Feed on
Posts
Comments

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു പ്രത്യേകത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ശ്രീ വൈക്കം വിവേകാനന്ദന്‍ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും, സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളതും, ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളതും ആയ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകത്തിലൂടെ ശ്രീ ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.

ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ മിഥ്യാധാരണകളെ പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്. തന്റെ മേല്‍പറഞ്ഞ വാദങ്ങളെ ശക്തിപ്പെടുത്തുവാനായി പ്രാചീനമലയാളം ഒന്നാം ഭാഗത്തില്‍ സ്വാമികള്‍ സംക്ഷിപ്തമായി മാത്രം പറഞ്ഞ ചില അംശങ്ങളെ വിശദമാക്കുകയും അവയെ സ്ഥാപിക്കുകയുമാണ് പ്രാചീനമലയാളം രണ്ടാം ഭാഗത്തിന്റെ ഉദ്ദേശ്യം.

കൃതജ്ഞത

ശ്രീ ചട്ടമ്പിസ്വാമികളുടെ നിരവധി കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടാതെ കാലയവനികയില്‍ മറഞ്ഞതുപോലെ പ്രാചീനമലയാളത്തിന്റെ മറ്റു ഭാഗങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് ഇതുവരെ എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍ അതിന്റെ രണ്ടാം ഭാഗത്തിന്റെ ഏകദേശം നൂറുവര്‍ഷം പഴക്കമുള്ള ഒരു കൈയ്യെഴുത്തുപ്രതി കണ്ടെത്തിയ വൈക്കം വിവേകനന്ദനോട് നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുകയാണ്. അതുപോലെ തന്നെ ഈ കൃതിയുടെ പി. ഡി. എഫ്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയച്ചുതന്ന സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇതോടൊപ്പം രേഖപ്പെടുത്തുന്നു.

പ്രാചീന മലയാളം രണ്ടാം ഭാഗം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Leave a Reply