Feed on
Posts
Comments

Isavasya Upanishad Malayalam
ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും.

“ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി
ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ”

ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, നിഷദ് = ഇരിക്കുക) എന്നാണ്. എന്നാല്‍ ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഈ പദത്തിന് നാലു അര്‍ഥങ്ങള്‍ പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം.

ഈശാവസ്യോപനിഷത്തിലെ “ഈശാവാസ്യമിദം സര്‍വ്വം” എന്നു തുടങ്ങുന്ന ആദ്യമന്ത്രം വളരെ പ്രശസ്തമാണല്ലോ. ശുക്ലയജുര്‍വേദത്തിന്റെ അവസാന അദ്ധ്യായത്തിലാണ് 18 മന്ത്രങ്ങള്‍ മാത്രമുള്ള ഈ ഉപനിഷത്തുള്ളത്.

ഈ ഇ-പുസ്തകത്തിന്റെ അവസാനം ശ്രീനാരയണഗുരു രചിച്ച ഈശാവസ്യോപനിഷദ് പദ്യാനുവാദവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അനുവാചകര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്നു കരുതുന്നു.

ഡൗണ്‍ലോഡ്-

Tags: , , , , , , , , , ,

who am i - malayalam
ശ്രീരമണ മഹര്‍ഷി (1879-1950) യുടെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്നപ്പോള്‍ ശ്രീ ശിവപ്രകാശം പിള്ള എന്ന ഭക്തന്റെ 14 ചോദ്യങ്ങള്‍ക്ക് മഹര്‍ഷി നല്കിയ മറുപടികളാണ് ‘Who Am I? (ഞാന്‍ ആരാണ്?) എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥം.

“ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ” മനസ്സിന്റെ സ്വരൂപമെന്താണ്? മനസ്സിനെ എങ്ങനെ അടക്കാം? അതിനുള്ള ഉപായമെന്താണ്? ശാസ്ത്രപഠനം ആവശ്യമാണോ? യഥാര്‍ഥഭക്തി എന്താണ്? എന്താണ് യഥാര്‍ഥ സുഖം? എന്താണു മുക്തി? എന്നിങ്ങനെ ഒരു മുമുക്ഷു അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ശ്രീരമണമഹര്‍ഷിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് sriramanamaharshi.org വെബ്സൈറ്റ് സന്ദര്‍ശിച്ച് നിരവധി ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്.

ഡൗണ്‍ലോഡ്

Tags: , , ,

nitisaram malayalam
സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”.

ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ കരുതുന്നു. ഈ സദുദ്യമത്തില്‍ ഒരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഇത് എല്ലാ മലയാളികള്‍ക്കും, പ്രത്യേകിച്ചും സംസ്കൃതപ്രേമികള്‍ക്ക് ഹൃദ്യമാകുമെന്നു വിശ്വസിക്കുന്നു.

ഡൗണ്‍ലോഡ്

Tags: , , , , , , , , , , , , , ,

cover gita malayalam
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

“എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, പാല്‍ ഗീതാമൃതവും, അതു ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.”

കടപ്പാട്:ശ്രീമദ് ഭഗവദ്ഗീത അര്‍ഥസഹിതം ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യണമെന്ന എന്റെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു. ഇതു ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു. അതിനുപുറമേ, ശ്രീമദ് ഭഗവദ്ഗീത ഇ-ബുക്കിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിനായി, ആദ്യപതിപ്പിന്റെ പ്രൂഫ്റീഡിങ്ങ് വളരെ ഉത്തരവാദിത്തത്തോടെ ഭംഗിയായി നിര്‍വ്വഹിച്ച ശ്രീ. ജി. രാമമൂര്‍ത്തിയോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.

ശ്രീ ഹരി മേനോന്‍ ഡെവലപ് ചെയ്ത ശ്രീമദ് ഭഗവദ്ഗീത ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.

DOWNLOAD LINKS
ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ് ഗീത – മലയാളം (അര്‍ഥസഹിതം) – PDF

ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ്ഗീത – മലയാളം അര്‍ത്ഥസഹിതം – ആന്‍ഡ്രോയ്ഡ് ആപ്പ്

MS Word ഫയലില്‍ ‘രചന’ ഫോന്‍ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ‘രചന’ ഫോന്‍ട് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള കണ്ണി (link) താഴെ ചേര്‍ക്കുന്നു.
http://www.chintha.com/malayalam_font_installation

Tags: , , , , , , , , , , , , ,

jnanappana
കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍

എണ്ണിയെണ്ണിക്കുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ

എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകള്‍ സരസമായ ഭാഷയില്‍ ആവിഷ്കരിക്കാന്‍ പൂന്താനത്തിന് സാധിച്ചത് അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളില്‍ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്.

ഡൗണ്‍ലോഡ്

Tags: , , ,

cover yogasutra malayalam
പതഞ്ജലിമഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്.
ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്.

ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പോലെ യോഗമാര്‍ഗ്ഗവും ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ഉപായമായി എല്ലാ ആചാര്യന്മാരും മുക്തകണ്ഠം പ്രശംസിച്ച് അംഗീകരിച്ചിട്ടുള്ളതാണ്.
ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ ഗീതയില്‍ പലയിടത്തും, ഭാഗവതത്തില്‍ ഉദ്ധവോപദേശത്തിലും യോഗസാധനയുടെ മഹത്ത്വം എടുത്തുപറഞ്ഞിട്ടുണ്ട്. ആത്മാന്വേഷിയായ ഒരു സാധകന് ചിത്തശുദ്ധിയും, ഇന്ദ്രിയജയവും മനോനിയന്ത്രണവും യോഗാനുഷ്ഠാനം കൂടാതെ അസംഭാവ്യമെന്നു തന്നെ പറയാം. ഇവയൊന്നുമില്ലെങ്കില്‍ ജ്ഞാനം കൊണ്ടുതന്നെ പറയത്തക്ക പ്രയോജനമില്ലെന്നു പറയേണ്ടതില്ലല്ലോ. അതു കൊണ്ടുതന്നെ യോഗസാധനകൂടാതെ അദ്ധ്യാത്മാനുഭൂതി പൂര്‍ണ്ണമാക്കുവാന്‍ വിഷമമാണെന്നാണ് അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്.

ഈ ഇ-പുസ്തകം തയ്യാറാക്കുന്നതിനായി മുഖ്യമായും സ്വാമി ജ്ഞാനാനന്ദ സരസ്വതി രചിച്ച “പാതഞ്ജലയോഗദര്‍ശനം” എന്ന ഗ്രന്ഥത്തെയാണ് അവലംബിച്ചിട്ടുള്ളത്. സംശയനിവൃത്തിക്കായി ചിലപ്പോള്‍ വിവേകാനന്ദസ്വാമികളുടെ യോഗസൂത്രവ്യാഖ്യാനവും, വ്യാസവിരചിതമായ ഭാഷ്യവും, ഭോജവൃത്തിയും മറ്റും നോക്കിയിട്ടുണ്ട്.

അനുവാചകര്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

ഡൗണ്‍ലോഡ്

Tags: , , , , , , , , , , , , ,

cover vivekananda sooktangal

അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാ‍ല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളി‍ല്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്.

വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങ‍ള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ സ്വാമിജിയുടെ വീര്യമുറ്റ ആശയങ്ങളാണ്. ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടേണ്ടു എന്നറിയാതെ പരിഭ്രമിച്ചു ഉഴലുന്ന പ്രക്ഷീണ ബുദ്ധികള്‍ക്കു വെളിച്ചവും ധൈര്യവും വീര്യവും നല്കുന്ന ഈ സൂക്തങ്ങള്‍ നിത്യപാരായണത്തിനുള്ള ഒരു പ്രചോദന ഗ്രന്ഥമായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളത് ആശാവഹമായ ഒരു സംഗതിയാണ്.

ശ്രീവിവേകാനന്ദസൂക്തങ്ങളുടെ ഇ-ബുക്ക് തയ്യാറാക്കി ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കിയ എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ് ശ്രീ വിവേകാനന്ദസൂക്തങ്ങള്‍ ഇ-ബുക്ക്

Tags: , , , , , ,

cover narayana guru complete works
ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്.

1. സ്തോത്രങ്ങള്‍
2. ഉദ്ബോധനകൃതികള്‍
3. ദാര്‍ശനികകൃതികള്‍
4. തര്‍ജ്ജമകള്‍
5. ഗദ്യകൃതികള്‍

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌. ഗുരുദേവകൃതികളുടെ പഠനം ഗുരുദേവനെ പൂര്‍ണ്ണമായറിയാന്‍ നമുക്ക് സഹായകമാകുമെന്നു പ്രത്യാശിക്കട്ടെ.

ഡൗണ്‍ലോഡ്

Tags: , , , , , , , , , , , , , , ,

cover atmopadesasatakam
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .

ഡൗണ്‍ലോഡ്

Tags: , , , , , , , , , , ,

tirukkural

ശ്രീ തിരുവള്ളുവര്‍ വിരചിച്ച തിരുക്കുറള്‍ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണ്. തിരുക്കുറള്‍ വിരചിതമായ കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവര്‍ ജീവിച്ചിരുന്നതെന്നും അതല്ല നാലാം നൂറ്റാണ്ടിലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

തമിഴ് മറൈ (തമിഴ് വേദം), തെയ്‌വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലറിയപ്പെടുന്ന തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1330 കുറളുകള്‍ – ഈരടികള്‍ – ആണുള്ളത്. ഇതില്‍ ഓരോ അധ്യായത്തിനും തനതായ വിഷയം സൂചിപ്പിക്കുന്ന പേര് നല്കിയിട്ടുണ്ട് – ദൈവസ്തുതി, സന്ന്യാസം, ധര്‍മ്മം, എന്നിങ്ങനെ. തിരുക്കുറളിനെ അരം, പൊരുള്‍ , ഇന്‍പം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സ്വയം സദാചാരങ്ങളനുഷ്ഠിച്ച്, യഥാശക്തി പരോപകാരം ചെയ്തു കൊണ്ട് മനുഷ്യജന്മം സഫലമാക്കുവാനാണ് തിരുക്കുറള്‍ അനുശാസിക്കുന്നത്. ജാതിമതവര്‍ഗ്ഗഭേദമില്ലാതെ മാനവരാശിക്കു മഴുവന്‍ ആദരണീയവും ആചരണീയവും വിജ്ഞാനപ്രദവുമായ കുറള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ഭാരതീയവും വൈദേശികവുമായ അനേകം ഭാഷകളിലേയ്ക്ക് കുറള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ മഹത്വം വിളിച്ചോതുന്നു.

ഡൗണ്‍ലോഡ്

Tags: , , ,

« Newer Posts - Older Posts »