Feed on
Posts
Comments


ശ്രീ തപോവനസ്വാമികള്‍: കേരളത്തിലെ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ചെറുപ്പത്തില്‍ത്തന്നെ നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് സര്‍വ്വസ്വവും വെടിഞ്ഞ് ദേവതാത്മാവായ ഹിമാലയസാനുക്കളിലെത്തിച്ചേര്‍ന്ന് തപശ്ചര്യയുടെയും ജ്ഞാനനിഷ്ഠയുടെയും ഫലമായി “ഹിമവദ്‍വിഭൂതി” എന്ന പേരില്‍ പ്രശസ്തനായ ഒരു മഹാത്മാവായിരുന്നു പൂജ്യശ്രീ തപോവനസ്വാമികള്‍. പൂജ്യസ്വാമികളുടെ കൂടെ വെറും നാലു വര്‍ഷം മാത്രം അന്തേവാസിയായി കഴിഞ്ഞ ബാലകൃഷ്ണന്‍ നായര്‍ എന്ന യുവാവ് ലോകമെങ്ങും ആദ്ധ്യാത്മികനവോത്ഥാനത്തിനു തുടക്കം കുറിച്ച സ്വാമി ചിന്മയാനന്ദനായി രൂപാന്തരം പ്രാപിച്ചത് ശ്രീ തപോവനസ്വാമികളുടെ അമേയമായ ആദ്ധ്യാത്മികമഹത്ത്വത്തിന് ഉത്തമോദാഹരണമാണ്. കഴിഞ്ഞ മൂന്നു തലമുറകളില്‍പ്പെട്ട ആദ്ധ്യാത്മികജിജ്ഞാസുക്കളായ മലയാളികളെല്ലാംതന്നെ ശ്രീ തപോവനസ്വാമികള്‍ വിരചിച്ച ഹിമഗിരിവിഹാരം, കൈലാസയാത്ര എന്നീ യാത്രവിവരണങ്ങളും, ഈശ്വരദര്‍ശനം (അഥവാ തപോവനചരിതം) എന്ന ആത്മകഥയും വായിച്ചു വളര്‍ന്നിട്ടുള്ളവരാണ്.

തപോവനസന്ദേശം: ശ്രീതപോവനസ്വാമികള്‍ മലയാളികളായ ഒരു വിശിഷ്ടദമ്പതികള്‍ക്ക് വാത്സല്യപൂര്‍വ്വം എഴുതിയ 18 കത്തുകളാണ് ഈ ലഘുപുസ്തകത്തിലെ ഉള്ളടക്കം. ഭക്തി, ഉപാസന, ജ്ഞാനം, വൈരാഗ്യം, ത്യാഗം തുടങ്ങിയ ഗഹനമായ വിഷയങ്ങളെപ്പറ്റി ശ്രീ തപോവനസ്വാമികള്‍ തന്റെ സഹജവും ലളിതവുമായ ശൈലിയില്‍ ഈ കത്തുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ കത്തുകളില്‍ ഉടനീളം കാണപ്പെടുന്ന ആദ്ധ്യാത്മികോപദേശങ്ങള്‍ സാധകന്മാര്‍ക്കു പൊതുവെയും, ആദ്ധ്യാത്മികജീവിതം നയിക്കുവാനാഗ്രഹിക്കുന്ന ഗൃഹസ്ഥദമ്പതികള്‍ക്കു വിശേഷിച്ചും പ്രയോജനപ്പെടുന്നവയാണ്.

കടപ്പാട്: ഇതിനകം ഈ ബ്ലോഗിലേയ്ക്ക് നിരവധി ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ സമ്മാനിച്ചിട്ടുള്ള ശ്രീ രഘുനാഥന്‍ജി ദേശമംഗലം ഓംകാരാശ്രമം സന്ദര്‍ശിച്ച അവസരത്തില്‍ ആശ്രമാധിപനായ ശ്രീമദ് നിഗമാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ സമ്മാനിച്ച ദുര്‍ലഭവും, വിശിഷ്ടവുമായ ഈ മഹത്കൃതി ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്കുകയാണെങ്കില്‍ അത് സാധകരും, സജ്ജനങ്ങളുമായ അസംഖ്യം പേര്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതിയതിനാല്‍ ആയതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് സ്വാമിജിയോട് അഭ്യര്‍ത്ഥിയ്ക്കുകയുണ്ടായി. തുടര്‍ന്ന്‍ അദ്ദേഹം പുസ്തകം പ്രകാശനം ചെയ്ത പാലക്കാട് നല്ലേപ്പിള്ളി നാരായണാലയത്തിലെ ശ്രീമല്‍ സന്മയാനന്ദ സരസ്വതി സ്വാമികളുമായി ആയതിനുവേണ്ടി ബന്ധപ്പെടുകയും, തുടര്‍ന്ന് സന്മയാനന്ദസ്വാമികള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി സദയം വാക്കാല്‍ നല്‍കുകയും ചെയ്തു. ശ്രീമല്‍ നിഗമാനന്ദ തീര്‍ത്ഥപാദസ്വാമികളോടും, ശ്രീമല്‍ സന്മയാനന്ദ സരസ്വതി സ്വാമികളോടും, ശ്രീ രഘുനാഥന്‍ജിയോടുമുള്ള നിസ്സീമമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് തപോവനസന്ദേശം ഇ-ബുക്ക്

Tags: , , , , , , , , ,


മാളവികാഗ്നിമിത്രം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും സ്ഥാനം.

കാളിദാസന്‍ വിരചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം എന്നു പറയപ്പെടുന്നു. “മാളവികാഗ്നിമിത്രം” എന്ന പേരിന്റെ അര്‍ത്ഥം “മാളവികയുടെയും അഗ്നിമിത്രന്റെയും കഥ” എന്നാണ്. കാളിദാസന്റെ മറ്റു കൃതികളില്‍നിന്നു ഭിന്നമായി ഈ നാടകത്തിന്റെ പാശ്ചാത്തലം പൗരാണികമല്ല, ഐതിഹാസികമാണ്. ബി.സി.ഇ. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന സുംഗവംശസ്ഥാപകനായ പുഷ്യമിത്രമഹാരാജാവിന്റെ പ്രഥമപുത്രനും ആ രാജവംശത്തിലെ രണ്ടാമത്തെ രാജാവുമായിരുന്ന അഗ്നിമിത്രന്റെ ജീവിതത്തിലെ ഒരു ഇതിവൃത്തമാണ് മഹാകവി കാളിദാസന്‍ മാളവികാഗ്നിമിത്രം എന്ന നാടകത്തിനായി തിരഞ്ഞെടുത്തത്. ഈ കഥ നടക്കുന്ന സമയം തന്റെ പിതാവിന്റെ വിശാലസാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്ന വിദിശയുടെ അധിപനായിരുന്നു അഗ്നിമിത്രന്‍. തന്റെ പട്ടമഹിഷിയായ രാജ്ഞി ധാരിണീദേവിയുടെ പരിചാരികയായ മാളവികയെ ചിത്രത്തില്‍ കണ്ട് അനുരക്തനായ അഗ്നിമിത്രന്‍ മാളവികയെ സ്വന്തമാക്കുവാന്‍ നടത്തുന്ന പ്രയത്നങ്ങളും അതുമായി ബന്ധപ്പെട്ടു കൊട്ടാരത്തില്‍ നടന്ന വിവിധസംഭവങ്ങളും മഹാകവി വളരെ രസകരമായി വര്‍ണ്ണിച്ചിട്ടുണ്ട്. നാടകാന്ത്യത്തില്‍ രാജമഹിഷിയായ ധാരിണീദേവി തന്റെ പ്രാണപ്രിയന്റെ സന്തുഷ്ടിയ്ക്കായി മാളവികയെ സപത്നിയായി സ്വീകരിക്കുകയെന്ന മഹാത്യാഗം അനുഷ്ഠിക്കുന്നതിലൂടെ കഥ ശുഭപര്യവസായിയായി മാറുന്നു.

പ്രസിദ്ധചരിത്രപണ്ഡിതനും ദേശഭക്തനുമായിരുന്ന വീരസവര്‍ക്കര്‍ രചിച്ചിട്ടുള്ള “ഭാരതചരിത്രത്തിലെ ആറു സുവര്‍ണഘട്ടങ്ങള്‍” എന്ന കൃതിയില്‍ വര്‍ണ്ണിച്ചിട്ടുള്ള ആറു സുവര്‍ണകാലഘട്ടങ്ങളിലൊന്ന് പുഷ്യമിത്രനും, അഗ്നിമിത്രനും ഭാരതം ഭരിച്ചിരുന്ന കാലഘട്ടമാണെന്നതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സ്വഭാവവൈശിഷ്ട്യവും, ഭരണസാമര്‍ത്ഥ്യവുമുള്ള അഗ്നിമിത്രമഹാരാജാവിനെ നായകനായി തിരഞ്ഞെടുത്തതിലൂടെ കാളിദാസന്‍ തന്റെ നാടകത്തിനു മാറ്റുകൂട്ടുകയാണു ചെയ്തത്.

കാളിദാസകൃതികള്‍ ഇ-ബുക്ക് പ്രോജക്ട്: മഹാകവി കാളിദാസന്റെ കൃതികള്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം ഡിജിറ്റൈസ് ചെയ്യണമെന്ന് ഈ ബ്ലോഗിന്റെ സന്ദര്‍ശകരും, അഭ്യുദയകാംക്ഷികളും പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. 2011 ജൂലായ് 12-ന് കാളിദാസകൃതികളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന് ആരംഭം കുറിച്ചു. കാളിദാസന്റെ കൃതികള്‍ മുഖ്യമായും ഏഴാണ്.–മൂന്ന് മഹാകാവ്യങ്ങളും, മൂന്നു നാടകങ്ങളും ഒരു ഖണ്ഡകാവ്യവും. അതില്‍ മഹാകാവ്യങ്ങ‍ള്‍ താരതമ്യേന വലുതായതിനാല്‍ തുടക്കത്തില്‍ നാടകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയാണല്ലോ കാളിദാസന്‍ വിരചിച്ച നാടകങ്ങള്‍. അവയില്‍ വിക്രമോര്‍വശീയമാണ് ആദ്യമായി ഡിജിറ്റൈസ് ചെയ്തുതുടങ്ങിയത്. അതിന്റെ ഡിജിറ്റൈസേഷന്‍ ഓഗസ്റ്റ് 21 പൂര്‍ത്തിയാകുകയും, വിക്രമോ‍വശീയം ഇ-ബുക്ക് അന്നുതന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതിനെത്തുടര്‍ന്ന് മാളവികാഗ്നിമിത്രത്തിന്റെയും ടൈപ്പിങ്ങ് രണ്ടാഴ്ചകള്‍ക്കകം മിക്കവാറും പൂര്‍ത്തിയായെങ്കിലും സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിച്ചു പരിശോധിക്കേണ്ടിവന്നതിനാല്‍ പ്രൂഫ് റീഡിങ്ങ് വളരെ മന്ദഗതിയിലാണ് നീങ്ങിയത്. അതുകാരണമാണ് മാളവികാഗ്നിമിത്രം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് ഇത്രയും വൈകിയത്.

മാളവികാഗ്നിമിത്രം ഇ-ബുക്ക്:– മാളവികാഗ്നിമിത്രത്തിന് ഏ. ആര്‍. രാജരാജവര്‍മ്മ രചിച്ചതും 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലയാളപരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. മാളവികാഗ്നിമിത്രത്തിന്റെ പരിഭാഷയോടൊപ്പം ഈ കൃതിയുടെ സംസ്കൃതമൂലം മലയാളലിപിയില്‍ത്തന്നെ നല്കിയിട്ടുണ്ട്. ഭാസന്റെയും ഭവഭൂതിയുടെയും നാടകങ്ങളിലെന്നപോലെ കാളിദാസനാടകങ്ങളിലും വിദൂഷകന്റെയും സ്ത്രീകഥാപാത്രങ്ങളുടെയും സേവകന്മാരുടെയും മറ്റും സംഭാഷണം പ്രാകൃതഭാഷയിലാണ്. അതിന്റെ പരിഭാഷ (സംസ്കൃതച്ഛായ) അതാതു സ്ഥലത്ത് ബ്രാക്കറ്റില്‍ നല്കിയിട്ടുമുണ്ട്.

പ്രാകൃതഭാഷയിലുള്ള ശ്ലോകങ്ങളും സംഭാഷണങ്ങളും ധാരാളമായി ഉള്ളതിനാല്‍ ഇതിന്റെ ടൈപ്പിങ്ങ് വളരെ ദുഷ്കരമായിരുന്നു. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച വിക്രമോര്‍വശീയം ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി ഞങ്ങളെ സദാ പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, വിക്രമോര്‍വശീയം ഇ-ബുക്കിന് സുന്ദരമായ ഒരു കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് മാളവികാഗ്നിമിത്രം ഇ-ബുക്ക്

Tags: , , , , , , , , , , , , , , ,


സംസ്കൃതഭാഷ: ഭാരതീയഭാഷകള്‍ക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയദര്‍ശനവും, സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് സംസ്കൃതഭാഷജ്ഞാനം കൂടിയേ തീരൂ. സംസ്കൃതവ്യാകരണജ്ഞാനം കൂടാതെ സംസ്കൃതം ഭാഷ കൈകാര്യം ചെയ്യുക അസാദ്ധ്യമാണ്. പാരമ്പര്യരീതിയില്‍ സംസ്കൃതപഠനം നടത്തുക ഇന്നത്തെ കാലത്ത് ക്ഷിപ്രസാദ്ധ്യമല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കേരളത്തിലും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും പാരമ്പര്യരീതിയിലുള്ള ഗുരുകുലങ്ങള്‍ നാമാവശേഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് സംസ്കൃതഭാഷാ പഠനത്തിന് ആധുനികരീതിയിലുള്ള ഗൈഡുകള്‍ ആവശ്യമായി വന്നത്. അത്തരത്തില്‍ സംസ്കൃതവ്യാകരണം ആധുനികരീതിയില്‍ പഠിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ട് രചിക്കപ്പെട്ട ഒരു പുസ്തകമാണ് വ്യാകരണമഞ്ജരി.

വ്യാകരണമഞ്ജരി ഇ-ബുക്ക്: ഈ ബ്ലോഗിന്റെ ആദ്യകാലം മുതല്‍ക്കുള്ള പ്രവര്‍ത്തകനും എന്റെ സുഹൃത്തുമായ രാമചന്ദ്രന് (രാമു വേദാന്ത) ഈ പുസ്തകത്തിന്റെ ഒരു പഴയകോപ്പി കിട്ടുകയും, രാമു ഉടനെ വളരെ ശ്രദ്ധയോടെ അതു സ്കാന്‍ ചെയ്ത് പി.ഡി.എഫ്. എനിക്ക് അയച്ചുതരികയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു താളുകള്‍ നഷ്ടമായതിനാല്‍ ഗ്രന്ഥരചയിതാവിന്റെ പേര് അറിയുവാന്‍ സാധിച്ചിട്ടില്ല.

വ്യാകരണമഞ്ജരി ഡിജിറ്റൈസേഷന്‍: രാമുവിന്റെ കൈവശം വന്നുചേര്‍ന്ന വ്യാകരണമഞ്ജരിയുടെ പ്രതി വളരെ പഴയതായതിനാലും അതിലെ പ്രിന്റിംഗ് കുറെയേറെ അവ്യക്തമായതിനാലും, സ്കാന്‍ ചെയ്ത പി.ഡി.എഫ് നോക്കി ഈ പുസ്തകം വായിക്കുവാന്‍ കുറച്ചു പ്രയാസം നേരിടും. അതുകൊണ്ട് ഈ കൃതി ഡിജിറ്റൈസ് ചെയ്താല്‍ക്കൊള്ളാമെന്ന് ആഗ്രഹമുണ്ട്. രാമു ഇതിനകം തന്നെ ഇതിന്റെ ടൈപ്പിങ്ങ് ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. ഈ പ്രോജക്ടില്‍ പങ്കുചേരുവാനാഗ്രഹിക്കുന്നവര്‍ ഈ പോസ്റ്റിനുള്ള കമന്റില്‍ സ്വന്തം സന്നദ്ധത അറിയിക്കുവാന്‍ അപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് വ്യാകരണമഞ്ജരി ഇ-ബുക്ക്

Tags: , , , , , , , ,


മഹാകവി കാളിദാസന്‍: ഭാരതീയകവികളില്‍ മഹാകവി കാളിദാസനു തുല്യരായി ആരുമില്ല എന്നാണ് പണ്ഡിതമതം. ഇതിനെക്കുറിച്ച് സുപ്രസിദ്ധമായ ഒരു ശ്ലോകം കേട്ടിട്ടുണ്ട്.

പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാത്
അനാമികാ സാര്‍ഥവതീ ബഭൂവ

പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും അര്‍ഥമുണ്ട്. ആ വിരലില്‍ എണ്ണാനായി കാളിദാസനു തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേരു സാര്‍ഥകമായി എന്നു സാരം).

വിക്രമോര്‍വ്വശീയം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെ സ്ഥാനം. മഹാരാജാവായ പുരൂരവസ്സും ഉര്‍വ്വശിയെന്ന അപ്സരസ്സും പരസ്പരം പ്രണയബദ്ധരാകുന്നു. കാമുകനില്‍ മനസ്സുറപ്പിച്ചിരുന്ന ഉര്‍വ്വശി സ്വര്‍ലോകത്തിലെ തന്റെ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും തന്മൂലം ശാപമേറ്റ് ഭൂമിയി‍ല്‍ വരുകയും ചെയ്യുന്നു. പുരൂരവസ്സിന്റെ അഭ്യുദയകാംക്ഷിയായ ദേവേന്ദ്രന്റെ അനുഗ്രഹത്താല്‍ അവര്‍ ഒന്നിച്ചുചേരുന്നുവെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ ഉര്‍വ്വശിക്കു വീണ്ടും പുരൂരവസ്സിനെ വിട്ടുപിരിയേണ്ട സ്ഥിതി സംജാതമാകുന്നു. ദേവേന്ദ്രന്റെ അനുഗ്രഹം മൂലം ഈ പ്രതിസന്ധിയെയും അവര്‍ മറികടക്കുന്നു. ഇതാണ് വിക്രമോര്‍വശീയം നാടകത്തിന്റെ ഇതിവൃത്തം. വിക്രമോര്‍വശീയം എന്ന പേരിന്റെ അര്‍ത്ഥം “വിക്രമനായ (ശൂരനായ) പുരൂരവസ്സിന്റെയും ഉര്‍വ്വശിയുടെയും കഥ” എന്നാണ്.

കാളിദാസന്റെ മറ്റു കൃതികളിലെന്നപോലെ പൗരാണികമായ ഒരു കഥയെ എടുത്ത് തന്റെ അനന്യമായ ശൈലിയില്‍ അതിനെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് വിക്രമോര്‍വശീയത്തിലും കവി ചെയ്തിരിക്കുന്നത്. പുരൂരവസ്സിന്റെയും ഉര്‍വ്വശിയുടെയും കഥ അതിപ്രാചീനകാലത്ത് ഋഗ്വേദത്തിലും, പിന്നീട് ദേവീഭാഗവതം, ശ്രീമദ്ഭാഗവതം തുടങ്ങിയ പുരാണങ്ങളിലും, മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിത്രീകരിച്ചിരിക്കുന്നതില്‍നിന്നും വ്യത്യസ്തമായി ശുഭപര്യവസായിയായിട്ടാണ് കാളിദാസന്‍ ഈ നാടകത്തിനെ രചിച്ചിരിക്കുന്നത്.

കാളിദാസകൃതികള്‍ ഇ-ബുക്ക് പ്രോജക്ട്: മഹാകവി കാളിദാസന്റെ കൃതികള്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം ഡിജിറ്റൈസ് ചെയ്യണമെന്ന് ഈ ബ്ലോഗിന്റെ സന്ദര്‍ശകരും, അഭ്യുദയകാംക്ഷികളും പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. 2011 ജൂലായ് 12-ന് കാളിദാസകൃതികളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന് ആരംഭം കുറിച്ചു. കാളിദാസന്റെ കൃതികള്‍ മുഖ്യമായും ഏഴാണ്.–മൂന്ന് മഹാകാവ്യങ്ങളും, മൂന്നു നാടകങ്ങളും ഒരു ഖണ്ഡകാവ്യവും. അതില്‍ മഹാകാവ്യങ്ങ‍ള്‍ താരതമ്യേന വലുതായതിനാല്‍ തുടക്കത്തില്‍ നാടകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയാണല്ലോ കാളിദാസന്‍ വിരചിച്ച നാടകങ്ങള്‍. അവയില്‍ വിക്രമോര്‍വശീയമാണ് ആദ്യമായി ഡിജിറ്റൈസ് ചെയ്തുതുടങ്ങിയത്. വിക്രമോര്‍വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും ടൈപ്പിങ്ങ് രണ്ടാഴ്ചകള്‍ക്കകം മിക്കവാറും പൂര്‍ത്തിയായെങ്കിലും സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിച്ചു പരിശോധിക്കേണ്ടിവന്നതിനാല്‍ പ്രൂഫ് റീഡിങ്ങ് വളരെ മന്ദഗതിയിലാണ് നീങ്ങിയത്. അതുകാരണമാണ് കാളിദാസകൃതികളിലെ ആദ്യത്തെ ഇ-ബുക്കായ വിക്രമോര്‍വ്വശീയം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് ഇത്രയും വൈകിയത്.

വിക്രമോര്‍വശീയം ഇ-ബുക്ക്: വിക്രമോര്‍വശീയത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ചതും 1927-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലയാളപരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. വിക്രമോര്‍വശീയത്തിന്റെ പരിഭാഷയോടൊപ്പം ഈ കൃതിയുടെ സംസ്കൃതമൂലം മലയാളലിപിയില്‍ത്തന്നെ നല്കിയിട്ടുണ്ട്. ഭാസന്റെയും ഭവഭൂതിയുടെയും നാടകങ്ങളിലെന്നപോലെ കാളിദാസനാടകങ്ങളിലും സ്ത്രീകഥാപാത്രങ്ങളുടെയും സേവകന്മാരുടെയും മറ്റും സംഭാഷണം പ്രാകൃതഭാഷയിലാണ്. അതിന്റെ പരിഭാഷ (സംസ്കൃതച്ഛായ) അതാതു സ്ഥലത്ത് ബ്രാക്കറ്റില്‍ നല്കിയിട്ടുമുണ്ട്. ഇതു കൂടാതെ പ്രാകൃതത്തിലുള്ള നിരവധി ശ്ലോകങ്ങള്‍ മലയാളപരിഭാഷയില്‍ കാണുന്നില്ല. ഇതില്‍നിന്നും ഈ ശ്ലോകങ്ങളില്ലാതിരുന്ന ഏതോ ഒരു കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കിയായിരിക്കാം മലയാളപരിഭാഷ നിര്‍വ്വഹിച്ചിട്ടുള്ളത് എന്നേ ഊഹിക്കുവാന്‍ നിവൃത്തിയുള്ളൂ.

പ്രാകൃതഭാഷയിലുള്ള ശ്ലോകങ്ങളും സംഭാഷണങ്ങളും കാളിദാസന്റെ മറ്റു നാടകങ്ങളിലെന്നപോലെ ഈ കൃതിയില്‍ ധാരാളമായി ഉള്ളതിനാല്‍ ഇതിന്റെ ടൈപ്പിങ്ങ് വളരെ ദുഷ്കരമായിരുന്നു. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച വിക്രമോര്‍വശീയം ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി ഞങ്ങളെ സദാ പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, വിക്രമോര്‍വശീയം ഇ-ബുക്കിന് സുന്ദരമായ ഒരു കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

===================================================
മഹാകവി കാളിദാസ വിരചിത വിക്രമോര്‍വശീയം – ഇ-ബുക്ക് പ്രോജക്ടില്‍ പ്രവര്‍ത്തിച്ചവര്‍
20 ആഗസ്റ്റ് 2011

===================================================

1. ശങ്കരന്‍
2. രാമചന്ദ്രന്‍ (രാമു)
3. രാജ്മോഹന്‍
4. സുഗേഷ് ആചാരി
5. രഞ്ജിത് ഗോപാലകൃഷ്ണന്‍
6. ജയതി
7. ഷിബിന്‍ പി.കെ.
8. രഞ്ജന നായര്‍
9. രമേശ് നടരാജന്‍
10. പ്രകാശ് ബാബു
11. വേണുഗോപാല്‍ ടി.ജി.
12. അനീഷ് ഡി.
13. രഘുനാഥന്‍
===================================================

ഡൗണ്‍ലോഡ് വിക്രമോര്‍വ്വശീയം ഇ-ബുക്ക്

Tags: , , , , , , , , , , , , ,


ശ്രീപാദസപ്തതി: കേരളീയരുടെ പ്രിയങ്കരനായ ഭക്തകവിയും, പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ നാരായണഭട്ടതിരി അവസാനകാലത്തു രചിച്ച ഒരു സ്തോത്രരത്നമാണ് ശ്രീപാദസപ്തതി. ഇരുപത്തിയേഴാം വയസ്സില്‍ നാരായണീയം നിര്‍മ്മിച്ച മേല്പത്തൂര്‍ നാല്പതിലേറെ സംവത്സരക്കാലം ശ്രീകൃഷ്ണഭജനവും, ഗ്രന്ഥരചനയുമായി കോഴിക്കോട്ടും, അമ്പലപ്പുഴയിലും മറ്റും കഴിഞ്ഞശേഷം ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി നിയോഗിച്ചതിന്റെ ഫലമായിട്ടാണത്രേ, മുക്തിസ്ഥലമെന്നു സംസ്കൃതത്തില്‍ പറയുന്ന മുക്കോലെച്ചെന്ന് അവിടെ ദേവിയെ ഭജിച്ചും ശിഷ്യന്മാരെ പഠിപ്പിച്ചും ഗ്രന്ഥരചനകളിലേര്‍പ്പെട്ടും പ്രശാന്തജീവിതം നയിച്ചുവന്നു. എഴുപതാം വയസ്സു മുതല്‍ എണ്‍പത്താറു വയസ്സു വരെ മേല്പത്തൂരിന്റെ ജീവിതം മുക്കോലെയായിരുന്നുവെന്നാണ് ഐതിഹ്യം. അവിടെച്ചെന്ന ഉടനെ രചിച്ച സ്തോത്രമാണ് ശ്രീപാദസപ്തതി. മുക്കോല മേലെക്കാവിലെ ഭഗവതിയുടെ ശ്രീപാദം വര്‍ണ്ണിച്ചുകൊണ്ടെഴുതിയ എഴുപതു ശ്ലോകങ്ങളാണ് ഇതിലെ ഉള്ളടക്കം. തന്റെ എഴുപതു വയസ്സിനെ സൂചിപ്പിക്കാനായിരിക്കണം കവി നൂറു ശ്ലോകം തികയ്ക്കാതെ എഴുപതു ശ്ലോകത്തില്‍ സ്തോത്രം പൂര്‍ത്തിയാക്കിയതെന്ന് അനുമാനിക്കപ്പെടുന്നു. എന്തായാലും കാവ്യസൗന്ദര്യവും ഭക്തിരസവും വഴിഞ്ഞൊഴുകുന്ന ഈ സ്തോത്രകൃതി ദേവിഭക്തന്മാര്‍ക്ക് ഒരു അസുലഭമായ അനുഗ്രഹമാണെന്നതില്‍ സംശയമില്ല.

ശ്രീപാദസപ്തതി ഇ-ബുക്ക്: പണ്ഡിതവരേണ്യനായ ശ്രീ കെ. പി. നാരായണ പിഷാരോടിയുടെ വ്യാഖ്യാനത്തോടുകൂടി ശ്രീപാദസപ്തതിയുടെ ഒരു പതിപ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. അതിന്ന് ഔട്ട് ഓഫ് പ്രിന്റ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രസ്തുത പതിപ്പിലെ പരിഭാഷയാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കടപ്പാട്: ഈ ഇ-ബുക്കിന്റെ ഡിജിറ്റൈസേഷനില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, ഇ-ബുക്കിന് മനോഹരമായ കവര്‍ പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും, മറ്റെല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശ്രീപാദസപ്തതി അര്‍ത്ഥസഹിതം ഇ-ബുക്ക്

Tags: , , , , , , ,


സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്.

പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി തങ്ങള്‍ക്കവകാശപ്പെട്ട് രാജ്യം കൈവശപ്പെടുത്തുക എന്നൊരു വഴി മാത്രമേ പാണ്ഡവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ. പാണ്ഡവരുമായി ഒരു യുദ്ധമുണ്ടായാല്‍ തന്റെ പുത്രന്മാര്‍ക്കു സര്‍വ്വനാശം സംഭവിക്കുമെന്നാലോചിച്ച് ധൃതരാഷ്ട്രര്‍ക്ക് മനഃസമാധാനം നഷ്ടപ്പെട്ടു. എന്തിനേറെപ്പറയുന്നു. ഉറക്കം പോലും ഇല്ലെന്നായി. ഇതില്‍നിന്നും ഒരു മോചനം നേടുന്നതിനായി ധൃതരാഷ്ട്രര്‍ തന്റെ ഉറ്റബന്ധുവും ഉപദേഷ്ടാവും ജ്ഞാനിയുമായ വിദുരരെ വിളിച്ചുവരുത്തി. ആ സന്ദര്‍ഭത്തില്‍ വിദുരര്‍ ധൃതരാഷ്ട്രര്‍ക്കു നല്കിയ വിശിഷ്ടമായ ഉപദേശങ്ങളുടെ സംഗ്രഹമാണ് വിദുരനീതി. താനെത്രയൊക്കെ ഉപദേശിച്ചാലും ആത്മജ്ഞാനം നേടാതെ ധൃതരാഷ്ട്രരുടെ ദുഃഖത്തിന് ഒരു അറുതിയുണ്ടാവില്ലെന്നു വിദുരര്‍ക്ക് അറിയാമായിരുന്നു. “തരതി ശോകം ആത്മവിത്” – ആത്മാവിനെ അറിയുന്നവന്‍ ശോകത്തെ മറികടക്കുന്നു – എന്നാണല്ലോ ഉപനിഷത്തിന്റെ സിദ്ധാന്തം. വിദുരര്‍ സ്വയം ആത്മജ്ഞാനിയായിരുന്നിട്ടും ശൂദ്രസ്ത്രീയില്‍ ജനിച്ചവനാകയാല്‍ താന്‍ ധൃതരാഷ്ട്രര്‍ക്ക് ആത്മജ്ഞാനോപദേശം ചെയ്തുകൂടാ എന്നു കരുതി അദ്ദേഹം യോഗശക്തി കൊണ്ട് സനത്കുമാരന്‍ എന്ന മുനിയെ പ്രത്യക്ഷപ്പെടുത്തിയിട്ട് യഥായോഗ്യം സത്കരിച്ചശേഷം ധൃതരാഷ്ട്രര്‍ക്ക് ആത്മജ്ഞാനോപദേശം ചെയ്യുവാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് സനത്കുമാരമുനി (സനത്സുജാതന്‍ എന്നും ഇദ്ദേഹത്തിന് ഒരു പേരുണ്ട്) ധൃതരാഷ്ട്രര്‍ക്കു നല്കിയ ആത്മതത്വോപദേശമാണ് “സനത്സുജാതീയം” എന്ന ഈ കൃതിയുടെ ഉള്ളടക്കം.

ശാങ്കരഭാഷ്യം: ആദി ശങ്കരാചര്യര്‍ രചിച്ചിട്ടുള്ള ഭാഷ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധം പ്രസ്ഥാനത്രയത്തിനുള്ള – ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവയ്ക്കുള്ള – ഭാഷ്യമാണ്. ഇതിനുപുറമേ വിഷ്ണുസഹസ്രനാമം, സനത്സുജാതീയം, ലളിതാത്രിശതീസ്തോത്രം എന്നിവയ്ക്കും ശ്രീശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ഇതില്‍നിന്നുതന്നെ സനത്സുജാതീയത്തിന്റെ മഹത്ത്വത്തിനെക്കുറിച്ചു നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. അദ്വൈതസിദ്ധാന്തത്തിന്റെ മൗലികമായ തത്വങ്ങളെല്ലാം തന്നെ ആചാര്യര്‍ തന്റെ ഭാഷ്യത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. “ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷം സിദ്ധിക്കുകയുള്ളൂ” (ജ്ഞാനാദേവ തു കൈവല്യം), “പ്രമാദമാണു മൃത്യു” (പ്രമാദോ വൈ മൃത്യു). “കര്‍മ്മം ചിത്തശുദ്ധിദ്വാരാ മോക്ഷസാധനമാകുന്നു” (ചിത്തസ്യ ശുദ്ധയേ കര്‍മ്മ, ന തു വസ്തൂപലബ്ധയേ) എന്നീ സിദ്ധാന്തങ്ങള്‍ ആദ്യത്തെ അദ്ധ്യായത്തില്‍ത്തന്നെ ഭാഷ്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ “ജ്ഞാനിക്കു പുനര്‍ജന്മമില്ല” (ന സ പുനരാവര്‍തതേ), “ജീവാത്മാവ് ബ്രഹ്മം തന്നെയാണ്” (ജീവോ ബ്രഹ്മൈവ നാപരഃ) എന്നീ തത്വങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതുകൂടാതെ മോക്ഷത്തെ ഇച്ഛിക്കുന്ന ഒരാള്‍ക്ക് അവശ്യംവേണ്ട സദ്ഗുണങ്ങളും, അയാള്‍ വിഷത്തെയെന്ന പോലെ ഒഴിവാക്കേണ്ട ദോഷങ്ങളെയും കുറിച്ച് സനത്സുജാതീയത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എല്ലാം കൊണ്ടും ഒരു ജിജ്ഞാസുവിന് അത്യന്തം പ്രയോജനപ്പെടുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് സനത്സുജാതീയം.

സനത്സുജാതീയം ഇ-ബുക്ക്: സനത്സുജാതീയം ഇതിനുമുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍തന്നെ ശങ്കരഭാഷ്യത്തിന്റെ പരിഭാഷ അച്ചടിക്കപ്പെട്ടിട്ടുള്ളതായി അറിവില്ല. സനത്സുജാതീയം ശങ്കരഭാഷ്യത്തിന് ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായിരുന്ന മഹോപാധ്യായ ശ്രീ ഗോപാലപിള്ള രചിച്ച മലയാളപരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. ഈ കൃതി ഇതുവരെ അച്ചടിക്കപ്പെടാതിരുന്നതിനാല്‍ ഇതിന്റെ ടൈപ്പിങ്ങിന് ഒരു കൈയ്യെഴുത്തുപ്രതിയാണ് ഉപയോഗിച്ചത്. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച സനത്സുജാതീയത്തിന്റെ ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇ-ബുക്കിനു വളരെ മനോഹരമായ കവര്‍ പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും, ഞങ്ങള്‍ക്കു നിരന്തരം പ്രോത്സാഹനമേകിയിരുന്ന എല്ലാ സഹൃദയരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് സനത്സുജാതീയം ശങ്കരഭാഷ്യം ഇ-ബുക്ക്

Tags: , , , , , , , , , , , , , , ,


ദേവീമാഹാത്മ്യത്തിന്റെ ഒരു ഗദ്യപരിഭാഷ നേരത്തെ തന്നെ ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ പദ്യപരിഭാഷയും ഇ-ബുക്കായി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ദേവീഭക്തര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഈ പുണ്യഗ്രന്ഥത്തിന്റെ മലയാളപദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും ലഭിച്ചത് മലയാളികളേവരുടെയും ഭാഗ്യാതിരേകം കൊണ്ടുമാത്രമാണ്.

കടപ്പാട്: കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്നതും എന്നാല്‍ പിന്നീട് നിന്നുപോയതുമായ “പഞ്ചതന്ത്ര.ഓര്‍ഗ്” (panchathanthra.org) എന്ന സൈറ്റില്‍ ലഭ്യമായിരുന്ന ഈ “ദേവീമാഹാത്മ്യം ഇ-ബുക്ക്” ശ്രീ വിഷ്ണുവാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നത്. ശ്രീ വിഷ്ണുവിനോടും, പഞ്ചതന്ത്ര.ഓര്‍ഗ് സൈറ്റിന്റെ അധികൃതരോടുമുള്ള ഹാര്‍ദ്ദമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഒരു പ്രധാന തിരുത്ത്: ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഈ ദേവീമാഹാത്മ്യം പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെതല്ലെന്നുള്ള വിവരം അടുത്തയിടയ്ക്കു മാത്രമാണ് അറിയുവാന്‍ സാധിച്ചത്. കൊടുങ്ങല്ലൂര്‍ കോവിലകത്തിലെ തന്നെ പ്രശസ്തനായ കൊച്ചുണ്ണിത്തമ്പുരാന്റേതാണ് ഈ പരിഭാഷ എന്നാണ് അന്വേഷണത്തില്‍നിന്നു മനസ്സിലായത്. അതനുസരിച്ച് ഇ-ബുക്കിലും പോസ്റ്റിലും വേണ്ട തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും ഈ തെറ്റു തിരിച്ചറിയുവാന്‍ സഹായിച്ച ശ്രീ വിനോദ് വര്‍മ്മയോട് ഹാര്‍ദ്ദമായ നന്ദി.

ഡൗണ്‍ലോഡ് ഇ-ബുക്ക് – “ദേവീമാഹാത്മ്യം – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍”

Tags: , , , , , , , , , , , , , ,


കേരളത്തിന്റെ പ്രാചീനചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രാമുഖ്യമുള്ള ഒന്നാണ് “കേരളോല്പത്തി“. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചയിതാവും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണ് കേരളോല്പത്തി രചിച്ചത് എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. സംസ്കൃതത്തില്‍ രചിക്കപ്പെട്ട കേരളമാഹാത്മ്യം മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടര്‍ന്ന് എഴുതപ്പെട്ട കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു സംഗ്രഹമാണിതെന്നാണ് അനുമാനിക്കപ്പെടുന്നത്.

നമ്പൂതിരി ബ്രാഹ്മണരുടെയും, മറ്റു ചില ജാതിക്കാരുടെയും കേരളത്തിലേക്കുള്ള വരവും, പിന്നീട് കേരളം വാണിരുന്ന നിരവധി പെരുമാക്കന്മാരെക്കുറിച്ചും, ഭരണകര്‍ത്താക്കളെക്കുറിച്ചുമുള്ള കഥകളും വിവരണങ്ങളും, കേരളത്തിലെ വിവിധജാതികള്‍ക്കായി ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയ വിധിനിഷേധങ്ങളെക്കുറിച്ചുള്ള വിവരണവും ഇതില്‍ കാണുന്നുണ്ട്.

എന്നാല്‍ ഇന്ന് വളരെ സൂക്ഷ്മമായി അറിയുന്ന പല വസ്തുതകള്‍ക്കും നിരക്കാത്ത ചില സംഭവങ്ങളും ഇതില്‍ കാണപ്പെടുന്നതിനാല്‍ ഈ ഗ്രന്ഥത്തിനെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുവാന്‍ ചരിത്രാന്വേഷികള്‍ വിസമ്മതിക്കും എന്നുള്ളതില്‍ സംശയമില്ല. അതേസമയം, കേരളത്തിന്റെയും, കേരളജനതയുടെയും പ്രാചീനമായ സാംസ്കാരികചരിത്രമറിയുന്നതിനുള്ള ഒരു അമൂല്യമായ രേഖയാണ് “കേരളോല്പത്തി” എന്നു പറയാം.

കേരളോല്പത്തി – ഉള്ളടക്കം

1 പരശുരാമന്റെ കാലം
2 പെരുമാക്കന്മാരുടെ കാലം
2.1 ആദ്യ പെരുമാക്കന്മാര്‍
2.2 ബൗദ്ധനായ പെരുമാള്‍
2.3 കുലശേഖരനോളം വാണ പെരുമാക്കന്മാര്‍
2.4 രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം
2.5 കൃഷ്ണരായരുടെയും ചേരമാന്‍ പെരുമാളുടെയും കഥ
2.6 ശങ്കരാചാര്യര്‍ കല്പിച്ച കുലക്രമവിവരം
2.7 ചേരമാന്‍ പെരുമാള്‍ കേരളത്തെ വിഭാഗിച്ചു കൊടുത്തതു
3 തമ്പുരാക്കന്മാരുടെ കാലം
3.1 താമൂതിരി പൊലനാടടക്കിയതു
3.2 കോഴിക്കോട്ട് നഗരം കെട്ടിയത്
3.3 വള്ളുവകോനാതിരിയെ ജയിച്ചതു
3.4 കോഴിക്കോട്ടു മഹത്വം
3.5 പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു
3.6 മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
3.7 ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു.

കേരളോല്പത്തി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക് (ഗൂഗിള്‍ ബുക്സ്)

കേരളോല്പത്തി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക് 2

Tags: , , , , , , , , , ,


ഹിന്ദുക്കളുടെ പരിപാവനമായ ആദ്ധ്യാത്മികഗ്രന്ഥങ്ങളായ നാലു വേദങ്ങളില്‍ ഒന്നാണ് അഥര്‍വ്വവേദം. അഥര്‍വ്വവേദത്തില്‍ 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും, അവയില്‍ ആകെ 5987 മന്ത്രങ്ങളുമാണുള്ളത്. 80 സൂക്തങ്ങള്‍ മാത്രം ഗദ്യത്തില്‍ കാണപ്പെടുന്ന ഈ വേദത്തിലെ മന്ത്രങ്ങള്‍ ഭൂരിഭാഗവും ഛന്ദോബന്ധമാണ്. 1200 – ഓളം മന്ത്രങ്ങള്‍ ഋഗ്വേദത്തിലും അഥര്‍വ്വവേദത്തിലും പൊതുവായി കാണപ്പെടുന്നുണ്ട്. അഥര്‍വണ-ആംഗിരസ പരമ്പരകളില്‍പ്പെട്ട മഹര്‍ഷിമാര്‍ക്കാണ് ഈ വേദത്തിലെ മന്ത്രങ്ങള്‍ അധികവും വെളിപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ വേദം ആദ്യകാലത്ത് “അഥര്‍വ്വാംഗിരസം” എന്നും അറിയപ്പെട്ടിരുന്നു..

വേദങ്ങള്‍ മൂന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഥര്‍വ്വവേദം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. അതുകൊണ്ട് മറ്റു മൂന്നു വേദങ്ങളെപ്പോലെ പവിത്രമല്ല അഥര്‍വ്വവേദം എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്. എന്നാല്‍ ഇത് വാസ്തവമല്ല. വേദങ്ങള്‍ നാലാണ് എന്നതിന് നിരവധി സൂചനകള്‍ ഉപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലുമുണ്ട്. ബൃഹദാരണ്യകം (2.4.10), മുണ്ഡകം (1.1.5), മഹാഭാരതം, വിഷ്ണുപുരാണം എന്നിവയിലും പതഞ്ജലിയുടെ വ്യാകരണമഹാഭാഷ്യത്തിലും, ഋഗ്വേദം (4.48.6) എന്നിവയിലും വേദങ്ങള്‍ നാലാണ് എന്നു എടുത്തുപറയുന്നുണ്ട്. “ത്രയീ” (വേദങ്ങള്‍ മൂന്നാണ്) എന്നതിനെ ഇപ്രകാരം വ്യാഖ്യാനിക്കാം. ഋക്ക്, യജുസ്, സാമം എന്നീ മൂന്നു തരത്തിലുള്ള മന്ത്രങ്ങളാണ് വേദങ്ങളിലുള്ളത് എന്നാണ് ഇതിന്റെ അര്‍ത്ഥം. അഥര്‍വ്വവേദത്തിലെ 10.7.14 മന്ത്രത്തില്‍ ഈ മൂന്നു തരത്തിലുള്ള മന്ത്രങ്ങളെ സൂചിപ്പിക്കുന്നുമുണ്ട്.

രചിക്കപ്പെട്ട കാലം നോക്കുകയാണെങ്കില്‍ ഈ വേദത്തിന് പ്രാചീനത ഒട്ടും കുറവല്ല. ഋഗ്വേദത്തിലെ ഖിലഭാഗങ്ങളും, യജുസ്, സാമവേദങ്ങളുടെ പല ഭാഗങ്ങളും അഥര്‍വ്വവേദവും ഒരേ കാലത്തു രചിക്കപ്പെട്ടവയാണ്. ആദ്ധ്യാത്മികമായ പ്രാധാന്യം കണക്കിലെടുത്താലും അഥര്‍വ്വവേദം മറ്റു മൂന്നു വേദങ്ങളെക്കാള്‍ ഒട്ടും പിന്നിലല്ല. പ്രസിദ്ധമായ ദശോപനിഷത്തിലെ പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം എന്നീ ഉപനിഷത്തുക്കള്‍ അഥര്‍വ്വവേദത്തില്‍ നിന്നുള്ളവയാണ്.

ഗ്രന്ഥകര്‍ത്താക്കള്‍: ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്ന മലയാളികള്‍ക്കേവര്‍ക്കും സുപരിചിതരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവായ ശ്രീ വി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും. ഈ ഗ്രന്ഥകര്‍ത്തൃദമ്പതികള്‍ വേദങ്ങള്‍, പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ദര്‍ശനങ്ങള്‍, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്ക്ക്‌ മൊഴിമാറ്റിയിട്ടുണ്ട്‌. മലയാളസാഹിത്യത്തിന് ഈ സാഹിതീ ഉപാസകര്‍ നല്കിയ സംഭാവന അമൂല്യവും അവിസ്മരണീയവുമാണ്. അഥര്‍വ്വവേദത്തെ സമ്പൂര്‍ണ്ണമായി സരളമായ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന അത്യന്തം ക്ലേശകരമായ കൃത്യമാണ് ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ഡോ. ആര്‍. ലീലാദേവിയും കൂടി സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മഹത്കൃത്യത്തിന് എല്ലാ മലയാളികളും അവരോട് എന്നെന്നും കടപ്പെട്ടിരിക്കും.

കൃതജ്ഞത: “അഥര്‍വ്വവേദം അര്‍ത്ഥസഹിതം” ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുമതി നല്കുകയും, അതിന്റെ സോഫ്റ്റ്കോപ്പി അയച്ചുതരികയും ചെയ്തതിന് ഗ്രന്ഥകര്‍ത്തൃദമ്പതികളുടെ സുപുത്രനായ ശ്രീ. വിഷ്ണുവിനോടുള്ള അസീമമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ.

ഡൗണ്‍ലോഡ് “അഥര്‍വ്വവേദം അര്‍ത്ഥസഹിതം” ഇ-ബുക്ക്

Tags: , , , , , , , , , , , , ,

കര്‍മ്മസിദ്ധാന്തം: ഭാരതീയമായ എല്ലാ ആസ്തികദര്‍ശനങ്ങളും, മതങ്ങളും ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒന്നാണ് കര്‍മ്മസിദ്ധാന്തം. ഒരു ജീവന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ആ ജീവന്‍ വീണ്ടും വീണ്ടും വിവിധ യോനികളില്‍ ജനിക്കുന്നുവെന്നും അനേകം ജന്മങ്ങള്‍ക്കുശേഷം സ്വപ്രയത്നത്തിന്റെയും ഈശ്വരകൃപയുടെയും ഫലമായി കര്‍മ്മബന്ധത്തില്‍ നിന്നു മുക്തനായിത്തീരുന്നു എന്നുമാണ് കര്‍മ്മസിദ്ധാന്തം അനുശാസിക്കുന്നത്.

നാഭുക്തം ക്ഷീയതേ കര്‍മ്മ കല്പകോടി ശതൈരപി (കര്‍മ്മത്തിന്റെ ഫലം എത്ര കല്പങ്ങള്‍ കഴിഞ്ഞാലും അനുഭവിച്ചുതീര്‍ക്കാതെ ക്ഷയിക്കുകയില്ല) അതായത് “താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ”.

“യഥാ ധേനുസഹസ്രേഷു വത്സോ വിന്ദതി മാതരം, തഥാ പുരാ കൃതം കര്‍മ്മ കര്‍ത്താരമനുഗച്ഛതി” എന്ന വ്യാസവചനമനുസരിച്ച് “ഒരു പശുക്കുട്ടി ആയിരക്കണക്കിനു പശുക്കളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന സ്വന്തം തള്ളയെ കണ്ടെത്തി അടുത്തുചെല്ലുന്നതുപോലെ, ഒരുവന്‍ ചെയ്ത കര്‍മ്മങ്ങള്‍ പിന്തുടര്‍ന്നു വന്ന് അവനെ പിടികൂടുന്നു” എന്ന് വ്യക്തമാണ്.

മോക്ഷം എന്ന പരമപുരുഷാര്‍ത്ഥം: മേല്‍പറഞ്ഞ കര്‍മ്മബന്ധനത്തില്‍ നിന്നു മുക്തനാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യമെന്ന് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി സമ്പാദിച്ച്, ഭക്തിപൂര്‍വ്വം ഉപാസനചെയ്തും, യോഗാനുഷ്ഠാനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി, ആത്മജ്ഞാനം സമ്പാദിച്ച് ജീവന്മുക്തനായിത്തീരുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് നമ്മുടെ ശാസ്ത്രങ്ങളെല്ലാം ഐക്യകണ്ഠേന പ്രഖ്യാപിക്കുന്നു. കര്‍മ്മഭൂമിയായ ഈ ലോകത്തില്‍ ഉത്തമമായ മനുഷ്യജന്മം ലഭിച്ചിട്ടും മുക്തിക്കായി യത്നിക്കാത്തവന്‍ അത്യന്തം മൂഢനാണെന്നും ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.

ലബ്ധ്വാ കഥഞ്ചിത് നരജന്മ ദുര്‍ലഭം
തത്രാപി പുംസ്ത്വം ശ്രുതിപാരദര്‍ശനം

യസ്തു ആത്മമുക്തൗ ന യതേത മൂഢധീഃ
സ ഹ്യാത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത്
(വിവേകചൂഡാമണി 4)

“ദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചിട്ടും, ജ്ഞാനസമ്പാദനത്തിനുള്ള അവസരമുണ്ടായിട്ടും സ്വന്തം മുക്തിക്കായി പ്രയത്നിക്കാത്തവനായ മൂഢബുദ്ധിയായവന്‍ അനിത്യങ്ങളായ വസ്തുക്കളെ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത്.”

ഇഹ ചേദവേദീദഥ സത്യമസ്തി ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി (കേനോപനിഷത് 2.5)

“ഈ ജന്മത്തില്‍, ഈലോകത്തില്‍, ഈ മനുഷ്യശരീരത്തില്‍വെച്ചുതന്നെ ബ്രഹ്മത്തിനെ അറിഞ്ഞുവെങ്കില്‍ജീവിതം സത്യമായിത്തീരുന്നു, സഫലമായിത്തീരുന്നു. ഈ ജന്മത്തില്‍, ഈ മനുഷ്യശരീരത്തി‍ല്‍തന്നെ ബ്രഹ്മത്തിനെ അറിഞ്ഞിട്ടില്ലെങ്കി‍ല്‍അത് ഏറ്റവും മഹത്തായ നഷ്ടമാണ് (ജീവിതം വ്യര്‍ത്ഥമായിത്തീരുന്നു). ജ്ഞാനികള്‍ ഓരോ ജീവികളിലും പരമാത്മസ്വരൂപത്തെ ദര്‍ശിച്ചിട്ട് ഈ ലോകത്തെ ത്യജിച്ചിട്ട് അമൃതസ്വരൂപന്മാരായിത്തീരുന്നു” എന്ന് കേനോപനിഷത്തും പറയുന്നു.

ഷോഡശ സംസ്കാരങ്ങളുടെ പ്രസക്തി: മനുഷ്യനെ ഈശ്വരസാക്ഷാത്ക്കാരത്തിന് പ്രാപ്തനാക്കുക എന്നതാണ് സംസ്കാരങ്ങളുടെ ലക്ഷ്യം. സംസ്കാരങ്ങള്‍ അനവധിയുണ്ടെങ്കിലും അവയില്‍ പ്രധാനമായത് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള പതിനാറെണ്ണമാണ്. അവ ഷോഡശ സംസ്കാരങ്ങള്‍ എന്നറിയപ്പെടുന്നു. “ഷോഡശ” എന്ന പദത്തിന്റെ അര്‍ത്ഥം പതിനാറ് എന്നാണ്. മനുഷ്യന്‍ ജനിക്കുന്നത് അജ്ഞാനിയായിട്ടാണ്. വിവിധസംസ്കാരങ്ങളിലൂടെ സംസ്കരിക്കപ്പെടുന്ന അവന്‍ ഒടുവില്‍ ജ്ഞാനസമ്പാദനത്തിന് പ്രാപ്തനാകുകയും തദ്വാരാ മുക്തിനേടുകയും ചെയ്യുന്നു. ഈ സത്യമാണ് സ്കന്ദപുരാണത്തിലെ പ്രശസ്തമായ ഈ ശ്ലോകം വ്യക്തമാക്കുന്നത് “ജന്മനാ ജായതേ ശൂദ്രഃ സംസ്കാരാദ് ദ്വിജ ഉച്യതേ” (സ്കന്ദപുരാണം 6.239.31) – “മനുഷ്യന്‍ ശൂദ്രനായി ജനിക്കുന്നു. സംസ്കാരങ്ങളാല്‍ അവന്‍ ദ്വിജനായിത്തീരുന്നു.” അതായത് സംസ്കാരശൂന്യനായി ജനിക്കുന്ന ഒരു ജീവന്‍ സംസ്കാരങ്ങളിലൂടെ കടന്നുപോയി ദ്വിജനായി (രണ്ടാം ജന്മം ലഭിച്ചവനാണ് ദ്വിജന്‍. ഉപനയനത്തിനുശേഷം ഗുരുവില്‍ നിന്ന് വേദാധ്യയനത്തിനുള്ള ദീക്ഷ ലഭിക്കുമ്പോഴാണ് ഒരുവന് രണ്ടാം ജന്മം ലഭിക്കുന്നത്. അതോടെ അവന്‍ ദ്വിജനായിത്തീരുന്നു). പരമപുരുഷാര്‍ത്ഥമായ മോക്ഷം എന്ന ലക്ഷ്യത്തിനായി നിരന്തരം പ്രയത്നിക്കുവാനും, ആ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുവാനുമുള്ള ശക്തിയും പ്രേരണയും ഈ സംസ്കാരങ്ങള്‍ അവനു നല്കുന്നു. അതുകൊണ്ടു തന്നെ സംസ്കാരങ്ങള്‍ക്ക് അവന്റെ ജീവിതത്തിലുള്ള പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഷോഡശ സംസ്കാരങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഗര്‍ഭാധാനം 2. പുസവനം 3. സീമന്തോന്നയനം 4. ജാതകര്‍മ്മം 5. നാമകരണം 6. നിഷ്ക്രമണം 7. അന്നപ്രാശനം 8. ചൂഡാകര്‍മ്മം 9. കര്‍ണ്ണവേധം 10. ഉപനയനം 11. വേദാരംഭം 12. സമാവര്‍ത്തനം 13. വിവാഹം 14. വാനപ്രസ്ഥം 15. സന്യാസം 16. അന്ത്യേഷ്ടി

ഇന്നു ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. വളരെക്കുറച്ചുപേര്‍ മാത്രമേ ഇതെല്ലാം അനുഷ്ഠിക്കുന്നുള്ളൂ. എങ്കിലും, ഭാരതീയജീവിതപദ്ധതിയെക്കുറിച്ച് ഒരു ഏകദേശരൂപമെങ്കിലും ലഭിക്കുവാന്‍ ഈ സംസ്കാരങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. “വിവാഹം, അന്നപ്രാശനം, നാമകരണം മുതലായവ അന്ധവിശ്വാസ ചടങ്ങുകളല്ലെന്നും ഓരോന്നിനും അതതിന്റേതായ ശാസ്ത്രോക്തപ്രമാണങ്ങളുണ്ടെന്നും യുക്ത്യനുഭവപൂര്‍വ്വം അവ വെളിപ്പെടുത്തീട്ടുള്ളതാണെന്നും പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം കൊണ്ടുദ്ദേശിക്കുന്നത്” എന്നാണ് ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.


ഗ്രന്ഥകര്‍ത്താവ്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ പൂര്‍വ്വാശ്രമത്തിലെ നാമം സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്നായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു വളരെമുമ്പ് 1977-ലാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചത്. വളരെയധികം ജനപ്രീതി നേടിയ ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഷോഡശ സംസ്കാരങ്ങള്‍ക്കു പുറമേ നിരവധി അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ സ്വാമിജി കൈരളിയ്ക്കു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഹിന്ദു ധര്‍മ്മ പരിചയം” എന്ന ഗ്രന്ഥം ഈ ബ്ലോഗില്‍ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമിജിയുടെ ലഘുജീവചരിത്രക്കുറിപ്പ് പി.ഡി.എഫ്. രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ചേര്‍ത്തിട്ടുണ്ട്.

കടപ്പാട്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ ഒരു ഭക്തനായ ശ്രീ രഘുനാഥന്‍ജിയാണ് ഈ ഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ക്കൊള്ളാമെന്ന് ആദ്യമായി എന്നോട് നിര്‍ദ്ദേശിച്ചതും തുടര്‍ന്ന് ഗ്രന്ഥകര്‍ത്താവിന്റെ പൂര്‍വ്വാശ്രമത്തിലെ പുത്രനായ ശ്രീ. പി. വിജയകൃഷ്ണനുമായി കത്തിടപാടുകള്‍ നടത്തി അതിനുള്ള അനുമതിക്കായി ശ്രമിച്ചതും. ഏകദേശം രണ്ടുമാസം മുമ്പുതന്നെ ശ്രീ. പി. വിജയകൃഷ്ണന്‍ “ഷോഡശ സംസ്കാരങ്ങള്‍” ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുമതി സദയം നല്കുകയുണ്ടായി. അതിന് ശ്രീ. പി. വിജയകൃഷ്ണനോടും, രഘുനാഥന്‍ജിയോടുമുള്ള ഹദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ഷോഡശ സംസ്കാരങ്ങള്‍ ഇ-ബുക്ക്

സ്വാമി പരമേശ്വരാനന്ദ സരസ്വതി – ഒരു ജീവചരിത്രക്കുറിപ്പ്

Tags: , , , , , , , , , , , , , ,

« Newer Posts - Older Posts »