റെ ഭാഗമാണ്.

പ്രണവോ ധനുഃ ശാരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധവ്യം ശരവത് തന്മയോ ഭവേത് (2.2.4)

(കഴിഞ്ഞ മന്ത്രത്തില്‍ വര്‍ണ്ണിച്ച ദൃഷ്ടാന്തത്തില്‍) വില്ല് പ്രണവവും, ശരം ആത്മാവും, അമ്പിന് ലക്ഷ്യം ബ്രഹ്മവുമാണെന്ന് പറയപ്പെടുന്നു. (മോക്ഷാര്‍ഥി) യാതൊരു അശ്രദ്ധയും കൂടാതെ ആ ബ്രഹ്മത്തെ പ്രണവമാകുന്ന ശരം കൊണ്ട് പിളര്‍ക്കുകയും, അമ്പ് ലക്ഷ്യത്തില്‍ തറച്ച് അതിന്റെ ഭാഗമായിത്തീരുന്നതുപോലെ ബ്രഹ്മവുമായി തന്മയനാകുകയും ചെയ്യേണ്ടതാണ്.

അതു കൂടാതെ ജീവത്മാവിനെയും, പരമാത്മാവിനെയും ഒരേ വൃക്ഷത്തിലിരിക്കുന്ന രണ്ടുപക്ഷികളായി വര്‍ണ്ണിക്കുന്ന മന്ത്രവും ഇതിലുള്ളതാണ്.

ദ്വാ സുപര്ണാ സയുജാ സഖായാ സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യഃ പിപ്പലം സ്വാദ്വത്ത്യനശ്നന്നന്യോ അഭിചാകശീതി (3.1.1)

വളരെ അടുത്തു ബന്ധമുള്ള രണ്ടു പക്ഷികള്‍ ഒരേ വൃക്ഷത്തില്‍ ചേക്കേറിയിരിക്കുന്നു. അവയിലൊരു പക്ഷി രുചിയുള്ള പഴം ഭക്ഷിക്കുന്നു. രണ്ടാമത്തെ പക്ഷി ഒന്നും ഭക്ഷിക്കാതെ നോക്കിയിരിക്കുന്നു. (ഈ പക്ഷികള്‍ ജീവാത്മാവും, പരമാത്മാവുമാണ്).

സമാനേ വൃക്ഷേ പുരുഷോ നിമഗ്നോഽനീശയാ ശോചതി മുഹ്യമാനഃ
ജുഷ്ടം യദാ പശ്യത്യന്യമീശമസ്യ മഹിമാനമിതി വീതശോകഃ (3.1.2)

ഒരേ വൃക്ഷത്തിലിരിക്കുന്ന അവയിലൊന്ന് (ജീവാത്മാവ്) അജ്ഞാനത്തില്‍ മഗ്നനായി മോഹത്തിന് വശപ്പെട്ട് തന്റെ അസ്വാതന്ത്ര്യത്തിനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നു. എന്നാല്‍ എപ്പോഴാണോ ജീവത്മാവ് ആരാധ്യനായ രണ്ടാമനെ (ഈശനെ) കാണുകയും അവിടുത്തെ മഹിമയെ അറിയുകയും ചെയ്യുന്നത് അപ്പോള്‍ അവന്‍ ദുഃഖമില്ലാത്തവനായിത്തീരുന്നു.

ഇതിലെല്ലാമുപരി വേദത്തിലെ കര്‍മ്മകാണ്ഡത്തിനെ നിന്ദിക്കുന്ന അഥവാ അവയില്‍ പറഞ്ഞിരിക്കുന്ന യാഗാദികര്‍മ്മങ്ങളുടെ പരിമിതികളെ എടുത്തുപറയുന്ന മന്ത്രങ്ങളും ഈ ഉപനിഷത്തില്‍ നമുക്കു ദര്‍ശിക്കാം. “പ്ലവാ ഹ്യേതേ അദൃഢാ യജ്ഞരൂപാഃ” എന്ന് ഇതില്‍ ഋഷി ഉദ്ഘോഷിക്കുന്നു. യജ്ഞത്തിന്റെ ഫലമായി ലഭിക്കുന്ന സ്വര്‍ഗ്ഗാദി ലോകങ്ങള്‍ അനുഭവിക്കുവാന്‍ ഇച്ഛിക്കുന്നവന്‍ ഒരിക്കലും മോക്ഷം നേടുന്നില്ല എന്നും യാത്രക്കാരനെ കടലില്‍ താഴ്ത്തുന്ന ഉറപ്പില്ലാത്ത തോണിയെപ്പോലെ ഈ കര്‍മ്മങ്ങള്‍ നമ്മെ സംസാരസാഗരത്തില്‍ മുക്കിത്താഴ്ത്തുമെന്നും ഋഷി വ്യക്തമാക്കുന്നു. “ജ്ഞാനാദേവ തു കൈവല്യം” – ബ്രഹ്മജ്ഞാനത്തിലൂടെ മാത്രമേ മോക്ഷപ്രാപ്തിയുണ്ടാകൂ എന്നതാണ് ഈ ഉപനിഷത്ത് നല്കുന്ന സന്ദേശം.

ഇങ്ങനെ എല്ലാം കൊണ്ടും ഉപനിഷത്സാഹിത്യത്തിന്റെ ഒരു ഉത്തമനിദര്‍ശനമാണ് “മുണ്ഡകോപനിഷത്ത്” എന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിന്റെ പരിഭാഷയിലോ, ടൈപ്പിങ്ങിലോ എന്തെങ്കിലും പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം അഭിജ്ഞരായ വായനക്കാര്‍ ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഈ എളിയ ഉപഹാരം സഹൃദയരായ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

മുണ്ഡകോപനിഷത് ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
മുണ്ഡകോപനിഷത് ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2

6 Responses to “മുണ്ഡകോപനിഷത് അര്‍ത്ഥസഹിതം”

  1. Asokan says:

    Namaskaram,

    Thank you very much for your self-less services. May almighty bless you abundantly.

    pranams,

    asokan

  2. Prathap says:

    Namasthe
    Very good, thank you very much. May god bless you. Please upload other upanishad and vedas

  3. Sivasankaran says:

    Thank you very much for publishing this very knowledgeable book for public on free of cost. This will help lot of poeple those who are interested to know about our Upanishads and Vedas.

    Once again thank you for your effort.

    God bless you.

    With best wishes

    S-sankaran-K

  4. Rajesh says:

    Its amazing………… Highly appreciated your hard work.

    • mohan says:

      Sir, I have translted ‘Alatha shanthi Prakaranam’, one of the four parts of the Gaudapaadeeya kaarika on Mandukyopanishad in Malayalam. Can I upload it in this forum?

Leave a Reply