Feed on
Posts
Comments

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച ഒരു ഭാഷാചരിത്രപഠനഗ്രന്ഥമാണ് ആദിഭാഷ. ചട്ടമ്പിസ്വാമികള്‍ ഈ കൃതി തമിഴിലാണ് രചിച്ചതെന്നും, സ്വാമികളുടെ ശിഷ്യനും പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള അതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. ഈ കൃതി രചിക്കപ്പെട്ടിട്ട് ഏകദേശം 80 വര്‍ഷത്തേയ്ക്ക് പ്രസിദ്ധീകരിക്കപ്പെടാതെയും കണ്ടുകിട്ടാതെയും ഇരിക്കുകയാണുണ്ടായത്. പിന്നീട് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒരുമിച്ച് ഒരു ഗ്രന്ഥമായി ആദ്യമായി പ്രസിദ്ധീകരിച്ച് മലയാളികളുടെയെല്ലാം ആദരവും കൃതജ്ഞതയും പിടിച്ചുപറ്റിയ ശ്രീ. കെ. മഹേശ്വരന്‍ നായര്‍ പെരുമ്പാവൂരിലുള്ള ഒരു ചട്ടമ്പിസ്വമികളുടെ ഒരു ഭക്തഗൃഹസ്ഥനില്‍ നിന്ന് ഇതിന്റെ ഒരു പഴയ കൈയ്യെഴുത്തുപ്രതി കണ്ടെത്തി 2005 ല്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഈ മഹത്കൃത്യത്തിന് ഡോ. മഹേശ്വരന്‍ നായരോടും, ഇതിന്റെ കൈയ്യെഴുത്തുപ്രതി കേടുകൂടാതെ അതിദീര്‍ഘകാലം സുരക്ഷിതമായി വെച്ച ആ ഭക്തകുടുംബത്തോടും നാമെല്ലാവരും എന്നെന്നും കടപ്പെട്ടിരിക്കുന്നു.

സകലഭാഷകളുടെയും മാതാവാണ് സംസ്കൃതഭാഷ എന്ന വാദത്തെ ഈ കൃതിയിലൂടെ ചോദ്യം ചെയ്യുകയാണ് ചട്ടമ്പിസ്വാമികള്‍ ചെയ്തിരിക്കുന്നത്. തമിഴിന്റെയും മറ്റുദ്രാവിഡഭാഷകളുടേയും പൂര്‍വ്വരൂപമായ പ്രാചീനദ്രാവിഡഭാഷയാണ് സംസ്കൃതം മുതലായ എല്ലാ പരിഷ്കൃതഭാഷകളുടെയും മാതാവ് എന്നാണ് സ്വാമികള്‍ ഈ കൃതിയിലൂടെ സ്ഥാപിക്കുവാനുദ്ദേശിച്ചിട്ടുള്ളത്. ആദിഭാഷ ഉടലെടുത്തത് ആദ്യമായി ഈ ഭൂമിയില്‍ മനുഷ്യരുടെ ആദിമനിവാസസ്ഥലത്തു തന്നെയായിരിക്കണം എന്ന നിഗമനത്തിനെ അടിസ്ഥാനമാക്കി ആ ഇടം ഏതായിരിക്കുമെന്നുള്ളതിനെക്കുറിച്ചും ചട്ടമ്പിസ്വാമികള്‍ ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സിംഹളദ്വീപിനു പടിഞ്ഞാറുള്ള ഒരു ഭൂവിഭാഗത്തിലായിരിക്കണം ജീവിവര്‍ഗ്ഗവും മനുഷ്യരും ആദ്യമായി ഉദ്ഭവിച്ചത് എന്ന് അഗസ്ത്യമുനിയുടെ ചില പ്രാചീനകൃതികളെ അടിസ്ഥാനമാക്കി ചട്ടമ്പിസ്വാമികള്‍ സമര്‍ത്ഥിക്കുന്നുമുണ്ട്.

സംസ്കൃതഭാഷയാണ് എല്ലാ ഭാഷകളുടേയും മാതാവ് എന്ന് എല്ലാ ഭാരതീയവിദ്വാന്മാരും ശക്തമായി വിശ്വസിക്കുകയും വാദിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വാദത്തിനെ നിരസിച്ചുകൊണ്ട്, ഭാഷാചരിത്രപരമായി അന്ന് നിലവിലിരുന്ന നിരവധി വിശ്വാസപ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുവാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് സാധിച്ചു എന്നതുതന്നെ അദ്ദേഹത്തിന്റെ അപ്രതിമമായ വിദ്വത്വത്തിനെയും, ആരെയും കൂസാത്ത ആത്മധൈര്യത്തിനെയും എടുത്തുകാണിക്കുന്നു.

സംസ്കൃതത്തിലെയും തമിഴിലെയും അക്ഷരമാല, സന്ധി, ലിംഗം, വചനം, വിഭക്തി, ധാതു എന്നിവയെ സംബന്ധിക്കുന്ന വ്യാകരണനിയമങ്ങളെ താരതമ്യപ്പെടുത്തി അവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളെ എടുത്തുകാണിച്ചിട്ട് തമിഴ് മുതലായ ദ്രാവിഡഭാഷകള്‍ സംസ്കൃതത്തില്‍ നിന്നുണ്ടായവയല്ല എന്നും ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നുണ്ട്.

ഈ ചര്‍ച്ചയുടെ ഭാഗമായി സംസ്കൃതവ്യാകരണത്തിലെ വിഭക്തിപ്രകരണവും, ധാതുപ്രകരണവും അത്യന്തം ലളിതവും സംക്ഷിപ്തവുമായി രണ്ട് അദ്ധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് മലയാളികളായ സംസ്കൃതവിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തികച്ചും സരളമായി ശബ്ദരൂപങ്ങളും, ധാതുരൂപങ്ങളും രൂപപ്പെടുന്നതെങ്ങനെ എന്ന് പാണിനീസൂത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് തന്നെ ഈ രണ്ട് അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ഭാരതീയഭാഷകളുടെ ഉദ്ഭവത്തിനെക്കുറിച്ച് ഗഹനമായ ഒരു പഠനത്തിനു പുതിയൊരു തുടക്കം കുറിക്കുവാന്‍ ഈ കൃതിക്ക് സാദ്ധ്യമാകും എന്നു നമുക്കു വിശ്വസിക്കാം.

ആദിഭാഷ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

4 Responses to “ആദിഭാഷ – ശ്രീ ചട്ടമ്പിസ്വാമികള്‍ Adibhasha by Sri Chattampi Swamikal”

  1. bharateeya says:

    കൃതജ്ഞതയും സമര്‍പ്പണവും

    ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പത്താമത്തെ ഇ-ബുക്കായ ആദിഭാഷ ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ കൂടെ മുഖ്യപങ്ക് വഹിച്ചത് രാജ്മോഹന്‍, രാമു എന്നിവരാണ് എന്ന് നന്ദിപൂര്‍വ്വം അറിയിക്കട്ടെ. “ആദിഭാഷ”യുടെ ഈ ഇ-ബുക്ക് എല്ലാ വായനക്കാര്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

  2. bharateeya says:

    ഭാഷകള്‍ തമ്മിലുള്ള പരസ്പരബന്ധവും സാദൃശ്യങ്ങളും മറ്റും പണ്ഡിതന്മാര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കു പോലും അഭിരുചിയുള്ള ഒരു വിഷയമാണ്. ഈ വിഷയത്തിനെസംബന്ധിച്ച്, എന്നാല്‍ വേറൊരു വീക്ഷണത്തോടെ രചിക്കപ്പെട്ട ഒരു ശ്രദ്ധേയമായ ഗ്രന്ഥമാണ് ശ്രീ. രവിവര്‍മ്മ. എല്‍. ഏ. രചിച്ച “ആര്യദ്രാവിഡഭാഷകളുടെ പരസ്പരബന്ധം” മലയാളഭാഷയില്‍ നിത്യോപയോഗത്തിലിരിക്കുന്ന നൂറുകണക്കിന് ക്രിയാപദങ്ങള്‍ക്ക് സംസ്കൃതഭാഷയിലെ ധാതുക്കളുമായുള്ള സാദൃശ്യവും, ബന്ധവും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

  3. reghu says:

    it is like a sun rise for conveying our rich tradition to the new generation through the latest technology. This type of opening, we missed in the past which led to ignorance and helped a lot in popularizing external cultures and declining our tradition in India.

Leave a Reply