വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ്ഭഗവദ് ഗീത എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാനിടയില്ല. അതേസമയം മതതീവ്രവാദികളാലും, യുക്തിവാദികളാലും, നിരീശ്വരവാദികളാലും മറ്റും ഇത്രയധികം വിമര്‍ശിക്കപ്പെട്ട വേറെയൊരു ഗ്രന്ഥമുണ്ടാകാനുമിടയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ യുക്തിവാദി ആചാര്യനായ ശ്രീ ജോസഫ് ഇടമറുക് “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് ശ്രീമദ് വാഗ്ഭടാനന്ദസ്വാമികളുടെ പുത്രനും പണ്ഡിതവരേണ്യനുമായ ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ലേഖനങ്ങളുടെ സംഗ്രഹമാണ് പിന്നീട് “ഭഗവദ്ഗീതയും ഇടമറുകും” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളികളായ ഹിന്ദുക്കളുടെ മനം കുളിര്‍ത്ത ഒരു വിജ്ഞാനപ്രദവും, പ്രേരണാദായകവുമായ ഈ വിമര്‍ശനഗ്രന്ഥം ഒരിക്കല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇതിനെ ജീവിതാന്ത്യം വരെ വിസ്മരിക്കാനാവില്ല എന്നു പറയാം.
“ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം”, “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നും മറ്റുമുള്ള ശ്ലോകഭാഗങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, “നക്ഷത്രാണാമഹം ശശീ” എന്ന ഗീതാവചനത്തെ ഉദ്ധരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന് ജ്യോതിശ്ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയില്ല എന്നുള്ള ആരോപണത്തിനും ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ നല്കുന്ന വിശദവും യുക്തിയുക്തവുമായ മറുപടി ഒരേ സമയം ജിജ്ഞാസുകള്‍ക്ക് അമൃതവര്‍ഷമായി അനുഭവപ്പെടുകയും വിമര്‍ശകരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ഗീതാവിമര്‍ശനത്തിന് ഇതിലും ഭംഗിയായി ഒരു ഖണ്ഡനഗ്രന്ഥമെഴുതാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഈ ഒരു ഗ്രന്ഥം രചിച്ചതിന് ഹൈന്ദവജനത എന്നെന്നും ശ്രീ ഹര്‍ഷവര്‍ദ്ധനനോട് കടപ്പെട്ടിരിക്കും.
കൃതജ്ഞത
ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ രചിച്ച “ഭഗവദ്ഗീതയും ഇടമറുകും” എന്ന കൃതി ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സസന്തോഷം അനുമതി നല്കിയ ഗ്രന്ഥകര്‍ത്താവിന്റെ പത്നി ലളിതാ ഹര്‍ഷവര്‍ദ്ധനനോടും, പുത്രി അപര്‍ണാ ഗിരീഷിനോടും ഈ ബ്ലോഗ് പ്രവര്‍ത്തകര്‍ അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുകയും അവരുടെ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകമര്‍പ്പിക്കുകയും ചെയ്യുന്നു.
ഗ്രന്ഥകര്‍ത്താവ് എഴുതിയ ആമുഖത്തിലെ ചില പ്രസക്തഭാഗങ്ങള്‍
“ഭഗവദ്ഗീത അനശ്വരമായ ഒരു ധാര്‍മ്മികഗ്രന്ഥമെന്നതുപോലെ ത്തന്നെ, ഒരു ശാസ്ത്രീയഗ്രന്ഥവുമാകുന്നു. മഹാശാസ്ത്രജ്ഞന്മാര്‍ക്ക് അത് വിജ്ഞാനദാഹശമനം നല്‍കി. വേദങ്ങളുടെ സാരതത്വമാണ് ഭഗവദ്ഗീതയില്‍ നാം കാണുന്നത്. അതില്‍ വേദങ്ങളുടെ ഉപാംഗങ്ങളിലെ തത്വങ്ങളും പ്രതിപാദിച്ചു കാണുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം ഈ ആറു ദര്‍ശനങ്ങളും വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു. അതായത് ഈ ആറു സഹായക ശാസ്ത്രങ്ങളും പഠിയ്ക്കാതെ വേദങ്ങള്‍ മനസ്സിലാവുകയില്ല. എന്നാല്‍, ഇവ കടകവിരുദ്ധങ്ങളായ ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളാണെന്ന് വരെ ചില വൈദേശികന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. അങ്ങിനെ ചെയ്തതില്‍ അവര്‍ക്ക് ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ടായിരുന്നു. അത്തരം താഴ്ന്ന നിലവാരത്തിലുള്ള പുസ്തകങ്ങള്‍ പഠിച്ചിട്ടാണ് ചില വിദ്വാന്മാര്‍ ഭാരതീയചിന്തയ്ക്ക് വിശദീകരണം നലിയിട്ടുള്ളത്. അത്തരം പുസ്തകങ്ങള്‍ ഈശ്വരവിശ്വാസികളായ ഗൗതമനേയും (ന്യായദര്‍ശനകര്‍ത്താവ്), കണാദനേയും (വൈശേഷിക ദര്‍ശനകര്‍ത്താവ്), കപിലനെയും (സാംഖ്യദര്‍ശനകര്‍ത്താവ്), നിരീശ്വരവാദികളാക്കി ചിത്രീകരിച്ചു. ചിലര്‍ ഈ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനഗ്രന്ഥങ്ങളായ കാരികകളാണ് ആദ്യമൂണ്ടായതെന്നും, ദര്‍ശനങ്ങള്‍ പിന്നീടാണുണ്ടായതെന്നും സായിപ്പന്മാരുടെ പുസ്തകങ്ങള്‍ പഠിച്ച് വിധി എഴുതി. പുത്രി ജനനിയെ പ്രസവിച്ചു എന്നുപറയുന്നതുപോലെ ഹാസ്യാസ്പദമാണീ ധാരണ. ആദ്യമുണ്ടായത് ദര്‍ശനങ്ങള്‍ തന്നെ, സംശയമില്ല. ഇത്തരം പണ്ഡിതന്മാരുടെ പുറകെ പോയവരുടെ പുറകെ പോയ ഒരു വ്യക്തിയുടെ രചനയാണ്, “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന പുസ്തകം. റിച്ചാര്‍ഡ് ഗാര്‍ബേ, വെബര്‍ തുടങ്ങിയ മതമൗലികന്മാര്‍ ഭാരതീയ ഗ്രന്ഥങ്ങളെ മുന്‍വിധികളുടെ വെളിച്ചത്തില്‍ സ്വച്ഛന്ദമായ അനുമാനങ്ങളിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ഗാര്‍ബെയുടെ അനുമാനങ്ങള്‍ തിരസ്കൃതങ്ങളാണെന്ന് ഡോക്ടര്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ ഭാഷ്യത്തില്‍ ഈ സത്യം തുറന്നുപറഞ്ഞിട്ടുണ്ട്.
“തിരസ്കൃതങ്ങളായ ഈദൃശ ചിന്താഗതികളുടെ ഈറ്റില്ലങ്ങളായ കൃതികള്‍ വായിച്ചുകൊണ്ട് ഇന്ത്യയിലെ പല ഭൗതികവാദികളും തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷിലും, ഹിന്ദിയിലും, മലയാളത്തിലും എന്നുവേണ്ട ഇന്ത്യയിലെ മറ്റുഭാഷകളിലും ഭാരതീയ തത്വചിന്തയെപ്പറ്റി എഴുതിയിട്ടുണ്ട്. മതഫണ്ടമെന്റലിസ്റ്റുകള്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ സാധൂകരിക്കുന്നതിന് ഹൈന്ദവ ഗ്രന്ഥങ്ങളെ കോട്ടിവളച്ചുവെങ്കില്‍, ഭൗതികവാദികള്‍ നിരീശ്വരവാദത്തെയും, തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെയും പ്രചരിപ്പിക്കുന്നതിനുവേണ്ടി ഭാരതീയചിന്തയെ വിരൂപമാക്കി. യുക്തിവാദി ഫണ്ടമെന്റലിസ്റ്റുകള്‍ അതിനെ വികലവും, വികൃതവുമാക്കുവാന്‍ ശ്രമിക്കുകയാണ്. അതിനൊരു മകുടോദാഹരണമാണ് ഇടമറുക് എഴുതിയ “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന കൃതി. ജര്‍മ്മന്‍ പണ്ഡിതനായ ഷ്ളീഗലിന്റെ ഭഗവദ്ഗീത പരിഭാഷ വായിച്ച ജര്‍മ്മന്‍ പണ്ഡിതന്‍ ഹംബോള്‍ട്ട് അതിനെ വാനോളം വാഴ്ത്തി. “It is perhaps the deepest and the loftiest thing the world has to show” (ഒരു പക്ഷേ ലോകത്തിന് കാട്ടുവാന്‍ കഴിയുന്ന ഏറ്റവും അഗാധവും, ഏറ്റവും ഉന്നതവുമായ വസ്തുവാണത് (ഗീത)”, എന്ന് ഹംബോള്‍ട്ട് പറഞ്ഞപ്പോള്‍ മതഫണ്ടമെന്റെലിസ്റ്റുകളായ ആല്‍ബെര്‍ട്ട് വെബര്‍, ലോറിന്‍സര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ക്ക് കലികയറി. അവര്‍ പ്രതികരിച്ചു. വിമര്‍ശനബുദ്ധിയോടെ, അവരെഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ യുവതലമുറക്ക് ഈ കാര്യം വ്യക്തമാകും. പാശ്ചാത്യ പണ്ഡിതന്മാര്‍ എഴുതിക്കൂട്ടിയതെല്ലാം ശരിയാണെന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്ക് ഹൈന്ദവ തത്വചിന്ത എന്നും പരസ്പരവിരുദ്ധങ്ങളായിത്തോന്നും. അത്തരം ഒരു തോന്നലിന്റെ പ്രതിഫലനമാണ് ഇടമറുകിന്റെ ഗീതാവിമര്‍ശനപഠനം.
“ആകാശവാണിയുടെ ഹിന്ദി സംസ്കൃതവിഭാഗത്തില്‍ ജോലിച്ചെയ്യുമ്പോഴാണ്, ഈ കൃതി ഞാന്‍ കാണുവാനിടയായത്. അത് വായിച്ചപ്പോള്‍ എനിക്ക് ദുഃഖം തോന്നി. ഹൈന്ദവതത്വചിന്തയെയും, ചരിത്രത്തേയും ഫണ്ടമെന്റെലിസ്റ്റുകളായ ചില പാശ്ചാത്യ ചരിത്രകാരന്മാര്‍ യഥേഷ്ടം ദ്രോഹിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനുപുറമേ ഇതാ ഒരു കൂനില്‍കുരു. ഒരു മറുപടി എഴുതണമെന്ന് അതു വായിച്ച പലരും എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ ചിലര്‍ ഈ വിമര്‍ശനത്തെ അവഗണിക്കുവാന്‍ പറഞ്ഞു. പണ്ഡിതരും, സഹൃദയരുമായ ചിലര്‍ മറുപടി എഴുതുവാനാണ് എന്നെ പ്രേരിപ്പിച്ചത്. മഹാകവി അക്കിത്തത്തിനെ ഞാന്‍ ആദ്യമായി സ്മരിയ്ക്കട്ടെ.
“അങ്ങിനെ എഴുതിയ മറുപടിയുടെ കയ്യെഴുത്ത് പ്രതി ധര്‍മ്മസ്നേഹിയും, ഗീതാഭക്തനുമായ കേസരി പത്രാധിപര്‍ ശ്രീ. പി.കെ. സുകുമാരന്‍ അവര്‍കളെ ഞാന്‍ കാണിച്ചു. അദ്ദേഹം അത് വായിച്ച് എത്രയും വേഗം പ്രസിദ്ധീകരിയ്ക്കാമെന്ന് എന്നോട് പറഞ്ഞു. അങ്ങിനെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പര സമ്പാദനം ചെയ്തെടുത്തതാണ് “ഭഗവദ്ഗീതയും ഇടമറുകും” എന്ന ഈ കൃതി.”
– ഹര്‍ഷവര്‍ദ്ധനന്‍
ഡൗണ്‍ലോഡ് ഇ-ബുക്ക് – “ഭഗവദ്ഗീതയും ഇടമറുകും – ഹര്‍ഷവര്‍ദ്ധനന്‍”
Tags: atheism, Gita Critique, Gita vimarsana pathanam, Idamaruku, Rejoinder to Gita criticism, ഇ-പുസ്തകം, ഇ-ബുക്ക്, ഇടമറുക്, ഗീതാ വിമര്‍ശനം, ഭഗവദ്ഗീത, യുക്തിവാദം, ഹര്‍ഷവര്‍ദ്ധനന്‍, ഹിന്ദുമതം
ശ്രീമദ് ഭഗവദ് ഗീത – മലയാളം വ്യാഖ്യാനം Srimad Bhagavad Gita Malayalam Commentary
Feb 16th, 2011 by bharateeya
ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം.
മലയാളത്തില്‍ തന്നെ പഴയതും പുതിയതുമായി ശ്രേഷ്ഠങ്ങളായ നിരവധി ഗീതാവ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയിലൊന്നും തന്നെ ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ ആദ്യമായി ഇറങ്ങുന്ന ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ ഇ-ബുക്കാണ് സ്വാമി അഡഗഡാനന്ദജി രചിച്ച “യഥാര്‍ത്ഥ ഗീത“. അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം ഏകദേശം അന്‍പതോളം ഭാഷകളിലായി www.yatharthgeeta.com എന്ന സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള ഇ-ബുക്ക് പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.
ഡൗണ്‍ലോഡ്
Tags: Geeta, Gita Malayalam, Gita Malayalam Commentary, ആദ്ധ്യാത്മികം, ഇ-പുസ്തകം, ഇ-ബുക്ക്, ഹിന്ദുമതം
Posted in Bhakti, free ebook, Gita, Hinduism/Hindu Dharma, Malayalam Ebooks, Vedanta, Yoga | 14 Comments »