
ചന്ദ്രഗുപ്തമൗര്യന് ഭാരതത്തിന്റെ ചക്രവര്‍ത്തിസ്ഥാനം നേടിക്കൊടുത്ത കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണനെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുന്‍പ് അഞ്ചാം ശതകം) പലരും അറിയുന്നത്. എന്നാല്‍ ചാണക്യന്‍ അതിലുപരി ഒരു മഹാപണ്ഡിതനും, ധിഷണാശാലിയും, നീതിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു.
മനവേ വാചസ്പതയേ ശുക്രായ പരാശരായ സസുതായ
ചാണക്യായ ച വിദുഷേ നമോഽസ്തു നയശാസ്ത്രകര്‍തൃഭ്യഃ
എന്നുള്ള പഞ്ചതന്ത്രത്തിന്റെ തുടക്കത്തിലുള്ള വന്ദനശ്ലോകത്തില്‍ ചാണക്യനെ എടുത്തുപറഞ്ഞിട്ടുള്ളതിനാല്‍ പഞ്ചതന്ത്രം എഴുതപ്പെട്ട കാലത്തു തന്നെ മനു, വാചസ്പതി, ശുക്രാചാര്യര്‍ എന്നിവരോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു മഹാനായ നയശാസ്ത്രകൃത്തായി ചാണക്യന്‍ വളര്‍ന്നിരുന്നുവെന്നു ന്യായമായും കരുതാവുന്നതാണ്.
കൗടില്യന്‍ എന്ന പേരിലും വിഖ്യാതനായിരുന്ന ചാണക്യന്റെ ഇന്നറിയപ്പെടുന്ന കൃതികള്‍ അര്‍ഥശാസ്ത്രം, ചാണക്യനീതിശാസ്ത്രം എന്നിവയാണ്. അതില്‍ അര്‍ഥശാസ്ത്രം സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കുറെയൊക്കെ നഷ്ടപ്പെടാതെയും, മാറ്റമില്ലാതെയും നമുക്ക് ലഭിച്ചിട്ടുണ്ട്. അത് ഗണപതി ശാസ്ത്രി തുടങ്ങിയ പണ്ഡിതന്മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ ചാണക്യന്റെ നീതിശാസ്ത്രത്തിന് ഇന്ന് ലഭ്യമായ പാഠഭേദങ്ങള്‍ക്ക് കണക്കില്ല. ഒന്നു വേറൊന്നുമായി യാതൊരു ചേര്‍ച്ചയുമില്ലാതെയും, ശ്ലോകസംഖ്യ വളരെയധികം വ്യത്യാസപ്പെട്ടിട്ടുമാണ് ഇവയിലെല്ലാം കാണുന്നത്. ലുഡ്‌വിക് സ്റ്റെന്‍ബാക്ക് (Ludwik Sternbach) എന്ന പാശ്ചാത്യ പണ്ഡിതന്‍ ചാണക്യനീതിയുടെ ലഭ്യമായ പാഠഭേദങ്ങളെയെല്ലാം പഠിച്ച് അവയില്‍ രാജനീതിയുമായി ബന്ധപ്പെട്ടതും, ചാണക്യന്‍ സ്വയം രചിച്ചതായിരിക്കാന്‍ സാദ്ധ്യതയുള്ളതുമായ ശ്ലോകങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് സംശോധനം ചെയ്ത് അതിനെ അഡയാര്‍ ലൈബ്രറി ചാണക്യരാജനീതി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചാണക്യനീതിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ രാജനീതിയെക്കുറിച്ചുള്ള ശ്ലോകങ്ങള്‍ക്കു പുറമെ സാമാന്യ നീതിശ്ലോകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ടും, അത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നു തോന്നിയതിനാലും ഈ ഗ്രന്ഥത്തിലും അത്തരം ശ്ലോകങ്ങളുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗൗഡീയഗ്രന്ഥമന്ദിരം എന്ന വെബ്സൈറ്റില്‍ നിന്നും ലഭിച്ച സംസ്കൃതപാഠത്തെയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. അതിലെ നിരവധി ശ്ലോകങ്ങള്‍ ഒറ്റനോട്ടത്തില്‍തന്നെ പ്രക്ഷിപ്തമാണെന്നു (പിന്നീട് കൂട്ടീച്ചേര്‍ത്തവയാണെന്ന്) തിരിച്ചറിയാവുന്നവയാണ്.
ഉദാഹരണത്തിന് അദ്ധ്യായം 9-8,11,13; അദ്ധ്യായം 10-14,17,18; അദ്ധ്യായം 11-4; അദ്ധ്യായം 12-5; അദ്ധ്യായം 15-8, 13,16; അദ്ധ്യായം 17-9,10 എന്നിവ ചാണക്യരചിതമല്ല എന്ന് സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കാവുന്നതാണ്. സ്ത്രീകളെയും ശൂദ്രന്മാരെയും നിന്ദിച്ചുകൊണ്ടുള്ളതുമായ ശ്ലോകങ്ങള്‍ ക്രാന്തദര്‍ശിയും, ജിതേന്ദ്രിയനുമായിരുന്ന ചാണക്യന്റെ മേല്‍ കെട്ടിവെയ്ക്കുന്നത് അനീതിയാകുമെന്നു തോന്നുന്നു. രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളും പിന്നീട് കൂട്ടിച്ചേര്‍ത്തതായിരിക്കാനാണ് കൂടുതല്‍ സാദ്ധ്യത.
എന്നാലും മേല്‍ പറഞ്ഞ ഗൗഡീയഗ്രന്ഥമന്ദിരം പതിപ്പിലെ പാഠത്തെ തത്ക്കാലം അതുപോലെ ഇതില്‍ നല്കുകയാണ് ചെയ്തിട്ടുള്ളത്. ഇനിയൊരിക്കല്‍ സാധിക്കുമെങ്കില്‍ സംശോധനം ചെയ്ത ഒരു പതിപ്പ് ഇറക്കുവാന്‍ ശ്രമിക്കാമെന്നു വ്യാമോഹിക്കുന്നു.
ഡൗണ്‍ലോഡ് ലിങ്ക്
Tags: chanakya, chanakya niti, niti, raja niti, ആദ്ധ്യാത്മികം, ഇ-പുസ്തകം, ഇ-ബുക്ക്, സംസ്കൃതം, സുഭാഷിതം, ഹിന്ദുമതം