Feed on
Posts
Comments


വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍
2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍
3. പഞ്ചദശി – വിദ്യാരണ്യസ്വാമികള്‍
4. വേദാന്തസാരം – സദാനന്ദ യോഗീന്ദ്രന്‍
5. വേദാന്തപരിഭാഷ – ധര്‍മ്മരാജ അധ്വരീന്ദ്രന്‍
6. ലഘുവാസുദേവമനനം – വാസുദേവന്‍ (ഈ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല)

ഇവയെല്ലാം സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ടവയായതിനാല്‍ ഭാരതമൊട്ടുക്കും സംസ്കൃതത്തിലും, ചിലപ്പോള്‍ ഇവയുടെ പ്രാദേശികഭാഷകളിലുള്ള തര്‍ജ്ജമകളുപയോഗിച്ചും പഠനപാഠനം നടക്കുന്ന പതിവുണ്ട്. മേല്‍ പറഞ്ഞ പ്രകരണഗ്രന്ഥങ്ങള്‍ കൂടാതെ പലരും പ്രാദേശികഭാഷകളില്‍ സ്വതന്ത്രമായി പ്രകരണഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

നിജാനന്ദവിലാസം:കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍ തമിഴില്‍ എഴുതിയ ഒരു വേദാന്തപ്രകരണഗ്രന്ഥത്തിന്റെ മലയാളപരിഭാഷയാണു ചട്ടമ്പിസ്വാമികളുടെ “നിജാനന്ദവിലാസം” എന്നാണ് ഡോ. കെ. മഹേശ്വരന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശ്രീ നിത്യചൈതന്യയതിയുടെ ആമുഖത്തോടുകൂടി പ്രസ്തുത പുസ്തകത്തിന്റെ ഒരു പുതിയ പതിപ്പ് 1978-ല്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ ആമുഖത്തില്‍ ഈ കൃതി തമിഴില്‍ നിന്നുള്ള പരിഭാഷയാണെന്ന കാര്യം സ്മരിച്ചുകാണുന്നില്ല.

ഈ പുസ്തകത്തെക്കുറിച്ച് ശ്രീ നിത്യചൈതന്യയതി ഇപ്രകാരം പറയുന്നു, “ഈ ഒരൊറ്റ കൃതി മനസ്സിലാക്കുന്നതുകൊണ്ടുതന്നെ അവിദ്യ ഒഴിഞ്ഞു പരമാര്‍ത്ഥത്തെ പകല്‍പോലെ കാണുവാനിട വരും”. സംസ്കൃതത്തിലെ വേദാന്തഗ്രന്ഥങ്ങള്‍ക്കുള്ള കാഠിന്യം ഈ കൃതിക്കില്ല. തമിഴിലെ വേദാന്തകൃതിയുടെ പൊതുസ്വഭാവം ലാളിത്യമാണ്. അത് അപ്പാടെ നിലനിര്‍ത്തുവാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് നിജാനന്ദവിലാസത്തില്‍ കഴിഞ്ഞിട്ടുണ്ട്.

നിജാനന്ദവിലാസം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 1

നിജാനന്ദവിലാസം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 2

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

9 Responses to “നിജാനന്ദവിലാസം – ശ്രീ ചട്ടമ്പിസ്വാമികള്‍ (Nijanandavilasam – Sri Chattampi Swamikal)”

  1. bharateeya says:

    കൃതജ്ഞതയും സമര്‍പ്പണവും

    ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന മൂന്നാമത്തെ ഇ-ബുക്കായ നിജാനന്ദവിലാസം ഡിജിറ്റൈസ് ചെയ്യുന്നതില്‍ നല്ലൊരു പങ്ക് വഹിച്ചത് എന്റെ സുഹൃത്തായ രാമുവാണ് എന്ന് കൃതജ്ഞതാപൂര്‍വ്വം അറിയിക്കട്ടെ. ശ്രീശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ അദ്വൈതാചര്യനായിരുന്ന ശ്രീമത് ചട്ടമ്പിസ്വാമികളുടെ ഈ കൃതി മലയാളികളായ എല്ലാ ജിജ്ഞാസുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു.

    ശ്രീ ചട്ടമ്പിസ്വാമികളുടെ നിജാനന്ദവിലാസം ഒരു തമിഴ് കൃതിയുടെ പരിഭാഷയാണോ?

    തിരുനെല്‍വേലിയിലെ ശ്രീ സുന്ദരസ്വാമികള്‍ എന്ന വേദന്തപണ്ഡിതന്‍ രചിച്ച “നിജാനന്ദവിലാസം” എന്ന തമിഴ് കൃതിയുടെ പരിഭാഷയാണ് ചട്ടമ്പിസ്വാമികളുടെ കൃതി എന്ന് ഡോ. മഹേശ്വരന്‍ നായര്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ചില സംശയങ്ങളും വേറെ ചിലര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പലരോടും പലയിടത്തും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയും അവസാനം ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യയില്‍ ഈ തമിഴ് കൃതിയുടെ 50 പേജുകള്‍ മാത്രം കണ്ടെത്തുകയും ചെയ്തു. അതിന്റെ പി.ഡി.എഫ്. ഇവിടെ ലഭ്യമാണ്.

    അതിലെയും ചട്ടമ്പിസ്വാമികളുടേയും കൃതികളിലെ ഉള്ളടക്കം താരതമ്യം ചെയ്തു നോക്കിയപ്പോള്‍ ആദ്യത്തെ 9 അദ്ധ്യായങ്ങളുടെ പേരുകളും, അവയുടെ ക്രമവും ഒത്തുചേരുന്നതായി കണ്ടതിനാല്‍ ചട്ടമ്പിസ്വാമികളുടെ കൃതിയായ നിജാനന്ദവിലാസം മേല്‍പറഞ്ഞ തമിഴ് കൃതിയുടെ പരിഭാഷയാണെന്ന് ഉറപ്പിക്കാം. എന്റെ തമിഴ്ഭാഷാജ്ഞാനം ഏകദേശം ശൂന്യമായതുകൊണ്ട് ചട്ടമ്പിസ്വാമികള്‍ ചെയ്തിരിക്കുന്നത് അതിന്റെ പദാനുപദവിവര്‍ത്തനമാണോ എന്നു നിശ്ചയിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

    ഇതു വായിക്കുന്ന ആരുടെയെങ്കിലും കൈയില്‍ ഈ കൃതി പൂര്‍ണ്ണമായിട്ടുണ്ടെങ്കില്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.

    • Suresh says:

      ശ്രീ ചട്ടമ്പി സ്വാമികളുടെ ‘നിജാനന്ദ വിലാസം’ അതെ പേരിലുള്ള തമിഴ് കൃതിയുടെ യുടെ വിവര്‍ത്തനം തന്നെയന്നു തോന്നുന്നു. വേദാന്തം നന്നായി അറിയുന്ന ഒരു തമിഴ് സുഹൃത്ത്മായി രണ്ടു കൃതികളും താരതമ്യം ചെയ്തുനോക്കി . തമിഴ് കൃതിയില്‍ അവസാന ഭാഗത്ത് പറയുന്ന ഉപാസനകള്‍ , സുബ്രമണ്യ ഉപാസന, രാമചന്ദ്ര ഉപാസന, ഭസ്മ മഹിമ ഇവ മലയാള കൃതിയില്‍ ഇല്ല. പദാനുപദ തര്‍ജ്ജിമ എന്ന് പറയുവാന്‍ സാധിക്കില്ല പക്ഷേ ആശയം ഒന്ന് തന്നെ.

      • bharateeya says:

        സുരേഷ്,
        നിജാനന്ദവിലാസം തമിഴില്‍നിന്നുള്ള പരിഭാഷയാണെന്ന കാര്യം ഉറപ്പുവരുത്തിയതിനു നന്ദി.

  2. Raghunadhan.V. says:

    ശ്രീ ശങ്കരന്‍ ,

    താങ്കളുടെ മഹത് സേവനങ്ങള്‍ക്ക് മുന്നില്‍ നമോവാകം!!!!
    പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ കൃതികള്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുവാനുള്ള താങ്കളുടെ മഹത്തായ പരിശ്രമം പ്രശംസനീയമാണ്.സ്വാമികളുടെ മഹത്തായതും ,പ്രചുരപ്രചാരമില്ലാത്തതുമായ ഒരു കൃതിയാണ് മോക്ഷപ്രദീപ ഖണ്ഡനം.അതും കൂടെ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ ഈ ഉദ്യമം പൂര്‍ണമാകുകയുള്ളൂ.താങ്കള്‍ പരാമര്‍ശിച്ച ലിസ്റ്റില്‍ പ്രസ്തുത കൃതി കാണുകയുണ്ടായില്ല.അതും കൂടെ ഉള്‍പ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു.

    രഘുനാഥന്‍ .വി.
    ദുബായ്‌ .

    • bharateeya says:

      രഘുനാഥന്‍,

      പ്രോത്സാഹനത്തിന് വളരെ നന്ദി.

      ശ്രീ ചട്ടമ്പിസ്വാമികള്‍ മോക്ഷപ്രദീപത്തിന് ഒരു ഖണ്ഡനം രചിച്ചുവെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നുണ്ട്. പക്ഷേ ആരുടെയൊക്കെയോ അപേക്ഷയെ മാനിച്ചുകൊണ്ട് സ്വാമികള്‍ തന്നെ അത് പ്രസിദ്ധീകരിക്കേണ്ടെന്ന് തിരുമാനിച്ചു എന്നാണ് ഡോ. മഹേശ്വരന്‍ നായര്‍ പറയുന്നത്.

      അതിന്റെ കോപ്പി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നാല്‍ അതും കൂടെ സസന്തോഷം ഉള്‍പ്പെടുത്താം.

  3. Raghunadhan.V. says:

    നമസ്തേ ശ്രീ ശങ്കരന്‍ ,

    വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളുടെ മോക്ഷപ്രദീപം വായിച്ച അവസരത്തില്‍ ,ശ്രീ ചട്ടമ്പി സ്വാമികള്‍ അതിനിശിതമായി അതിനൊരു ഖണ്ഡനം എഴുതിയിട്ടുള്ളതായി കേട്ടിരുന്നു.അക്കാലം മുതലേ ഞാന്‍ ആ വിശ്രുത ഗ്രന്ഥം അന്വേഷിച്ചു വരുകയാണെങ്കിലും ഇതുവരെ ലഭ്യമായില്ല.ആധ്യാത്മിക ആചാര്യന്മാര്‍ ഉള്‍പടെയുള്ള ഭാഷാസ്നേഹികളുമായി ബന്ധപ്പെടുമ്പോഴൊക്കെ ഈ പുസ്തകത്തെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.ശ്രേയസ് വെബ് സൈറ്റിലെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഒരിക്കല്‍ എഴുതിയിരുന്നെങ്കിലും ആരും പ്രതികരിച്ചു കണ്ടില്ല.താങ്കളും മറ്റു അഭ്യുദയകാംക്ഷികളും ഈ ശ്രമത്തില്‍ പങ്കു ചേരുകയാണെങ്കില്‍ നമുക്കത് കണ്ടെടുക്കുവാനും ഈ ബ്ലോഗിലൂടെതന്നെ പ്രസിദ്ധീകരിക്കുവാനും കഴിയുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

    രഘുനാഥന്‍ .വി.
    ദുബായ്.

    • bharateeya says:

      രഘുനാഥ്,

      “ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍” എന്ന ഗ്രന്ഥം സമാഹരിച്ചു പ്രസിദ്ധീകരിച്ച ഡോ. കെ. മഹേശ്വരന്‍ നായര്‍ എഴുതിയിരിക്കുന്നത് “മോക്ഷപ്രദീപഖണ്ഡന”ത്തിന്റെ കൈയ്യെഴുത്തുപ്രതി ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ലെന്നാണ്. സ്വാമികളുടെ ഏറ്റവും കുറഞ്ഞത് പതിനഞ്ചു കൃതികളെങ്കിലും ഇതുപോലെ നഷ്ടപ്പെട്ട കൂട്ടത്തിലുണ്ട്. അതെല്ലാം എവിടെയെങ്കിലും ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്. അഥവാ ഉണ്ടെങ്കില്‍തന്നെ ഇത്രയും വര്‍ഷങ്ങളായി കണ്ടുകിട്ടാത്ത മാനുസ്ക്രിപ്റ്റ് ഇനി കിട്ടുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. അതിനുശ്രമിക്കാമെന്നുവച്ചാല്‍ തന്നെ ഞാനും താങ്കളെപ്പോലെ കേരളത്തിനുപുറത്താണ് – ഉത്തരേന്ത്യയില്‍.

      അതിനു സാമര്‍ത്ഥ്യവും, സൗകര്യവുമുള്ള വേറെയാരെങ്കിലും ഇക്കാര്യം നിര്‍വ്വഹിക്കട്ടെ എന്നു കരുതുവാനും, അതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മാത്രമേ ഇപ്പോള്‍ എനിക്കു കഴിയൂ. ഭാവിയില്‍ എനിക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും അറിയുവാന്‍ കഴിഞ്ഞാല്‍ രഥുനാഥിന് എഴുതുകയും ചെയ്യാം.

      ഈ ബ്ലോഗിലും ഞാന്‍ സ്വാമികളുടെ കൃതികളുടെ ഇംഗ്ലീഷ്, സംസ്കൃതം പരിഭാഷകളെക്കുറിച്ച് അറിയുന്നവര്‍ എന്നെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ശരിയായ താത്പര്യമുള്ളവര്‍ ഇക്കാലത്ത് വളരെക്കുറവാണെന്നു തോന്നുന്നു. അല്ലെങ്കില്‍ അവര്‍ ഈ ബ്ലോഗുകളൊന്നും സന്ദര്‍ശിക്കുന്നുണ്ടാവില്ല. എന്തുചെയ്യാം?

      • നിജാനന്ദ വിലാസം തമിഴില്‍ രചിച്ചത് മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ഗുരു കൊടകനല്ലൂര്‍ സുന്ദരം സ്വാമികള്‍ .പുസ്തകം പ്രസിദ്ധീകരിച്ചതും മനോന്മാനീയം .മലയാള മൊഴിമാറ്റവും അതെ സുന്ദരന്‍ പിള്ള
        മനോന്മണീയം തമിഴ് നാടകത്തിലെ “സുന്ദരം സ്വാമികള്‍” ഗുരുവിനെ മാതൃകയാക്കി സുന്ദരന്‍ പിള്ള സൃഷ്ടിച്ച കഥാ പാത്രം .ചട്ടമ്പിസ്വാമികള്‍ സുന്ദരം പിള്ളയുടെ മൊഴിമാറ്റം പകര്‍ത്തി എഴുതിയതാവാം .സുന്ദരന്‍ പിള്ള നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1897 അകാല മരണം പ്രാപിച്ചു .മകന്‍ നടരാജന് അന്ന് പ്രായം ആറു വയസ് .ഭാര്യ ശിവകാമി അമ്മാള്‍ ബാലന്‍ നടരാജനുമായി ആലപ്പുഴയ്ക്ക് പോയി .സുന്ദരന്‍ പില്ലയുടെ ഗ്രന്ഥ ശാലയുടെ താക്കോല്‍ കുഞ്ഞന്‍ കയ്യിലും .നിജാനന്ദ വിലാസം രചനയില്‍ കുഞ്ഞന്‍ പിള്ളയ്ക്ക് കാര്യമായ പങ്കില്ല

        • bharateeya says:

          സര്‍, സുന്ദരം പിള്ളയുടെ നിജാനന്ദവിലാസം പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ? എന്തെങ്കിലും വിവരം ലഭ്യമാണെങ്കില്‍ ദയവായി അറിയിക്കുക. സുന്ദരസ്വാമികള്‍ മനോന്മണീയത്തിലെ ഒരു സങ്കല്പസൃഷ്ടി മാത്രമാണെന്ന് വിശ്വസിക്കുവാന്‍ മതിയായ തെളിവുകളില്ലെന്നാണ് തോന്നുന്നത്. മാത്രമല്ല, കൊടഗനല്ലൂര്‍ സുന്ദരസ്വാമികള്‍ രചിച്ച ഇതരകൃതികള്‍ ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഉദാഹരണത്തിന് അദ്ദേഹം വ്യാഖ്യാനം രചിച്ച ബ്രഹ്മഗീതയുടെ ലിങ്ക് താഴെ ചേര്‍ക്കുന്നു.
          https://archive.org/details/in.ernet.dli.2015.384796
          ഈ പതിപ്പ് 1936-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ഇതു പ്രസിദ്ധീകരിച്ചത് ഒരു സുബ്ബരായസ്വാമികളാണ്. 1879 മുതല്‍ 1936 വരെയുള്ള നീണ്ട കാലയളവില്‍ പലരാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെല്ലാം സുന്ദരംപിള്ളയുടെ സൃഷ്ടികളാണെന്നു തെളിയിക്കുവാന്‍ ഇനിയും തെളിവുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

Leave a Reply