“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.
ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആദ്യമായി 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. വളരെനാള്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്ന ഈ അപൂര്‍വ്വകൃതി അടുത്തകാലത്തു കുമാരനാശാന്‍ ദേശീയസാംസ്കാരിക ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച “കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികള്‍” മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു സന്തോഷകരമായ വസ്തുതയാണ്.
രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്: കുമാരനാശാന്റെ “രാജയോഗപരിഭാഷ” ഡിജിറ്റൈസ് ചെയ്യുവാന്‍ കുറെ നാള്‍ മുമ്പു തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ അതിന്റെ കോപ്പി എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് രാജയോഗത്തിന്റെ 1925-ല്‍ കൊല്ലത്ത് വിദ്യാഭിവര്‍ദ്ധിനി പ്രസ്സില്‍ അച്ചടിപ്പിച്ച പതിപ്പിന്റെ ഒരു ഫോട്ടോകോപ്പി ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയായ ശ്രീ ഉണ്ണികൃഷ്ണന് (പന്മന ആശ്രമം) ഋഷീകേശിലുള്ള ഒരു സുഹൃത്തില്‍നിന്ന് അവിചാരിതമായി ലഭിച്ചത്. അദ്ദേഹം അയച്ചുതന്ന ഫോട്ടോകോപ്പിയെ ആധാരമാക്കിയാണ് രാജയോഗം പരിഭാഷയുടെ ഡിജിറ്റൈസേഷന്‍ ചെയ്തിരിക്കുന്നത്. രാജയോഗം മലയാളപരിഭാഷ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടില്‍ പങ്കെടുത്തവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
01. ശങ്കരന്‍
02. രാമചന്ദ്രന്‍ (രാമു)
03. രഞ്ജന
04. രതീശ്കുമാര്‍
05. ചന്ദ്ര എസ്സ്. മേനോന്‍
06. സുഗേഷ് ആചാരി
07. ജയതി
08. ഷിബിന്‍ പി.കെ.
09. രാജ്മോഹന്‍
10. രഘുനാഥന്‍ വി.
11. വിജയകുമാര്‍ കര്‍ത്താ
12. രജനീകാന്ത്
13. കുഞ്ഞുമോന്‍ പി.വി.
14. ശ്യാം എസ്സ്. നായര്‍
കടപ്പാട്: രാജയോഗം പരിഭാഷയുടെ ഫോട്ടോകോപ്പി അയച്ചുതന്ന ശ്രീ ഉണ്ണികൃഷ്ണനോടും, രാജയോഗം ഇ-ബുക്ക് പ്രോജക്ടില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, നിരന്തരം ഞങ്ങള്‍ക്കു പ്രോത്സാഹനമേകിയ എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഡൗണ്‍ലോഡ് രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്
Tags: hinduism, kumaranasan, malayalam ebook, malayalam yoga ebook, rajayayogam malayalam, rajayoga, ramayana malayalam ebook, swam vivekananda, Vedanta, yoga, ആദ്ധ്യാത്മികം, ഇ-ബുക്ക്, കുമാരനാശാന്‍, മലയാളം ഇ-ബുക്ക്, രാജയോഗം ഇ-ബുക്ക്, വിവേകാനന്ദസ്വാമികള്‍, സ്വാമി വിവേകാനന്ദ, ഹിന്ദുമതം
ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam (Parameswari Commentary)
Feb 3rd, 2012 by bharateeya
ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” – (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് –
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ “പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.
ഡൗണ്‍ലോഡ് ഗുരുഗീതാ ഇ-ബുക്ക്
Tags: guru gita; guru geeta; gurugita; guru gita malayalam; guru gita ebook; malayalam commentary, hinduism ebook, Malayalam Ebooks, ആദ്ധ്യാത്മികം, ഇ-ബുക്ക്, ഗുരു ഗീത, ഗുരുഗീത, ഗുരുഗീത ഇ-ബുക്ക്, മലയാളം ഇ-ബുക്ക്, ഹിന്ദുമതം
Posted in Bhakti, free ebook, Gita, Malayalam Ebooks, Sanskrit, Stotra | 14 Comments »